Last Updated Date: Mon 02 Aug, 2010 12:05:09
Home | About Us | Contact Us | Classifieds | Advertisement Tariff |
ATTENTION >
 
സമര്‍പ്പണം
മുഖപ്രസംഗം
കേരളീയ ദര്‍പ്പണം
ലേഖനങ്ങള്‍
അഭിമുഖം
അപ്രിയസത്യങ്ങള്‍
കവര്‍ സ്റ്റോറി
മോഹന്‍ലാല്‍
പ്രതികരണങ്ങള്‍
കവിത
കഥ
ഹാസ്യം
കാര്‍ട്ടൂണ്‍
സ്‌പോര്‍ട്‌സ്‌
സിനിമ
ആരോഗ്യം
ശാസ്‌ത്രലോകം
ഓഷോ ലോകം
നമ്മുടെ മന്ത്രിമാര്‍
പഴയ താളുകള്‍
 


 
മോഹന്‍ലാല്‍
Print this page    Email this page   Post Feedback

ക്ട്‌ ഫോര്‍ ഹ്യുമാനിറ്റിയുടെ പ്രചരണ സ്ഥാനപതിയാകുന്നതിന്‌ മുമ്പും ശേഷവും പത്മശ്രീ മോഹന്‍ലാലുമായി ശ്രീ ഇസഹാഖ്‌ ഈശ്വരമംഗലം പല സന്ദര്‍ഭങ്ങളില്‍ നടത്തിയ സൗഹൃദസംഭാഷണങ്ങളില്‍, ഗൗരവമേറിയ പല ചോദ്യങ്ങള്‍ക്കും വളരെ ആഴമേറിയ ഉത്തരം ഇദ്ദേഹം നല്‍കിയിട്ടുണ്ട്‌. പൊതുസമൂഹത്തിന്റെ നിരവധി സംശയങ്ങള്‍ക്കുള്ള വ്യക്തമായ ഉത്തരങ്ങള്‍ ഈ മറുപടികളിലുണ്ട്‌. അതുകൊണ്ടുതന്നെ ലാലേട്ടന്റെ പൂര്‍ണ്ണമായ അനുവാദത്തോടെ ചില പ്രസക്ത ഭാഗങ്ങള്‍ എഡിറ്റ്‌ ചെയ്‌ത്‌ പ്രസിദ്ധീകരിക്കുന്നു. ഇതിലെ പല ഭാഗങ്ങളും www.actwithmohanlal.org എന്ന വെബ്‌സൈറ്റില്‍ ഉപയോഗിച്ചിട്ടുണ്ട്‌.

 

 

 

 

 

 

 

വാനപ്രസ്ഥം

ഈശ്വരമംഗലം :
ലാലേട്ടന്‍ മദ്യത്തിന്റെ പരസ്യത്തില്‍ അഭിനയിച്ചിട്ടുണ്ട്‌. അത്‌ വളരെ വിവാദം ആവുകയും ചെയ്‌തതാണ്‌. മാത്രവുമല്ല സിനിമയില്‍ വര്‍ഗ്ഗീയ ചിഹ്നങ്ങള്‍ ധരിക്കുന്ന ഒരാള്‍ക്ക്‌ എങ്ങിനെയാണ്‌ എല്ലാ മനുഷ്യര്‍ക്കും വേണ്ടി നിലനില്‍ക്കാന്‍ കഴിയുക.

മോഹന്‍ലാല്‍ : അഭിനയം എന്റെ തൊഴിലാണ്‌. ഭൗതികമായി എനിക്കുള്ള പലതും അഭിനയം നല്‍കിയതുമാണ്‌. പക്ഷേ ജീവിതം അഭിനയമല്ല. നിങ്ങള്‍ എന്റെയടുത്ത്‌ എത്തിയതിന്റെ കാരണവും മോഹന്‍ലാലിലെ അഭിനേതാവാണ്‌. അല്ലേ?

ഈശ്വരമംഗലം : വര്‍ഗ്ഗീയ ചിഹ്നങ്ങള്‍ സിനിമയ്‌ക്ക്‌ വേണ്ടി ധരിക്കുന്നത്‌ അങ്ങയുടെ മതേതരത്വ മനോഭാവത്തിന്‌ എതിരല്ലേ?

മോഹന്‍ലാല്‍ : ഞാന്‍ പറഞ്ഞുകഴിഞ്ഞ ഉത്തരത്തില്‍ ഇതിനുള്ള മറുപടിയുണ്ടല്ലോ. പിന്നെന്തിനാണ്‌ ഈ ചോദ്യം?


പരദേശി                          നരസിംഹം                          നാട്ടു രാജാവ്‌

ഈശ്വരമംഗലം : ലാലേട്ടനെയും സ്‌ത്രീകളെയും ബന്ധപ്പെടുത്തി നിരവധി കഥകള്‍ സമൂഹത്തിന്റെ എല്ലാ തട്ടിലുമുണ്ട്‌. ലാലേട്ടനൊപ്പം അഭിനയിച്ച നിരവധി നായികമാരാണ്‌ മിക്ക കഥകളിലെയും കഥാപാത്രങ്ങള്‍. ഇത്തരം കാര്യങ്ങളില്‍ എന്താണ്‌ അങ്ങയുടെ കാഴ്‌ചപ്പാട്‌?

മോഹന്‍ലാല്‍ : (സ്വതസിദ്ധമായ ചിരിയോടെ) മനോഹരമായ ഒരു പൂവ്‌ എവിടെയെങ്കിലും കണ്ടാല്‍ അതിനെ നോക്കാന്‍ കഴിയാത്ത, ഇഷ്ടപ്പെടാന്‍ കഴിയാത്ത ആരെങ്കിലുമുണ്ടെങ്കില്‍ അവര്‍ക്ക്‌ എന്തോ കുഴപ്പമുണ്ട്‌. അവരെ സൈക്കോളജിസ്റ്റിനെ (മനശ്ശാസ്‌ത്രജ്ഞനെ) കാണിക്കണം. എന്നാല്‍, അതു പറിച്ചെടുക്കാന്‍ ശ്രമിക്കുന്ന, അതിനെ ചവിട്ടിയരയ്‌ക്കാന്‍ ശ്രമിക്കുന്നവരെ സൈക്യാട്രിസ്റ്റിനെ (മനോരോഗചികിത്സകന്‍) കാണിക്കണം. ഇതാണെന്റെ കാഴ്‌ചപ്പാട്‌.

ഈശ്വരമംഗലം : മറുപടികളില്‍ ഒരു ആത്മീയ കലര്‍പ്പുണ്ടോ? പഴയ ലാലേട്ടന്റെ മറുപടികള്‍ ഇങ്ങനെ ആയിരുന്നില്ല.

മോഹന്‍ലാല്‍ : എങ്ങിനെയായിരുന്നു എന്നോര്‍ക്കുന്നില്ല. 20 വയസ്സിലെ മോഹന്‍ലാലും 25 വയസ്സിലെ മോഹന്‍ലാലും 35 വയസ്സിലെ മോഹന്‍ലാലും ഇപ്പോഴത്തെ മോഹന്‍ലാലും ഒന്നാകില്ല. ആവാന്‍ പാടില്ല. ചെറിയ കുട്ടിയായിരിക്കുമ്പോള്‍ പഠിക്കുന്നത്‌ സൂര്യന്‍ കിഴക്ക്‌ ഉദിക്കും, പടിഞ്ഞാറ്‌ അസ്‌തമിക്കും എന്നാണ്‌. കുറച്ചു വളരുമ്പോള്‍ പഠിക്കും സൂര്യന്‍ ഉദിക്കുകയും അസ്‌തമിക്കുകയും ചെയ്യുന്നില്ല, ഭൂമി കറങ്ങുന്നതു കൊണ്ട്‌ അങ്ങിനെ നമുക്ക്‌ തോന്നുന്നതാണെന്ന്‌. നമ്മളിത്‌ മനസ്സിലാക്കിയിട്ടും മറ്റുള്ളവര്‍ക്ക്‌ പിന്നെയും ചെറുപ്പത്തില്‍ കിട്ടിയ അറിവ്‌ തന്നെ കൊടുക്കുന്നത്‌ ശരിയാണോ?


ഛോട്ടാ മുംബൈ

ഈശ്വരമംഗലം :
കമല സുരയ്യ, സുകുമാര്‍ അഴീക്കോട്‌ ഉള്‍പ്പെടെയുള്ള പല പ്രമുഖരും അങ്ങേയ്‌ക്ക്‌ 17 ഉം 20 ഉം വയസ്സുള്ള പെണ്‍കുട്ടികളുടെ കൂടെയുള്ള അഭിനയം നിര്‍ത്തിക്കൂടേ എന്ന്‌ ചോദിച്ചിട്ടുണ്ട്‌. എന്താണീ ചോദ്യങ്ങളോടൊക്കെ നിശ്ശബ്‌ദത പാലിക്കാന്‍ കാരണം? തികച്ചും ന്യായമായ ചോദ്യമല്ലേ അത്‌?

മോഹന്‍ലാല്‍ : കഥാപാത്രങ്ങളുടെ പ്രായത്തിനനുസരിച്ചുള്ള നായികമാരെ സൃഷ്ടിക്കുന്നത്‌ ഞാനല്ല. അത്‌ കഥാകൃത്തിന്റെ / തിരക്കഥാകൃത്തിന്റെ ജോലിയാണ്‌. അവര്‍ സൃഷ്ടിക്കുന്നത്‌ മോഹന്‍ലാലിന്റെ നായികയെയോ ഭാര്യയെയോ അല്ല. കഥാപാത്രത്തിന്റെ ജോഡിയെയാണ്‌. മോഹന്‍ലാലിന്റെ പ്രായമായിരിക്കില്ല കഥാപാത്രത്തിന്‌.


തന്മാത്ര

മോഹന്‍ലാല്‍ ഇഷ്ടപ്പെടുന്ന വസ്‌ത്രമോ ഭക്ഷണമോ ആയിരിക്കില്ല, കഥാപാത്രം ഉപയോഗിക്കുന്നത്‌. മോഹന്‍ലാലിനിഷ്ടപ്പെടുന്ന വാഹനവും ചിലപ്പോള്‍ കഥാപാത്രം ഉപയോഗിച്ചെന്നു വരില്ല. ഇത്‌ നടിമാര്‍ക്കും ബാധകമാണ്‌. നടിയുടെ യഥാര്‍ത്ഥ പ്രായത്തില്‍ നിന്ന്‌ ചിലപ്പോള്‍ ഒരുപാട്‌ താഴെയായിരിക്കാം കഥാപാത്രം ആവശ്യപ്പെടുന്ന പ്രായം. ചിലപ്പോള്‍ കൂടുതലുമാകാം. അതായത്‌ മോഹന്‍ലാലിന്റെയോ നടിയുടെയോ പ്രായമല്ല പ്രശ്‌നം. അവതരിപ്പിക്കുന്ന കഥാപാത്രങ്ങളുടെ പ്രായമാണ്‌ പ്രശ്‌നം. പിന്നെ, ഞാന്‍ ചിലപ്പോള്‍ 80 വയസ്സില്‍ 40 കാരനായി അഭിനയിച്ചെന്നു വരാം. അത്‌ എന്റെ ശരീരത്തോടും മനസ്സിനോടും എന്റെ കഴിവിനോടും എനിക്കുള്ള വിശ്വാസമാണ്‌. അത്‌ തകര്‍ക്കാന്‍ ഞാന്‍ തയ്യാറല്ല. തകരാതിരിക്കാന്‍ എന്നെ ഇഷ്ടപ്പെടുന്ന എല്ലാവരും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നുണ്ട്‌. അതൊക്കെയാണെന്റെ ശക്തിയും.


ഉടയോന്‍

ഈശ്വരമംഗലം : ലാലേട്ടന്‍ നിരവധി സ്ഥാപനങ്ങളുടെ അംബാസിഡര്‍ ആണല്ലോ. തികച്ചും വ്യത്യസ്‌തമായ ഒരു പദവി ഞങ്ങള്‍ നല്‍കിയാല്‍ ലാലേട്ടന്‍ സ്വീകരിക്കുമോ? പണമൊന്നും ലഭിക്കുന്ന പരിപാടിയല്ല. തീര്‍ത്തും മനുഷ്യനന്മയ്‌ക്ക്‌ വേണ്ടിയുള്ള ഒരു യത്‌നം.

 

 

 

 

 

മോഹന്‍ലാല്‍ : എന്താണത്‌? കേള്‍ക്കട്ടെ

ഈശ്വരമംഗലം : ഇന്ത്യയില്‍ വ്യാപകമായി തീവ്രവാദം ശക്തിപ്രാപിക്കുന്നുണ്ട്‌. നമ്മുടെ ഗ്രാമങ്ങളില്‍ പോലും സമാധാനം നഷ്ടപ്പെടുത്തുന്ന, മനസ്സിനെ അലട്ടുന്ന വാള്‍പോസ്റ്ററുകളും, ചുമരെഴുത്തുകളും കണ്ടുതുടങ്ങിയിരിക്കുന്നു. മനുഷ്യത്വത്തിന്റെ നിലനില്‍പ്പിനും വീണ്ടെടുപ്പിനും വേണ്ടി പ്രവര്‍ത്തിക്കുന്ന ആക്ട്‌ ഫോര്‍ ഹ്യുമാനിറ്റി എന്ന ഒരു സംഘടനയും ഇതിന്റെ കീഴില്‍ വ്യാപകമായ ബോധവല്‍ക്കരണ പദ്ധതികളും ഞങ്ങളാവിഷ്‌കരിക്കുന്നുണ്ട്‌. ഇതില്‍ പങ്കാളിയാവാന്‍ അങ്ങേയ്‌ക്ക്‌ കഴിയുമോ? അങ്ങനെയെങ്കില്‍ തീവ്രവാദത്തിനെതിരെ ലോകത്തില്‍ തന്നെ ആദ്യമായിരിക്കും ഒരു സെലിബ്രിറ്റി അംബാസിഡര്‍ ആകുന്നത്‌. ഇതില്‍ എന്തു തോന്നുന്നു?

മോഹന്‍ലാല്‍ : സ്ഥാപനങ്ങളുടെ അംബാസിഡര്‍ എന്നത്‌ എന്റെ തൊഴിലുമായി, ഉപജീവനവുമായി ബന്ധപ്പെട്ടതാണ്‌. തീവ്രവാദത്തിനെതിരെ മാത്രമല്ല, ആക്ട്‌ ഫോര്‍ ഹ്യുമാനിറ്റി എന്നല്ലേ സംഘടനയുടെ പേര്‌. അതിന്റെ പ്രവര്‍ത്തനങ്ങളില്‍ ഞാന്‍ സഹകരിക്കാം. പക്ഷേ, നിങ്ങള്‍ ഉദ്ദേശിക്കുന്ന ആശയങ്ങളും അതിന്റെ പ്രവര്‍ത്തനരീതികളും പൂര്‍ണ്ണമായി പഠിക്കാന്‍ എനിക്ക്‌ സമയം വേണം. ഉദ്ദേശ്യം നല്ലതാണെന്ന്‌ തോന്നിയാല്‍ ഞാനുണ്ടാകും. ലോകത്തില്‍ ആദ്യമാണോ, രണ്ടാമതാണോ എന്നൊന്നും നമ്മള്‍ നോക്കാറില്ല. ഞാന്‍ സഹകരിക്കേണ്ടതാണ്‌ എന്ന്‌ തോന്നിയാല്‍, മനസ്സു പറഞ്ഞാല്‍ സഹകരിയ്‌ക്കും.
(രണ്ട്‌ വര്‍ഷങ്ങള്‍ക്കിടയില്‍ നിരവധി കൂടിക്കാഴ്‌ചകളിലൂടെ ആശയവിനിമയങ്ങളിലൂടെ ലാലേട്ടനുമായി കൂടുതലടുക്കുകയും Share for Good, Share for God എന്ന ആശയ അടിത്തറയില്‍ നിന്നുകൊണ്ട്‌ പ്രവര്‍ത്തിക്കാമെന്ന്‌ ഞങ്ങള്‍ തീരുമാനിക്കുകയും ഇതിലേക്കായി ലാലേട്ടന്‍ ആദ്യം നല്‍കിയ സന്ദേശമായിരുന്നു Come back to humanity, Come back to reality, Prevent Terrorism എന്നത്‌. പിന്നീട്‌, ഈ വാക്കുകളില്‍ ഇദ്ദേഹത്തിന്റെ അനുവാദത്തോടെ ചില തിരുത്തലുകള്‍ നടത്തി ആ സ്ലോഗന്‍ ഇങ്ങനെയാക്കി - Come back to humanity, Realise the reality, Prevent Terrorism.)

ഈശ്വരമംഗലം : ലാലേട്ടാ, പലപ്പോഴും ഞാന്‍ സംസാരിക്കുകയും ലാലേട്ടന്‍ കേട്ടിരിക്കുകയുമായിരുന്നു. ഇപ്പോള്‍ ആക്ട്‌ ഫോര്‍ ഹ്യുമാനിറ്റിയുടെ പ്രചരണ സ്ഥാനപതിയായി നില്‍ക്കാന്‍ തീരുമാനിക്കുകയും ചെയ്‌തു. എന്താണ്‌ ഇങ്ങനെയൊരു തീരുമാനമെടുക്കാനുണ്ടായ പ്രധാന കാരണം. അങ്ങേയ്‌ക്കറിയാം ഞങ്ങളുടെ കൈവശം പണമായി ഒന്നുമില്ലായെന്ന്‌. ഒത്തിരി സമയവും ബുദ്ധിമുട്ടുകളും ഇത്തരമൊരു പ്രവര്‍ത്തിക്കുവേണ്ടി മാറ്റി വയ്‌ക്കേണ്ടിവരും സഹിക്കേണ്ടി വരും എന്ന്‌ മനസ്സിലാക്കാനുള്ള വിവേകവും താങ്കള്‍ക്കുണ്ട്‌. എന്നിട്ടും എന്താണ്‌ അങ്ങയെ ഇങ്ങനെയൊരു തീരുമാനത്തിന്‌ പ്രേരിപ്പിച്ച ഘടകം?

മോഹന്‍ലാല്‍ : കണ്ണ്‌ തുറന്ന്‌ നോക്കിയാല്‍, മനസ്സിനെ തുറന്ന്‌ പിടിച്ചാല്‍ എല്ലാവര്‍ക്കും കാണാവുന്ന കാരണങ്ങള്‍ അല്ലാതെ പ്രത്യേകിച്ച്‌ കാരണങ്ങളൊന്നും എടുത്ത്‌ പറയാനില്ല. നന്‍മയും സഹജീവിസ്‌നേഹവും പഠിപ്പിക്കുന്നുണ്ട്‌ എനിക്കറിയാവുന്ന എല്ലാ മതങ്ങളും. പക്ഷെ, മതാനുയായികള്‍ ആവട്ടെ പരസ്‌പരം കൊല്ലുന്നു. നിര്‍ദ്ദയമായി.... നിഷ്‌ഠൂരമായി...
നോക്കൂ, ആരാധനാലയങ്ങളിലൊക്കെ എന്തു തിരക്കാണ്‌? ധ്യാനങ്ങള്‍, പൂജകള്‍, പ്രഘോഷണങ്ങള്‍, യാഗങ്ങള്‍..... വിവിധ മതക്ഷേത്രങ്ങളില്‍ ഇത്രയേറെ ആളുകള്‍ ഇന്ന്‌ പ്രാര്‍ത്ഥനയ്‌ക്കെത്തിയിട്ടും സമസ്‌തജനങ്ങളും സുഖമനുഭവിക്കുന്ന ഒരു ലോകം ഉണ്ടാകേണ്ടതല്ലേ? എന്നാല്‍ അതല്ലല്ലോ സംഭവിക്കുന്നത്‌. ഇത്തരം ചിന്തകളൊക്കെ എന്നെയും അലട്ടിയിരുന്നു. ആരെങ്കിലുമൊക്കെ എന്തെങ്കിലുമൊക്കെ അത്ഭുതങ്ങള്‍ പ്രവര്‍ത്തിച്ച്‌ എല്ലാം നേരെയാക്കിക്കൊള്ളും എന്ന്‌ വിശ്വസിച്ച്‌ വെറുതെയിരിക്കുന്നതിന്‌ പകരം നമുക്ക്‌ കഴിയുന്നത്‌ നമ്മളെല്ലാം ചെയ്യുക...

ഈശ്വരമംഗലം : `ആ പരസ്യം കണ്ടതുകൊണ്ട്‌ മാത്രം മലയാളികള്‍ മദ്യപാനികളാവുകയില്ല' എന്ന്‌ നമ്മുടെ തന്നെ കോഴിക്കോട്‌ പത്രസമ്മേളനത്തില്‍ ലാലേട്ടന്‍ പറയുകയുണ്ടായല്ലോ. അങ്ങനെയെങ്കില്‍ ലാലേട്ടന്‍ തീവ്രവാദവിരുദ്ധ സന്ദേശം നല്‍കിയത്‌ കൊണ്ട്‌ കേരളത്തില്‍ തീവ്രവാദം ഇല്ലാതാകുമെന്ന്‌ തോന്നുന്നുണ്ടോ?

മോഹന്‍ലാല്‍ : ശരിയാണ്‌. ആ പരസ്യം കണ്ടതുകൊണ്ട്‌ കൂടുതല്‍ മലയാളികള്‍ മദ്യപാനികളാവുമോ? ഞാന്‍ മോഹന്‍ലാല്‍, ഞാനീ മദ്യമാണ്‌ കഴിക്കുന്നത്‌.. നിങ്ങളും ഇത്‌ കഴിക്കൂ... എന്നല്ല ആ പരസ്യത്തില്‍ പറഞ്ഞത്‌. പക്ഷേ നമ്മുടെ കാര്യത്തില്‍ (ആക്ട്‌ ഫോര്‍ ഹ്യുമാനിറ്റി) ഞാന്‍ മോഹന്‍ലാല്‍, ഞാനുമുണ്ട്‌ കൂടെ.. നിങ്ങളും വരൂ എന്നാണ്‌ പറയുന്നത്‌. പിന്നെ കേരളത്തില്‍ തീവ്രവാദം ഇല്ലാതാകുമോയെന്ന്‌ ചോദിച്ചാല്‍, ആഗ്രഹമുണ്ട്‌. പക്ഷേ അതു ഞാന്‍ പറഞ്ഞതുകൊണ്ട്‌ മാത്രം നടക്കില്ലല്ലോ. നമ്മളെക്കൊണ്ട്‌ കഴിയുന്നത്‌ ചെയ്യുന്നു. നമ്മള്‍ തുടങ്ങിവെക്കുന്നു. എല്ലായിടത്തും ഇതുപോലുള്ള മുന്നേറ്റങ്ങളുണ്ടാവാന്‍ പ്രേരണയാകുക, അതിനായി പ്രാര്‍ത്ഥിക്കുക. അതൊക്കെ നമ്മളെക്കൊണ്ട്‌ ചെയ്യാന്‍ കഴിയുന്നുണ്ടല്ലോ.... അത്‌ നല്ലതല്ലേ? ലോകത്തിന്റെ ദാരുണവും ഭയാനകവുമായ വിനാശത്തിലേക്കുള്ള ഈ പോക്ക്‌ തടയുവാന്‍ നമുക്ക്‌ ചെയ്യുവാന്‍ കഴിയുന്നത്‌ ചെയ്യേണ്ടതല്ലേ?

ഈശ്വരമംഗലം : (ഈ ചോദ്യം സാഗര്‍ ഏലിയാസ്‌ ജാക്കി റീലോഡഡ്‌ എന്ന സിനിമയുടെ ലൊക്കേഷനില്‍ വച്ചാണ്‌) കുറച്ച്‌ മാസങ്ങള്‍ക്ക്‌ മുന്‍പ്‌ ഇറങ്ങിയ മാധ്യമം ആഴ്‌ചപ്പതിപ്പില്‍ പി.കെ.ശ്രീകുമാര്‍ `തീവ്രവാദ വിരുദ്ധതയുടെ ബ്രാന്റ്‌ അംബാസിഡര്‍' എന്ന പേരിലെഴുതിയ ലേഖനത്തില്‍ ``ആദിമദ്ധ്യാന്തകാലം തൊട്ട്‌ താമരച്ചേട്ടന്‍മാരുടെ ഹൈന്ദവപൈതൃകത്തിന്റെ പക്കാ ബ്രാന്റ്‌ അംബാസിഡറായി സംഘപരിവാര്‍ ഏറ്റെടുത്ത നായകനാണ്‌ മോഹന്‍ലാല്‍'' എന്ന്‌ സമര്‍ത്ഥിക്കുന്നുണ്ട്‌. ഉദാഹരണമായി ദേവാസുരം, ആറാം തമ്പുരാന്‍ തുടങ്ങിയ സിനിമകളെക്കുറിച്ചും സൂചിപ്പിച്ചിട്ടുണ്ട്‌. ഈ ലേഖനത്തെ സംബന്ധിച്ച്‌ ലാലേട്ടന്റെ പ്രതികരണം അന്ന്‌ എഴുതി നല്‍കാന്‍ ഞാനാവശ്യപ്പെട്ടിട്ടും തന്നില്ല. ``ലാലിന്‌ മറുപടിയില്ലാത്തതുകൊണ്ടാണോ പ്രതികരിക്കാതിരുന്നത്‌'' എന്ന്‌ അപൂര്‍വ്വം ചിലര്‍ എന്നോട്‌ ചോദിച്ചിരുന്നു. ഇപ്പോള്‍ ആക്ട്‌ വിത്ത്‌ മോഹന്‍ലാല്‍ വെബ്‌സൈറ്റ്‌ സന്ദര്‍ശിച്ച്‌ ഇമെയിലുകളയയ്‌ക്കുന്ന ചിലരും ഈ ലേഖനത്തെ പരാമര്‍ശിക്കുന്നുണ്ട്‌. (ചില മെയിലുകളുടെ പ്രിന്റ്‌ ലാലേട്ടന്‍ പരിശോധിക്കുന്നു)

മോഹന്‍ലാല്‍ : ഈ ലേഖനം ആ സമയത്തുതന്നെ നിങ്ങള്‍ എന്റെ ശ്രദ്ധയില്‍ പെടുത്തിയിരുന്നത്‌ ഞാനോര്‍ക്കുന്നുണ്ട്‌. എന്നാല്‍ എനിക്കത്‌ വായിച്ചപ്പോള്‍ മറുപടി അര്‍ഹിക്കുന്നതായി തോന്നിയില്ല. ഒരു എഴുത്തുകാരന്‍ (!?) സിനിമകളിലെ കഥാപാത്രങ്ങളില്‍ മോഹന്‍ലാലിനെ കണ്ടതെങ്ങനെയെന്നറിയില്ല. ദേവാസുരത്തില്‍ `ഞാന്‍' ഇല്ല. നീലകണ്‌ഠനാണ്‌ ഉള്ളത്‌. ആറാം തമ്പുരാനിലും `ഞാന്‍' ഇല്ല. അതില്‍ ജഗന്നാഥനാണ്‌ ഉള്ളത്‌. ഇത്‌ രണ്ടും കഥാപാത്രങ്ങളാണ്‌. ഇതൊന്നും മനസ്സിലാക്കാന്‍ സാധിക്കാത്തവരോട്‌ നമ്മളെന്ത്‌ മറുപടി പറയാനാണ്‌. സിനിമയില്‍ നല്ല അഭിനേതാവാകുക എന്നതാണ്‌ എന്റെ ഉത്തരവാദിത്വം. ഇതു തന്നെയാണ്‌ എല്ലാവര്‍ക്കുമുള്ള എന്റെ മറുപടി.

``സര്‍, ഷോട്ട്‌ റെഡി'' അസി.ഡയറക്ടര്‍ ബോസ്‌ വന്ന്‌ വിളിച്ചപ്പോള്‍ അദ്ദേഹം എഴുന്നേറ്റു. അല്‍പനിമിഷങ്ങള്‍ക്ക്‌ ശേഷം ഞങ്ങള്‍ കണ്ടത്‌ ലാലേട്ടനെയായിരുന്നില്ല. തനിക്കു മാത്രം കഴിയുന്ന പരകായപ്രവേശത്തിലൂടെ സാഗര്‍ ഏലിയാസ്‌ ജാക്കിയായി അദ്ദേഹം മാറിയിരുന്നു. തല്‍ക്കാലത്തേക്ക്‌ ഞങ്ങള്‍ വിടപറഞ്ഞു .

പത്മ ശ്രീ മോഹന്‍ലാലിനു സന്ദേശം  അയക്കാനും,അദ്ദേഹവുമായി കൂടുതല്‍ അടുക്കുന്നതിനും ഈ വെബ്‌ സൈറ്റ് നിങ്ങളെ സഹായിക്കും, ഇതു അദ്ദേഹത്തിന്റെ  ബ്ലോഗാണ്‌  : www.mohanlal.co.in


<< Back to List

 

Advertise domain names




 

Home | About Us | Contact Us | Classifieds
User Agreement | Privacy Policy | Copyright Policy Copyright Keraleeyam 2008 All Rights Reserved.

Use of this site is subject to express terms of use, which prohibit commercial use of this site. By continuing past this page, you agree to abide by these terms.