Last Updated Date: Mon 02 Aug, 2010 12:05:09
Home | About Us | Contact Us | Classifieds | Advertisement Tariff |
ATTENTION >
 
സമര്‍പ്പണം
മുഖപ്രസംഗം
കേരളീയ ദര്‍പ്പണം
ലേഖനങ്ങള്‍
അഭിമുഖം
അപ്രിയസത്യങ്ങള്‍
കവര്‍ സ്റ്റോറി
മോഹന്‍ലാല്‍
പ്രതികരണങ്ങള്‍
കവിത
കഥ
ഹാസ്യം
കാര്‍ട്ടൂണ്‍
സ്‌പോര്‍ട്‌സ്‌
സിനിമ
ആരോഗ്യം
ശാസ്‌ത്രലോകം
ഓഷോ ലോകം
നമ്മുടെ മന്ത്രിമാര്‍
പഴയ താളുകള്‍
 


 
ആരോഗ്യം
Print this page    Email this page   Post Feedback

വേദനരഹിതമായ ശസ്‌ത്രക്രിയകള്‍

-ഡോ.ആര്‍.പത്മകുമാര്‍

ഓപ്പറേഷന്‍ എന്ന്‌ കേള്‍ക്കുമ്പോഴെ നെടുവീര്‍പ്പിടുന്ന രോഗികള്‍ക്കും, ബന്ധുക്കള്‍ക്കും ഇനി ആശ്വസിക്കാം. രോഗം ശമിച്ചില്ലെങ്കിലും ശസ്‌ത്രക്രിയ വേണ്ടെന്ന തീരുമാനത്തെ തള്ളിക്കളയാം. ശരീരഭാഗങ്ങള്‍ കീറിമുറിച്ച്‌ വേദന സമ്മാനിച്ചിരുന്ന ശസ്‌ത്രക്രിയകള്‍ ഇനിമുതല്‍ പഴങ്കഥകളാകുന്നു. താക്കോല്‍ ദ്വാര ശസ്‌ത്രക്രിയ (Key Hole Surgery) എന്ന സാധാരണ നാമത്തിലറിയപ്പെടുന്ന ലാപ്രോസ്‌കോപ്പിക്‌ സര്‍ജറി, എന്നിവ കേരളത്തിലും പ്രചാരത്തിലേറിക്കഴിഞ്ഞു. രോഗബാധിതമായ അവയവങ്ങള്‍ ഡോക്ടര്‍മാര്‍ വേദനരഹിതമായി നീക്കം ചെയ്യുന്നത്‌ വലിയ സ്‌ക്രീനിലൂടെ രോഗികള്‍ക്കും കാണാനാകുന്നു. ശാസ്‌ത്ര - സാങ്കേതിക മുന്നേറ്റം ആരോഗ്യരംഗത്ത്‌ വരുത്തിയ മാറ്റങ്ങള്‍ ഇന്ന്‌ സാധാരണ രോഗികള്‍ക്കും പ്രാപ്യമാണ്‌.

ലാപ്രോസ്‌കോപ്പി

വാതിലിന്റെ താക്കോല്‍ പഴുതിലൂടെ മുറിയ്‌ക്കകം മുഴുവന്‍ കാണാന്‍ സാധിക്കുന്നതിന്‌ സമാനമായി രോഗിയുടെ ശരീരത്തിലുണ്ടാക്കുന്ന ചെറിയ മുറിവിലൂടെ ലാപ്രോസ്‌കോപ്പ്‌ ഇറക്കി വയറിനുള്ളിലെ അവയവങ്ങള്‍ മുഴുവന്‍ കാണുന്ന രീതിയാണിത്‌. ലാപ്രോ എന്നാല്‍ വയര്‍ എന്നും സ്‌കോപ്പി എന്നാല്‍ കാഴ്‌ചയെന്നുമാണ്‌ അര്‍ത്ഥം. ശരീരഭാഗങ്ങളില്‍ ഏറ്റവും കുറഞ്ഞ ആക്രമണം സമ്മാനിക്കുന്നതിനാല്‍ ലാപ്രോസ്‌കോപ്പിക്‌ ശസ്‌ത്രക്രിയയെ Minimal Invasive Surgery (MIS) എന്നും ഡ്രസ്സിംഗ്‌ വേണ്ടാത്തതിനാല്‍ Brandaid Surgery എന്നും അറിയപ്പെടും.

രോഗിയുടെ വയര്‍ഭാഗത്ത്‌ 5-10 മില്ലീമീറ്റര്‍ ദ്വാരമുണ്ടാക്കി അതിലൂടെ ലാപ്രോസ്‌കോപ്പ്‌ ഇറക്കുന്നു. ഇതിനകത്തെ മൈക്രോചിപ്പ്‌ ക്യാമറ വയറിനുള്ളിലെ അവയവങ്ങളുടെ ദൃശ്യങ്ങള്‍ ടിവി സ്‌ക്രീനില്‍ വലുതായി പ്രദര്‍ശിപ്പിക്കുന്നു. ഇതിലൂടെ ഡോക്ടര്‍ക്ക്‌ കൃത്യമായ രോഗനിര്‍ണയം സാധ്യമാകും. രോഗം നിര്‍ണ്ണയിച്ചശേഷം ശസ്‌ത്രക്രിയക്കുള്ള തയ്യാറെടുപ്പുകളാകാം.

ശസ്‌ത്രക്രിയക്കായി ആദ്യമുണ്ടാക്കിയ ദ്വാരത്തിനടുത്ത്‌ രണ്ടു ചെറിയ മുറിവുകള്‍ കൂടിയുണ്ടാകുന്നു. ഇതിലൂടെയാണ്‌ ശസ്‌ത്രക്രിയക്കുള്ള ഉപകരണങ്ങള്‍ കടത്തുന്നത്‌. തുടര്‍ന്ന്‌ സ്‌ക്രീനിലെ വലിയ ചിത്രങ്ങള്‍ നോക്കിയാണ്‌ ഡോക്ടര്‍ ശസ്‌ത്രക്രിയ നടത്തുന്നത്‌. ശസ്‌ത്രക്രിയക്ക്‌ വേണ്ട സ്ഥലം ലഭിക്കുന്നതിനായി രോഗിയുടെ വയറിനുള്ളിലേക്ക്‌ കാര്‍ബന്‍ഡയോക്‌സൈഡ്‌ വാതകം കടത്തിവിടുന്നു. മനുഷ്യശരീരത്തിന്‌ ദോഷമില്ലാതെ കാര്‍ബണ്‍ഡയോക്‌സൈഡ്‌ ശ്വാസോച്ഛാസത്തിലൂടെ പുറന്തള്ളാനാകും. ഈ ദ്വാരത്തിലൊന്നിലൂടെ രോഗബാധിതമായ അവയവങ്ങള്‍ പുറത്തെടുക്കുന്നു.

ഗുണവശങ്ങള്‍

സാധാരണ ശസ്‌ത്രക്രിയയെ അപേക്ഷിച്ച്‌ ലാപ്രോസ്‌കോപ്പി ശസ്‌ത്രക്രിയയുടെ ഗുണവശങ്ങള്‍ പരിശോധിക്കാം. രോഗികളെ സംബന്ധിച്ചിടത്തോളം ഈ ശസ്‌ത്രക്രിയ വേദനരഹിതമാണെന്നു പറയാം. സാധാരണ ശസ്‌ത്രക്രിയയിലെപോലെ വലിയ മുറിവുകളോ, തുന്നല്‍ക്കെട്ടുകളോ ഇല്ല. അതുകൊണ്ടുതന്നെ മുറിവുണങ്ങാനും സമയമെടുക്കില്ല. മുറിവുമൂലം ഉണ്ടാകുന്ന അണുബാധയും ഈ ശസ്‌ത്രക്രിയയില്‍ വളരെ വിരളമാണ്‌. സാധാരണ ശസ്‌ത്രക്രിയയിലുണ്ടാകുന്ന സമീപ അവയവങ്ങളുടെ മുറിവ്‌ ഇതിലില്ല. സാധാരണ ശസ്‌ത്രക്രിയയുടെ തയ്യാറെടുപ്പുകളോ ശേഷമുള്ള വിശ്രമമോ ഇതിലാവശ്യമില്ല. ഒന്നോ, രണ്ടോ ദിവസങ്ങള്‍ മാത്രം രോഗി ആശുപത്രിയില്‍ കിടന്നാല്‍ മതി. ശസ്‌ത്രക്രിയ കഴിഞ്ഞ്‌ സാധാരണ ജോലികള്‍ തുടരാനുമാകും.

സാധാരണ ശസ്‌ത്രക്രിയയില്‍ വലിയ മുറിവുകള്‍ ഉണങ്ങാന്‍ സമയമെടുക്കും. സ്വാഭാവികമായും വേദനയും കൂടും. ദീര്‍ഘമായ ആശുപത്രിവാസത്തിനുശേഷം വീട്ടിലും വിശ്രമം ആവശ്യമായി വരും. തൊഴിലില്‍ പ്രവേശിക്കാനും സമയമെടുക്കും. ഇതുമൂലമുണ്ടാകുന്ന സാമ്പത്തിക പ്രശ്‌നങ്ങള്‍ പലരും കണക്കിലെടുക്കുന്നില്ല. തിരക്ക്‌ പിടിച്ച ജീവിതത്തിനിടയില്‍ ആശുപത്രിയില്‍ ബന്ധുക്കളെയും, കൂട്ടിരിപ്പുകാരെയും കിട്ടാനുള്ള പ്രയാസം വേറെ. സാധാരണ ശസ്‌ത്രക്രിയയിലുണ്ടാകുന്ന മുറിപ്പാടുകളോ, തള്ളിനില്‍ക്കുന്ന വയറോ ഈ ശസ്‌ത്രക്രിയ മൂലം ഉണ്ടാകുന്നില്ല. രക്തം നഷ്ടപ്പെടുന്നതും കുറവാണ്‌.

ഡോക്ടര്‍മാരെ സംബന്ധിച്ചിടത്തോളം കൃത്യമായ രോഗനിര്‍ണ്ണയം ലാപ്രോസ്‌കോപ്പിയിലൂടെ സാധ്യമാകും. അവയവങ്ങള്‍ വലുപ്പത്തില്‍ സ്‌ക്രീനില്‍ കാണുന്നത്‌ ശസ്‌ത്രക്രിയ എളുപ്പമാകും. അവയവങ്ങള്‍ സ്‌പര്‍ശിക്കുന്നതുമൂലമുണ്ടാകുന്ന അണുബാധയും മറ്റും ലാപ്രോസ്‌കോപ്പിയിലില്ല. ചെറിയ സുഷിരത്തിലൂടെ ലാപ്രോസ്‌കോപ്പ്‌ തിരിക്കുമ്പോള്‍ വയറിലെ മുഴുവന്‍ ഭാഗങ്ങളും കാണാനാകും.

സംശയങ്ങള്‍

വയറിലുണ്ടാകുന്ന ചെറിയ സുഷിരങ്ങളിലൂടെ രോഗബാധിതമായ അവയവങ്ങള്‍ എങ്ങനെ നീക്കം ചെയ്യുന്നുവെന്ന്‌ പലരും അത്ഭുതപ്പെടാറുണ്ട്‌. എന്നാല്‍ നീക്കം ചെയ്യേണ്ട ഭാഗങ്ങള്‍ വലുപ്പമുള്ളതാകില്ല. ഉദാഹരണത്തിന്‌ അപ്പെന്‍ഡിക്‌സ്‌, ഗാള്‍ ബ്ലാഡര്‍ (പിത്തസഞ്ചി), സിസ്റ്റ്‌ തുടങ്ങിയവ വളരെ ചെറുതാണ്‌. വലിപ്പമുള്ള രോഗബാധിത അവയവങ്ങള്‍ മോഴ്‌സിലേറ്റര്‍ ഉപകരണം വഴി ചെറുകഷണങ്ങളാക്കി വലിച്ചെടുക്കാവുന്നതാണ്‌.
ശസ്‌ത്രക്രിയയുടെ സൗകര്യത്തിനായി വയറിനുള്ളിലേക്ക്‌ കടത്തിവിടുന്ന കാര്‍ബണ്‍ഡയോക്‌സൈഡ്‌ ഉടന്‍തന്നെ ഉച്ഛ്വാസത്തിലൂടെ പുറത്ത്‌ പോകുന്നു. പലരും കരുതുന്നതുപോലെ ഇത്‌ വയര്‍വീര്‍പ്പോ, ഗ്യാസ്‌ട്രബിളോ സൃഷ്ടിക്കുകയുമില്ല.

ഏതൊക്കെ ശസ്‌ത്രക്രിയകള്‍

താക്കോല്‍ദ്വാര ശസ്‌ത്രക്രിയ മുഖേന ചെയ്യാവുന്ന സര്‍ജറികള്‍ നിരവധിയാണ്‌. ഹേണിയ, ഗാള്‍ബ്ലാഡര്‍ (പിത്തസഞ്ചി), ഗര്‍ഭപാത്രം, അണ്ഡാശയം, അപ്പന്‍ഡിക്‌സ്‌, ഗര്‍ഭാശയമുഴകള്‍, ദുര്‍മ്മേദസ്‌ കുറയ്‌ക്കല്‍ തുടങ്ങിയവ ഇത്തരം സര്‍ജറിയിലൂടെ നീക്കം ചെയ്യാവുന്നതാണ്‌. കൂടാതെ സന്ധികളിലേയും, കൈകാല്‍ മുട്ടുകളിലേയും വേദന, ഹൃദയത്തിലെ രോഗങ്ങള്‍, വന്‍കുടലിലെ മുഴകള്‍ തുടങ്ങിയവയും താക്കോല്‍ ദ്വാര ശസ്‌ത്രക്രിയയിലൂടെ ചികിത്സിച്ചു ഭേദമാക്കാനാകും. വന്ധ്യതാ ചികിത്സയില്‍ ലാപ്രോസ്‌കോപ്പി വളരെ പ്രയോജനകരമാണ്‌.

അര്‍ബുദ ചികിത്സയില്‍

അര്‍ബുദ ചികിത്സയില്‍ ലാപ്രോസ്‌കോപ്പി നിര്‍ണ്ണായക സ്ഥാനം വഹിക്കുന്നു. അര്‍ബുദം ബാധിച്ച മുഴകളും, കോശങ്ങളും നീക്കം ചെയ്യുന്നതില്‍ പരമ്പരാഗത ശസ്‌ത്രക്രിയയെ അപേക്ഷിച്ച്‌ ലാപ്രോസ്‌കോപ്പിക്‌ ശസ്‌ത്രക്രിയ മുന്നിട്ടു നില്‍ക്കുന്നതായി എട്ട്‌ ശാസ്‌ത്രപഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്‌. ഗര്‍ഭാശയ ക്യാന്‍സര്‍, കുടലിലെ അര്‍ബുദം എന്നിവയുടെ ചികിത്സ ഇതിന്‌ ഉദാഹരണങ്ങളാണ്‌.

വിദഗ്‌ദ്ധ പരിശീലനം

ലാപ്രോസ്‌കോപ്പി ശസ്‌ത്രക്രിയയില്‍ പരിശീലനം സിദ്ധിച്ച സര്‍ജന്‍മാരുടെ അഭാവമുണ്ട്‌. കണ്ണും, കൈയ്യും ഒരുമയോടെ പ്രവര്‍ത്തിപ്പിക്കാന്‍ സര്‍ജനു കഴിയണം. ജനറല്‍ സര്‍ജറി, ഗൈനക്കോളജി പഠിച്ച ഡോക്ടര്‍മാര്‍ക്ക്‌ തുടര്‍ പരിശീലനത്തോടെ ഇത്‌ സ്വായത്തമാക്കാന്‍ സാധിക്കും. ഓപ്പണ്‍ സര്‍ജറിയെ അപേക്ഷിച്ച്‌ ലാപ്രോസ്‌കോപ്പിക്‌ സര്‍ജറി പ്രശ്‌നരഹിതമാണ്‌. തുന്നിക്കെട്ടലും, കെട്ടഴിയ്‌ക്കലുമില്ല. സാധാരണ ശസ്‌ത്രക്രിയയുടെ കലകളും, പാടുകളും അനുഭവപ്പെടുന്നില്ല.

ഡോ.ഹഫീസ്‌ റഹ്മാന്‍, കണ്‍സള്‍ട്ടന്റ്‌ ഗൈനക്കോളജിസ്റ്റ്‌, ലാപ്രോസ്‌കോപ്പിക്‌ സര്‍ജന്‍
ഡോ.ആര്‍.പത്മകുമാര്‍, കണ്‍സള്‍ട്ടന്റ്‌ ജനറല്‍, ലാപ്രോസ്‌കോപ്പിക്‌ സര്‍ജന്‍
സണ്‍റൈസ്‌ ഹോസ്‌പിറ്റല്‍, കാക്കനാട്‌, കൊച്ചി

<< Back to List

 

Advertise domain names




 

Home | About Us | Contact Us | Classifieds
User Agreement | Privacy Policy | Copyright Policy Copyright Keraleeyam 2008 All Rights Reserved.

Use of this site is subject to express terms of use, which prohibit commercial use of this site. By continuing past this page, you agree to abide by these terms.