|
 |
കേരളവര്‍മ്മ പഴശ്ശിരാജ
എം.സി.രാജനാരായണന്‍
|
എം.ടി. വാസുദേവന്‍ നായരുടെ തിരക്കഥയില്‍ ഹരിഹരന്‍ സംവിധാനം ചെയ്‌ത് മമ്മൂട്ടി പ്രധാനഭാഗം അഭിനയിച്ച `കേരളവര്‍മ്മ പഴശ്ശിരാജ' സവിശേഷതകള്‍ നിറഞ്ഞ ചിത്രമാണ്. രണ്ട് പതിറ്റാണ്ടുകള്‍ക്കുമുമ്പ് ഇതേ ടീം ഒരുക്കിയ `ഒരു വടക്കന്‍ വീരഗാഥ' നല്‍കിയ വലിയ പ്രതീക്ഷകളുമായി ഏറെ നാളുകളിലെ കാത്തിരിപ്പിനൊടുവിലാണ് `പഴശ്ശിരാജ' പ്രദര്‍ശനത്തിനെത്തിയത്. കേരളത്തിലങ്ങോളമിങ്ങോളം നൂറ്റിമുപ്പത് തീയേറ്ററുകളിലായാണ് ചിത്രം പ്രേക്ഷകസമക്ഷമെത്തിയത്. റിലീസ് കാര്യത്തില്‍ ഇതൊരു പുതിയ ചരിത്രം തന്നെ. പഴശ്ശിയുടെ ബ്രിട്ടീഷുകാര്‍ക്കെതിരായ ചെറുത്തുനില്‍പ്പ് ചരിത്രത്തോട് നീതി പുലര്‍ത്തിക്കൊണ്ടുതന്നെയാണ് എം.ടി. - ഹരിഹരന്‍ ടീം ഒരുക്കിയിരിക്കുന്നത്. എന്നാല്‍ ചരിത്രത്തിന്റെ സത്യസന്ധമായ ആവിഷ്‌കാരം മാത്രമാകാതെ കഥാകഥനത്തിന്റെ സാദ്ധ്യതകള്‍ ഉപയുക്തമാകുന്നുമുണ്ട് ചിത്രത്തില്‍.

ഹരിഹരന്‍
|
എം.ടി.
|
മൂന്നേകാല്‍ മണിക്കൂര്‍ ദൈര്‍ഘ്യം വരുന്ന എം.ടി. - ഹരിഹരന്‍ ടീമിന്റെ `മാഗ്നം ഓപ്പസ്' പ്രേക്ഷകരെ വൈരസ്യം അനുഭവിപ്പിക്കുന്നില്ല എന്നതാണ് പ്രഥമ നേട്ടം. സംഘട്ടനങ്ങളും യുദ്ധരംഗങ്ങളും ആധികാരികമായിത്തന്നെയാണ് പകര്‍ത്തിയിരിക്കുന്നത്. വയനാടിന്റെയും കുടകിന്റെയും വശ്യസുന്ദരമായ പ്രകൃതിഭംഗി ഒപ്പിയെടുക്കുന്ന രാംനാഥ് ഷെട്ടിയുടെ ഛായാഗ്രഹണം മികവ് പുലര്‍ത്തുന്നു. രണ്ട് വര്‍ഷമെടുത്ത് നിരവധി ഷെഡ്യൂള്‍ കൊണ്ട് പൂര്‍ത്തിയാക്കിയ ചിത്രമാണിത്. നിര്‍മ്മാതാവ് ഗോകുലം ഗോപാലന്‍ അഭിനന്ദനവും ആദരവും അര്‍ഹിക്കുന്നു.
പ്രധാന കഥാപാത്രമായ ചന്തുവില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു വടക്കന്‍ വീരഗാഥയില്‍ നിന്ന് ഭിന്നമായി തുല്യപ്രാധാന്യം കല്‍പിക്കാവുന്ന ഒന്നിലധികം കഥാപാത്രങ്ങളെ പിന്‍തുടര്‍ന്നാണ് പഴശ്ശിരാജയില്‍ കഥാകഥനം നീങ്ങുന്നത്. വികാരതീവ്രതയാര്‍ന്ന സംഭാഷണങ്ങള്‍ക്ക് പകരം കാര്യമാത്ര പ്രസക്തവും സന്ദര്‍ഭോചിതവുമായ നിത്യജീവിതത്തിലെന്നപോലെയുള്ള സംസാരങ്ങളിലാണ് എം.ടി. ശ്രദ്ധവെക്കുന്നത്. കൃത്രിമമായ ഒരു മുഹൂര്‍ത്തവും തിരക്കഥാകൃത്ത് സൃഷ്‌ടിച്ചിട്ടില്ല. അനാവശ്യമായ നാടകീയതയും.
യുദ്ധത്തിന്റെ മുന്നൊരുക്കമായ ആയുധപരിശീലനത്തിനും സംഘട്ടനങ്ങള്‍ക്കും യുദ്ധരംഗങ്ങള്‍ക്കും പ്രാധാന്യം ലഭിക്കുന്ന പടമാണ് കേരളവര്‍മ്മ പഴശ്ശിരാജ. അതെല്ലാം ആധികാരികമായിത്തന്നെയാണ് സംവിധായകന്‍ ഹരിഹരന്‍ ചിത്രീകരിച്ചിരിക്കുന്നത്. ഛായാഗ്രാഹകന്‍ രാംനാഥ് ഷെട്ടിയുടെ അകമഴിഞ്ഞ സഹകരണവും പ്രതിഭയും സംവിധായകന് ഏറെ സഹായകരമായിട്ടുണ്ടെന്നതിന് തെളിവാണ് പടത്തിലെ മികവുറ്റ ഫ്രെയിമുകളും ആംഗിളുകളും ക്യാമറയുടെ ചലനങ്ങളും. എഡിറ്റര്‍ ശ്രീകര്‍ പ്രസാദും തന്റേതായ സംഭാവന നല്‍കിയിരിക്കുന്നു. അതുപോലെ സാങ്കേതിക രംഗത്ത് പ്രവര്‍ത്തിച്ചവരെല്ലാം തന്നെ കരുത്തുറ്റ രീതിയിലാണ് തങ്ങളുടെ ഭാഗങ്ങള്‍ നിര്‍വ്വഹിച്ചിരിക്കുന്നത്.

ഇളയരാജ
|

റസൂല്‍ പൂക്കുട്ടി
|
ഒ.എന്‍.വി., ഗിരീഷ് പുത്തഞ്ചേരി, കാനേഷ് പുതൂര്‍ എന്നിവരുടെ വരികള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് ഇളയരാജയാണ്. തന്റെ പരിചയവും പ്രതിഭയും പ്രാവീണ്യവും അദ്ദേഹം പടത്തിനായി ഉപയോഗപ്പെടുത്തിയിരിക്കുന്നു. റസൂല്‍ പൂക്കുട്ടിയാകട്ടെ രാജ്യാന്തരനിലവാരത്തിലാണ് ശബ്‌ദമിശ്രണം നടത്തിയിരിക്കുന്നത്. മുത്തുരാജിന്റെ കലയും മികവ് പുലര്‍ത്തിയിരിക്കുന്നു. സാങ്കേതികത്തികവും മികവുമാണ് പഴശ്ശിരാജയെ ഇത്തരം പീരിയഡ് ചിത്രങ്ങളുടെ ചത്വരത്തില്‍ നിന്ന് ഉയര്‍ത്തുന്നത്. ഡോള്‍ബിയില്‍ റസൂല്‍ പൂക്കുട്ടി അല്‍ഭുതം തന്നെ സൃഷ്‌ടിക്കുന്നു.

നിര്‍മ്മാതാവ് ഗോകുലം ഗോപാലനും സംവിധായകന്‍ ഹരിഹരനും ചിത്രീകരണവേളയില്‍
|
ഒരു ചിത്രത്തിന്റെ ബ്ലൂപ്രിന്റ് അതിന്റെ തിരക്കഥയാണ്. എം.ടി.വാസുദേവന്‍ നായരുടെ അതിശക്തമായ തിരക്കഥയുടെ അസ്ഥിവാരത്തിലാണ് പഴശ്ശിരാജയെന്ന മഹാസൗധം ഹരിഹരന്‍ പടുത്തുയര്‍ത്തിയിരിക്കുന്നത്. എം.ടി.യുടെ വാക്കുകള്‍ക്ക് ഏറ്റവും അനുയോജ്യമായ ദൃശ്യാവിഷ്‌ക്കരണം നല്‍കുവാന്‍ അമ്പതിലേറെ ചിത്രങ്ങള്‍ സംവിധാനം ചെയ്‌ത് തഴക്കവും പഴക്കവും വന്ന പ്രഗത്ഭനായ ഹരിഹരന് കഴിഞ്ഞിട്ടുണ്ട്. തലയ്‌ക്കല്‍ ചന്തുവിന്റെ മരണത്തിന് പ്രതികാരം തീര്‍ക്കുവാന്‍ പഴശ്ശി തനിയെ ഇരുളിന്റെ മറവില്‍ ബ്രിട്ടീഷ് ക്യാമ്പ് ആക്രമിച്ച് വന്‍ നാശനഷ്‌ടങ്ങള്‍ വരുത്തുന്നതിന് ചരിത്രത്തിന്റെ പിന്‍ബലമുണ്ടോ തുടങ്ങിയ സംശയങ്ങള്‍ ഉയരുന്നത് സ്വാഭാവികം. എന്നാല്‍ ആദിവാസികളും സ്‌ത്രീകളും കുറിച്യരുമെല്ലാം പഴശ്ശിരാജയുടെ ആജ്ഞാനുവര്‍ത്തികളായി ഊരും വീടും ഉപേക്ഷിച്ച് കാട്ടില്‍ തമ്പടിച്ച് വെള്ളക്കാരോട് പടപൊരുതുന്നതിന് ചരിത്രത്തിന്റെ അടിസ്ഥാനമുണ്ടെന്നു കാണാം.
പഴശ്ശിയുടെ വിശ്വസ്‌തനായിരുന്ന പഴയംവീടന്‍ (സുമന്‍) ബ്രിട്ടീഷുകാരുടെ കൂട്ടാളിയായി പഴശ്ശിക്കെതിരെ പടനയിക്കുന്നത് കാണിച്ചിട്ടുണ്ടെങ്കിലും പിടിക്കപ്പെട്ട ശേഷവും പഴയംവീടന് പഴശ്ശി, മാപ്പു കൊടുത്ത് കൊല്ലാതെ വിടുന്നത് (പഴശ്ശിയുടെ പടവാള്‍) ചിത്രത്തിലില്ല. കരുണാകരമേനോനും (ജഗതി ശ്രീകുമാര്‍) വേണ്ടത്ര മിഴിവുനേടിയതായി കാണുന്നില്ല. എന്നാല്‍ ഏതാനും സീനുകളില്‍ മാത്രം പ്രത്യക്ഷപ്പെടുന്ന കണ്ണോത്ത് നമ്പ്യാരെ ദേവന്‍ ശ്രദ്ധേയനാക്കി.
സുരേഷ് കൃഷ്‌ണ അവതരിപ്പിയ്‌ക്കുന്ന കൈതേരി അമ്പു, മനോജ്.കെ.ജയന്റെ തലയ്‌ക്കല്‍ ചന്തു, ശരത്‌കുമാര്‍ ഉയിരേകിയ എടച്ചേന കുങ്കന്‍ എന്നീ കഥാപാത്രങ്ങളെല്ലാം മികവു പുലര്‍ത്തുന്നു. വെള്ളക്കാരാല്‍ പിടിക്കപ്പെട്ട് കാട്ടുമൃഗത്തെ പോലെ കൂട്ടിലിട്ട് പരസ്യമായി തൂക്കിലേറ്റപ്പെടുന്ന തലക്കല്‍ ചന്തുവിന്റെ സമരവീര്യവും കരുത്തും ഉള്‍ക്കൊണ്ടുകൊണ്ടാണ് മനോജ്.കെ.ജയന്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
പഴശ്ശിയുടെ സന്തതസഹചാരിയും അളിയനുമായ കൈതേരി അമ്പു സുരേഷ് കൃഷ്‌ണയുടെ കൈകളില്‍ ഭദ്രമായി. കൈതേരി മാക്കമായെത്തുന്നത് കനിഹയാണ്. അഭിനയ സാധ്യതകള്‍ ഏറെയില്ലാത്ത മാക്കമായി കനിഹ ഒതുക്കത്തോടെ ചുവടുറപ്പിക്കുന്നു. തലക്കല്‍ ചന്തുവിന്റെ കാമുകിയും സ്‌ത്രീ പോരാളികളുടെ തലൈവിയുമായ നീലിയെ പത്മപ്രിയ അനശ്വരയാക്കുന്നു. നായികാപ്രാധാന്യമില്ലാത്ത കഥാപാത്രമാണെങ്കിലും പത്മപ്രിയയുടെ അഭിനയജീവിതത്തിലെ ഏറ്റവും നല്ല കഥാപാത്രങ്ങളിലൊന്നായി നീലി മാറുന്നു. പോരാളികളുടെ മുന്‍നിരയിലാണ് നീലിയുടെയും സ്ഥാനം.
മമ്മൂട്ടിയുടെ അഭിനയതികവിലും ആകാര സൗഷ്‌ടവത്തിലും പഴശ്ശിയുടെ അഴകും ഗാംഭീര്യവും തെളിയുന്നു. തുടക്കത്തില്‍ ബ്രിട്ടീഷുകാരോട് രാജിയാകുന്ന അമ്മാവനോട് (തിലകന്‍) ``പഴശ്ശിയുടെ യുദ്ധം കമ്പനി കാണാന്‍ പോകുന്നേയുള്ളൂ'' എന്നു പറയുന്ന കേരളവര്‍മ്മയുടെ സമരകാഹളം മമ്മൂട്ടി മികവുറ്റതാക്കുന്നു. കൈതേരി മാക്കത്തെ തേടി വെള്ളക്കുതിരപ്പുറത്തുള്ള പഴശ്ശിയുടെ വരവ് രാജകീയം തന്നെ! പാട്ടിന്റെ അകമ്പടിയോടെയാണ് ഹരിഹരന്‍ ഈ രംഗങ്ങള്‍ ചിത്രീകരിച്ചിരിക്കുന്നത്. അന്തപുരത്തിലെത്തിയ പഴശ്ശിയെ പഴയംവീടന്റെ സഹായത്തോടെ ചതിയില്‍ കുടുക്കിയ ബ്രിട്ടീഷ് പട്ടാളത്തെ എതിര്‍ത്ത് തോല്‍പിക്കുവാന്‍ വെള്ളം കൊടുക്കാനെന്ന നിലയില്‍ മാക്കം ഉറുമിയുമായെത്തുന്നതും നിമിഷങ്ങള്‍ കൊണ്ട് അതെടുത്ത് ചുഴറ്റി പട്ടാളക്കാരെ നിഷ്‌പ്രഭമാക്കുന്ന പഴശ്ശിയുടെ യുദ്ധനിപുണതയും ചിത്രീകരണത്തിന്റെ കരുത്തില്‍ കിടയറ്റതായി മാറിയിരിക്കുന്നു. കൊട്ടാരവും പട്ടുമെത്തയും പരിവാരങ്ങളും വെടിഞ്ഞ് കാട്ടിലെ കല്ലിലും മുളളിലും പഴശ്ശിയോടൊപ്പം മാക്കവും സഞ്ചരിക്കുന്നു. സ്‌നേഹബന്ധത്തിന്റെ മാറ്റുരക്കുന്ന രംഗങ്ങള്‍. പടത്തലവനായ കുങ്കന്‍ തുടക്കം മുതല്‍ ഒടുക്കം വരെ പ്രേക്ഷകശ്രദ്ധയും ആരാധനയും നിലനിര്‍ത്തുന്നു. അന്ത്യത്തില്‍ പട്ടാളത്തിന് പിടികൊടുക്കാതെ സ്വയം കുത്തിമരിക്കുകയാണ് കുങ്കന്‍. പഴയംവീടനും കുങ്കനും തമ്മിലുള്ള ഏറ്റുമുട്ടല്‍ ഗാംഭീര്യം കലര്‍ന്നതായി മാറുന്നു. അടിമുടി കുങ്കനായി മാറുകയാണ് ശരത്‌കുമാര്‍. പഴശ്ശിയോളം പ്രാധാന്യം കുങ്കനും കൈവരുന്നതില്‍ ശരത്‌കുമാറിന്റെ പങ്ക് നിസ്‌തുലം തന്നെ. പഴശ്ശിയുടെ അന്ത്യത്തെക്കുറിച്ച് ചരിത്രത്തില്‍ വ്യക്തതയില്ല. നിഗൂഢതയാല്‍ ആവരണം ചെയ്യപ്പെട്ട മരണത്തിന് വീരമൃത്യുവിന്റെ നവഭാഷ്യം നല്‍കുകയാണ് എം.ടി. ചിത്രത്തില്‍ അതിന് സാംഗത്യം കൈവരുന്നു.
ഇന്ത്യന്‍ പനോരമയില്‍ ഈ ചിത്രം ഉള്‍പ്പെടാതെ പോയത് ജൂറിയുടെ അരുചിയും അജ്ഞതയും അഹന്തയും കൊണ്ടുമാത്രം.
നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ കേരളീയത്തെയും രചയിതാവിനെയും അറിയിക്കുക. അതിനായി ഏറ്റവും മുകളിലുള്ള post feedback സംവിധാനം ഉപയോഗിക്കുക.
|