Last Updated Date: Mon 02 Aug, 2010 12:05:09
Home | About Us | Contact Us | Classifieds | Advertisement Tariff |
ATTENTION >
 
സമര്‍പ്പണം
മുഖപ്രസംഗം
കേരളീയ ദര്‍പ്പണം
ലേഖനങ്ങള്‍
അഭിമുഖം
അപ്രിയസത്യങ്ങള്‍
കവര്‍ സ്റ്റോറി
മോഹന്‍ലാല്‍
പ്രതികരണങ്ങള്‍
കവിത
കഥ
ഹാസ്യം
കാര്‍ട്ടൂണ്‍
സ്‌പോര്‍ട്‌സ്‌
സിനിമ
ആരോഗ്യം
ശാസ്‌ത്രലോകം
ഓഷോ ലോകം
നമ്മുടെ മന്ത്രിമാര്‍
പഴയ താളുകള്‍
 


 
ലേഖനങ്ങള്‍
Print this page    Email this page   Post Feedback



ജനസംഖ്യാവര്‍ദ്ധനവും സമൂഹവും
- ശരത്‌.ജി

2030 ഓടെ 153 കോടിയിലേക്ക്‌ കടക്കുമെന്ന്‌ കരുതപ്പെടുന്ന ഇന്ത്യന്‍ ജനസംഖ്യ അതോടെ ഒന്നാം സ്ഥാനത്താകും. ഈ അവസ്ഥയില്‍ പരിഹാസച്ചുവയുള്ള നര്‍മ്മം ഓര്‍ക്കുന്നു. ``ഗംഗാപ്രതലം ഫലഭൂവിഷ്‌ടമാണ്‌, അവിടുത്തെ ജനങ്ങളും''.


പെരുകുന്ന ജനസംഖ്യ
ശാസ്‌ത്രം അത്ഭുതകരമായ പുരോഗതിയ്‌ക്ക്‌ സാക്ഷ്യം വഹിച്ച ഇരുപതാം നൂറ്റാണ്ടിലും ലോകം നേരിട്ടുകൊണ്ടിരിക്കുന്ന വിപത്തുകള്‍ക്കെല്ലാം സത്യസന്ധമായി ചിന്തിച്ചാല്‍ മൂലകാരണം ഒന്നേയൂള്ളൂ - ജനപ്പെരുപ്പം. സൈക്കിളില്‍ നിന്ന്‌ ബഹിരാകാശപേടകത്തിലേക്ക്‌ ശാസ്‌ത്രം വളര്‍ന്ന അതേ വേഗത്തിലാണ്‌ ഒരു നൂറ്റാണ്ടുകൊണ്ട്‌ ലോകജനസംഖ്യയും വളര്‍ന്നത്‌. ഭൂമിയിലെ ചരാചരങ്ങളുടെ ഭാവിയെ ചോദ്യചിഹ്നത്തില്‍ നിര്‍ത്തുന്ന ഈ സമസ്യയ്‌ക്ക്‌ പരിഹാരം കാണേണ്ട ബാധ്യത മനുഷ്യനില്‍ നിക്ഷിപ്‌തമാണ്‌.

നഗ്നതയും നായാട്ടും വെടിഞ്ഞ്‌ കൃഷിയിലേക്ക്‌ പൂര്‍വികര്‍ കാലെടുത്തു വച്ച കാലത്ത്‌, ഉദ്ദേശം 8000 ബി.സി.യില്‍ 5 മില്യണ്‍ ആയിരുന്നു ജനസംഖ്യ. 1000 ബി.സി. മുതല്‍ ഉയരുകയും പിന്നീട്‌ സമതലവളര്‍ച്ച കാണിക്കുകയും ചെയ്‌തപ്പോള്‍ 800 എ.ഡി.യില്‍ 300 മില്യണ്‍ ആയി. അതു മുതല്‍ വളരെ പതുക്കെ എന്നാല്‍ വ്യതിചലിക്കാതെ 900 വര്‍ഷങ്ങളോളം സുരക്ഷിതമായി നിലകൊണ്ടു. പതിനാലാം നൂറ്റാണ്ടിലുണ്ടായ മാരകമായ പ്ലേഗില്‍ നഷ്‌ടപ്പെട്ട ജീവനുകളും വളര്‍ച്ചയിലുണ്ടായ മന്ദഗതിക്ക്‌ കാരണമായി. വ്യവസായ വിപ്ലവമാണ്‌ ജനസംഖ്യ വര്‍ദ്ധനവിലേക്കുള്ള വഴിത്തിരിവായത്‌. പതിനെട്ടാം നൂറ്റാണ്ടിന്റെ മധ്യത്തില്‍ ഒരു ബില്യണ്‍ ആയിത്തീര്‍ന്ന ജനസംഖ്യ പിന്നീട്‌ ക്യാന്‍സര്‍ കോളങ്ങള്‍ പോലെ പെരുകി. 1939ല്‍ 2.3 ബില്യണ്‍ എന്നത്‌, ലോകമഹായുദ്ധത്തിന്റെ 72 മില്യണ്‍ ഇരകളുടെ നഷ്‌ടത്തിനുശേഷവും 2009ല്‍ 6.7 ബില്യണിലെത്തി. 1950 മുതല്‍ ഭക്ഷ്യാത്‌പാദനത്തിലുണ്ടായ ഉന്നമനമാണ്‌ 6 ബില്യണ്‍ കടക്കുന്നതില്‍ പ്രധാന പങ്ക്‌ വഹിച്ചത്‌. രോഗങ്ങള്‍ എത്രകണ്ട്‌ പിടിമുറുക്കിയാലും 2020 ആകുമ്പോള്‍ ജനസംഖ്യ 10 ബില്യണ്‍ എത്തുമെന്നും ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ അവസാനം 14 ബില്യണിലേക്ക്‌ കടക്കുമെന്നും യു.എന്‍.പി.എഫിന്റെ കണക്കുകള്‍ തെളിയിക്കുന്നു.

ഇന്ത്യയുടെ അവസ്ഥ എടുത്തു പറയേണ്ടതാണ്‌. 1911ല്‍ 25 കോടിയായിരുന്ന ജനസംഖ്യ 2000 മെയ്‌ 11ന്‌ `ആസ്ഥാ അറോറ'യിലൂടെ 100കോടി തികച്ചു. കരയുടെ 2.5ശതമാനം മാത്രം കൈയ്യിലുള്ള ഇന്ത്യയില്‍ ലോകജനസംഖ്യയുടെ 17 ശതമാനം (113 കോടി), 1.93ശതമാനം വളര്‍ച്ചാനിരക്കില്‍ ജീവിക്കുന്നുവെന്നത്‌ അസ്വസ്ഥകരമായ സത്യമാണ്‌. നിലവില്‍ ചൈനയാണ്‌ മുന്നിലെങ്കിലും 2030 ഓടെ 153 കോടിയിലേക്ക്‌ കടക്കുമെന്ന്‌ കരുതപ്പെടുന്ന ഇന്ത്യന്‍ ജനസംഖ്യ അതോടെ ഒന്നാം സ്ഥാനത്താകും. ഈ അവസ്ഥയില്‍ പരിഹാസച്ചുവയുള്ള നര്‍മ്മം ഓര്‍ക്കുന്നു. ``ഗംഗാപ്രതലം ഫലഭൂവിഷ്‌ടമാണ്‌, അവി
ടുത്തെ ജനങ്ങളും''.

ജനസംഖ്യയുമായി ബന്ധപ്പെട്ട പഠനശാഖയാണ്‌ ഡെമോഗ്രഫി. സൈദ്ധാന്തികമായി നിര്‍വ്വചിക്കുമ്പോള്‍ ``ഭൂമിയില്‍ സൗകര്യം, സന്തോഷം, ആരോഗ്യം എന്നിവയോടെ ജീവിക്കുകയും ഭാവിതലമുറയ്‌ക്ക്‌ ഏറ്റവും അനുയോജ്യമായ സാഹചര്യം നിലനിര്‍ത്തുകയും ചെയ്യുന്ന സന്തുലിതാവസ്ഥയില്‍ നിന്ന്‌ മനുഷ്യരുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിക്കുന്ന''താണ്‌ ജനസംഖ്യാവര്‍ദ്ധനവ്‌. ജനനനിരക്ക്‌ കൂടുകയും മരണനിരക്ക്‌ കുറയുകയും ചെയ്യുമ്പോഴാണ്‌ ഈ അവസ്ഥ സംജാതമാകുന്നത്‌. ജനസംഖ്യാവര്‍ദ്ധനവിന്റെ കാരണങ്ങള്‍ പഠിക്കുമ്പോള്‍ സ്വാഭാവികമായും അവയ്‌ക്ക്‌ ജനനനിരക്കും മരണനിരക്കുമായി സ്വാധീനമുണ്ടാകും.

മതങ്ങളും അന്ധവിശ്വാസങ്ങളും

കൗടില്യന്‍
മനുഷ്യചരിത്രം അവലോകനം ചെയ്‌താല്‍ രാജ്യഭരണകാലത്ത്‌ യുദ്ധങ്ങള്‍ അപൂര്‍വ്വമല്ലായിരുന്നുവെന്ന്‌ കാണാം. രാജ്യത്തിന്റെ സാമ്പത്തികരാഷ്‌ട്രീയ പുരോഗതിക്കും സേനാബലം ശക്തമാക്കുന്നതിനും ജനസംഖ്യാവര്‍ദ്ധനവ്‌ പ്രോത്സാഹിപ്പിച്ചിരുന്നു. പ്രശസ്‌ത രാഷ്‌ട്രീയ യുദ്ധതന്ത്രജ്ഞനായിരുന്ന കൗടില്യന്‍ (350-283 ബി.സി) അര്‍ഥശാസ്‌ത്രത്തില്‍ ഇത്‌ വ്യക്തമാക്കിയിട്ടുണ്ട്‌. വിധവകളുടെ പുനര്‍വിവാഹം നടത്തുക, വിദേശഗമനം നിയന്ത്രിക്കുക, കുടുംബത്തിലൊരാളെങ്കിലും സേനാംഗമാകുക തുടങ്ങിയ രാജഭരണകാലത്തെ നയങ്ങള്‍ ജനസംഖ്യാനിരപ്പ്‌ ഉയര്‍ത്തി. പുരാതനറോമിലെ അഗസ്റ്റസ്‌ (1) എന്ന ഭരണാധികാരി ഇത്‌ പ്രോത്സാഹിപ്പിക്കുന്ന `ലെക്‌സ്‌ ജൂലിയ', `ലെക്‌സ്‌ പാപ്പിയ പോപ്പേ്‌' തുടങ്ങിയ നയങ്ങള്‍ യഥാക്രമം 18 ബി.സി.യിലും എ.ഡി. 9ലും പ്രഖ്യാപിച്ചു. എന്നാല്‍, യുദ്ധത്തിന്റെ അവശിഷ്‌ടങ്ങളായി ജീവനറ്റ മനുഷ്യശരീരങ്ങള്‍ മാറിയതോടെ ജനസംഖ്യയില്‍ കാര്യമാത്ര വ്യതിയാനങ്ങള്‍ ഉണ്ടായില്ല.

മതവിശ്വാസങ്ങളില്‍ ചിലതിന്റെ ദുര്‍വ്യാഖ്യാനം മറ്റൊരു പ്രധാന പ്രശ്‌നമാണ്‌. "Be fruitful and multiply'' എന്ന ബൈബിള്‍ വചനത്തിലെ സന്ദേശം `സംഭോഗം' (Sexual Intercourse) എന്ന പുണ്യപ്രവര്‍ത്തിയിലൂടെ ഭാര്യാഭര്‍ത്തൃബന്ധത്തിന്റെ പരിശുദ്ധത കാത്തു സൂക്ഷിക്കണമെന്നും പുതുതലമുറയുടെ ഉദയത്തിന്‌ നിമിത്തമാകണമെന്നാണ്‌. ഇതിന്റെ അര്‍ത്ഥം തെറ്റായി വ്യാഖ്യാനിച്ച്‌ ശാസ്‌ത്രം തുറന്ന്‌ കാട്ടുന്ന യാഥാര്‍ത്ഥ്യങ്ങല്‍ മതവിരുദ്ധമെന്ന്‌ മുദ്രകുത്തുകയാണ്‌ സഭ ചെയ്‌തത്‌. ഏറ്റവും തൃപ്‌തികരമായ പരിഹാരമായി ശാസ്‌ത്രം നിര്‍ദ്ദേശിക്കുന്ന ഗര്‍ഭനിരോധനത്തെ (contraception) സഭ ശക്തമായി എതിര്‍ത്തു.


പോപ്പ്‌ പോള്‍ VI
1986ല്‍ പുറത്തിറങ്ങിയ "Human Vitae" (മനുഷ്യ ജീവിതം) എന്ന കൃതിയില്‍ പോപ്പ്‌ പോള്‍ VI നിലപാട്‌ വിശദീകരിച്ചു. ``ഗര്‍ഭനിരോധനം എന്നത്‌ സ്രഷ്‌ടാവിന്റെ ഇച്ഛയ്‌ക്ക്‌ വിരുദ്ധമാണ്‌. ഈ ദൈവിക വരദാനത്തെ എതിര്‍ക്കുന്നത്‌, പൂര്‍ണമായല്ലെങ്കിലും, അദ്ദേഹത്തിന്റെ പദ്ധതികള്‍ക്കും വിശുദ്ധ ആഗ്രഹങ്ങള്‍ക്കും വിപരീതമായ ചിന്താഗതിയാണ്‌''. യുദ്ധത്തില്‍ വിധവകളാകുന്നവരെ സംരക്ഷിക്കാന്‍ പ്രവാചകന്‍ നബി അംഗീകരിച്ച ബഹുഭാര്യാത്വം സൗകര്യപ്രദമായി ദുര്‍വിനിയോഗം ചെയ്‌തിരുന്നു. ഒന്നിലധികം പത്‌നിമാരില്‍ വിരലിലെണ്ണാനാവാത്തത്ര സന്തതികളെ സൃഷ്‌ടിച്ച്‌ ആഡംബരജീവിതം നയിച്ചിരുന്ന രാജാക്കന്‍മാരും നാടുവാഴികളും ഇതേ ഗണത്തില്‍ പെടുന്നു. ഇന്നത്തെ സമൂഹത്തില്‍ ഇതെല്ലാം കുറഞ്ഞിരിക്കുന്നുവെങ്കിലും അലകള്‍ പൂര്‍ണമായും കെട്ടടങ്ങി എന്ന്‌ പറയാന്‍ വയ്യ.

അന്ധവിശ്വാസം സമൂഹത്തില്‍ നിലനിന്നിരുന്ന കാലത്ത്‌ കുടുംബത്തില്‍ ശരാശരി നാലോ അതിലധികമോ കുഞ്ഞുങ്ങള്‍ ജനിച്ചിരുന്നു. വലിയ തറവാടുകളുടെ നിലനില്‍പിനായി ആണ്‍കുഞ്ഞുങ്ങള്‍ വേണമെന്നവര്‍ ശഠിച്ചിരുന്നു. ``നാലാം കാല്‍ (ജന്‍മം) നാടു ഭരിക്കും'' എന്നത്‌ പഴയ കൊച്ചി പ്രവിശ്യയില്‍ കേട്ടിരുന്ന അന്ധവിശ്വാസമാണ്‌. ആണ്‍കുട്ടികളോടുള്ള പ്രിയം പ്രയത്‌നത്തിലേക്ക്‌ വഴിമാറിയപ്പോള്‍ അംഗസംഖ്യ സ്വാഭാവികമായും ഉയര്‍ന്നു.
പെണ്‍കുട്ടികളോടുള്ള അവഗണന ഇന്നും സമൂഹത്തിലുണ്ട്‌. അണുകുടുംബത്തിലേക്ക്‌ മനുഷ്യന്റെ മനസ്സ്‌ കുടിയേറിയതോടെ, അന്ധവിശ്വാസം ഇന്ന്‌ സ്‌ത്രീധനം എന്ന ക്രിമിനല്‍ മനോഭാവമായിരിക്കുന്നു. ഇന്ത്യയിലെ സ്‌ത്രീപുരുഷ അനുപാതമായ 933 ഇത്‌ പ്രകടമാക്കുന്നു.
നിരക്ഷരതയും അജ്ഞതയും വികസ്വരരാഷ്‌ട്രങ്ങളിലെ പാവപ്പെട്ട കുടുംബങ്ങളുടെ പ്രധാന പ്രശ്‌നമാണ്‌. സന്തതികളുടെ എണ്ണം കൂടുന്നത്‌ കുടുംബത്തിന്‌ അഭിവൃദ്ധി കൊണ്ടുവരുമെന്ന തെറ്റിദ്ധാരണകള്‍ പണ്ടുണ്ടായിരുന്നു. ജനനനിയന്ത്രണം മരണത്തില്‍ കലാശിക്കുമെന്ന അകാരണഭയം ചിലര്‍ വച്ചുപുലര്‍ത്തുന്നു. ഇത്‌ ജനനനിയന്ത്രണ യജ്ഞങ്ങളില്‍ നിന്ന്‌ ഒഴിവാകാന്‍ ഇവരെ പ്രേരിപ്പിക്കുന്നു.

ശൈശവവിവാഹം നിലനിന്നിരുന്ന വികസ്വര രാജ്യങ്ങളില്‍ പ്രത്യേകിച്ച്‌ ഇന്ത്യയില്‍, ദമ്പതിമാര്‍ക്ക്‌ പ്രത്യുല്‍പാദനശേഷി ഊര്‍ജ്ജിതമായി നില്‍ക്കുന്ന കാലയളവിന്റെ ദൈര്‍ഘ്യം വളരെ കൂടുതലായിരുന്നു. ചെറുപ്പത്തിലേ വിദ്യാഭ്യാസം നഷ്‌ടമാകുന്നതും ജനപ്പെരുപ്പത്തിന്റെ ദൂഷ്യവശങ്ങളെക്കുറിച്ചുള്ള അറിവില്ലായ്‌മയും മറ്റൊരു ബുദ്ധിമുട്ടായിരുന്നു. എന്നാല്‍ ജീവിതനിലവാരം ഉയരുകയും നിയമങ്ങള്‍ കര്‍ശനമാകുകയും ചെയ്‌തതോടെ ശൈശവവിവാഹങ്ങള്‍ കുറഞ്ഞു.
ലോകവ്യാപകമായി പരിശോധിക്കുമ്പോള്‍ വ്യവസായ വിപ്ലവം കൊണ്ടുവന്ന സര്‍വ്വവ്യാപകമായ പുരോഗതിയാണ്‌ ജനസംഖ്യാവര്‍ദ്ധനവിന്റെ പ്രധാനകാരണം.


നോര്‍മന്‍ ബോര്‍ലോഗ്‌

എം.എസ്‌.സ്വാമിനാഥന്‍
ഊര്‍ജലബ്‌ധിയിലുണ്ടായ വിപ്ലവം പ്രകൃതിദത്തമായ സ്രോതസ്സുകളില്‍ നിന്ന്‌ ഫോസില്‍ ഇന്ധനങ്ങളിലേക്ക്‌ മനുഷ്യനെ മാറ്റി ചിന്തിപ്പിച്ചു. വേഗത്തിലോടാന്‍ തുടങ്ങിയ ലോകത്തിന്‌ ക്ഷണനേരം കൊണ്ട്‌ ഊര്‍ജം പ്രദാനം ചെയ്യാന്‍ പെട്രോളിയം, കല്‍ക്കരി ഉല്‍പ്പന്നങ്ങള്‍ക്കായതോടെ മറ്റ്‌ മേഖലകളിലും വിപ്ലവത്തിന്റെ തിരകള്‍ അടിച്ചുകയറി. ഭക്ഷ്യോത്‌പന്നങ്ങളുടെ ഉല്‍പാദനത്തിലും വിതരണത്തിലുമുണ്ടായ കുതിച്ചുകയറ്റം പട്ടിണിമൂലം മരിക്കുന്നവരുടെ എണ്ണം ഗണ്യമായി കുറച്ചു. 1950ല്‍ നിന്ന്‌ 1984 ആയപ്പോഴേക്കും ധാന്യവിളകളുടെ ഉല്‍പാദനം 2.6 തവണയായി വര്‍ദ്ധിച്ചു. നോര്‍മന്‍ ബോര്‍ലോഗ്‌ ആഹ്വാനം ചെയ്‌ത ഹരിതവിപ്ലവം ലോകത്ത്‌ മാറ്റത്തിന്റെ കൊടുങ്കാറ്റായി മാറിയപ്പോള്‍ എം.എസ്‌.സ്വാമിനാഥനിലൂടെ സ്വതന്ത്ര ഇന്ത്യ അതിന്റെ ശക്തി തിരിച്ചറിഞ്ഞു.

ആരോഗ്യരംഗത്തുണ്ടായ പുരോഗമനം ഏതസുഖത്തേയും ചെറുക്കാന്‍ മനുഷ്യനെ പ്രാപ്‌തനാക്കി. എഡ്വേര്‍ഡ്‌ ജന്നറുടേയും യൂലി പാസ്റ്ററുടേയും കണ്ടുപിടുത്തങ്ങള്‍ `മരണമാണ്‌ വിധി' എന്ന്‌ കരുതപ്പെട്ടിരുന്ന അസുഖങ്ങളില്‍ നിന്ന്‌ മനുഷ്യനെ മോചിപ്പിച്ചു. ജനനം മുതല്‍ പ്രതിരോധശക്തി തരുന്ന വൈദ്യശാസ്‌ത്രത്തിലും മരണക്കയത്തില്‍ നിന്ന്‌ പിടിച്ചുകയറ്റുന്ന ശസ്‌ത്രക്രിയാരംഗത്തും മനുഷ്യന്‍ നിപുണനായതോടെ സൃഷടിക്കാന്‍ ബ്രഹ്മാവും മരണം നീട്ടാന്‍ മൃതസഞ്‌ജീവനിയും വേണ്ടെന്നായി.

പൊതുജനാരോഗ്യരംഗവും ആരോഗ്യസംരക്ഷണപരിപാടികളും ഊര്‍ജസ്വലമായതോടെ ജനനനിരക്ക്‌ ഉയരുകയും മരണ നിരക്ക്‌ കുറയുകയും ചെയ്‌തു. മരണനിരക്ക്‌ (2) 1971ല്‍ 17ല്‍ നിന്ന്‌ 1981ല്‍ 15ലേക്ക്‌ കൂപ്പുകുത്തി. സ്വാതന്ത്ര്യലബ്‌ദിയുടെ സമയത്ത്‌ 36 ആയിരുന്ന ശരാശരി ഇന്ത്യാക്കാരന്റെ ആയുര്‍ദൈര്‍ഘ്യം ഇപ്പോള്‍ 63 ആയി ഉയര്‍ന്നു. ഗര്‍ഭശുശ്രൂഷയിലെ വൈദഗ്‌ദ്ധ്യം മിനിറ്റില്‍ 28 കുഞ്ഞുങ്ങളെ പ്രദാനം ചെയ്‌തുകൊണ്ടിരിക്കുന്നു.

ദാരിദ്ര്യത്തിന്റെ പ്രശ്‌നങ്ങള്‍

കെവിന്‍ കാര്‍ട്ടര്‍ സുഡാനില്‍ വച്ച്‌ പകര്‍ത്തിയ ഫോട്ടോ
സമൂഹത്തിലെ ഒരു വിഭാഗം ജനങ്ങള്‍ രൂക്ഷമായി അനുഭവിക്കുന്ന പ്രശ്‌നമാണ്‌ ദാരിദ്ര്യം. വികസനം കടന്നുവരാന്‍ മടിക്കുന്ന ഗ്രാമപ്രദേശങ്ങളിലും ചേരികളിലുമാണ്‌ ഇത്‌ പ്രകടമാകുന്നത്‌. ലോകജനസംഖ്യയില്‍ 1.2 ബില്യണ്‍ ദുര്‍ബലരായ പാവങ്ങളാണ്‌. മൃഗസമാനനായി കണ്ടാല്‍, ആഹാരം - വസ്‌ത്രം - പാര്‍പ്പിടം എന്നീ അടിസ്ഥാനാവശ്യങ്ങള്‍ പോലുമില്ലാത്ത, ഒരുപറ്റം ജനങ്ങള്‍ ഇന്ത്യയുടെ ശോചനീയമായ മറ്റൊരു മുഖം കാണിച്ചുതരുന്നു. വികസിത രാജ്യങ്ങളിലും ചെറിയ തോതില്‍ ദാരിദ്ര്യം നിലനില്‍ക്കുന്നു. ഉദാഹരണത്തിന്‌, അഞ്ചില്‍ ഒരു റഷ്യന്‍ പൗരനും എട്ടില്‍ ഒരു അമേരിക്കന്‍ പൗരനും രാജ്യത്തിന്റെ ഔദ്യോഗിക ദാരിദ്ര്യരേഖയ്‌ക്ക്‌ താഴെയാണ്‌. നിശബ്‌ദവിപ്ലവം എന്ന്‌ അമര്‍ത്യാസെന്‍ വിശേഷിപ്പിച്ച `വിശപ്പ്‌' ദാരിദ്ര്യത്തിന്റെ കൂടപ്പിറപ്പാണ്‌. യു.എന്‍.ഒ.യുടെ കണക്ക്‌ പ്രകാരം ഇന്ന്‌ ലോകത്ത്‌ 850 മില്യണ്‍ ജനങ്ങള്‍ പട്ടിണിയോ പോഷകാഹാരക്കുറവോ അനുഭവിക്കുന്നുണ്ട്‌. 1.1മില്യണ്‍ ജനങ്ങള്‍ ശുദ്ധജലദൗര്‍ലഭ്യത്തിനിരകളാകുന്നു. മരണം മണത്ത്‌ കാത്തിരിക്കുന്ന കഴുകന്‍മാരുടെയടുത്ത്‌ അല്‍പപ്രാണനോടെ ഇഴഞ്ഞുനീങ്ങുന്ന കുട്ടിയുടെ ചിത്രം (കെവിന്‍ കാര്‍ട്ടര്‍ സുഡാനില്‍ വച്ച്‌ പകര്‍ത്തിയ ഫോട്ടോ) ഈ അവസരത്തില്‍ ഓര്‍ക്കാതെ വയ്യ.


തോമസ്‌ സൊവെല്‍

വാള്‍ട്ടര്‍ ഇ.വില്യംസ്‌
ധനശാസ്‌ത്രവിദഗ്‌ദ്ധരായ തോമസ്‌ സൊവെലും വാള്‍ട്ടര്‍ ഇ.വില്യംസും അഭിപ്രായപ്പെടുന്നത്‌ ``മൂന്നാം ലോകത്ത്‌ ദാരിദ്ര്യത്തിനും ക്ഷാമത്തിനും കാരണം ദുര്‍ബലമായ ഗവണ്‍മെന്റും അംഗീകരിക്കപ്പടാത്ത സാമ്പത്തിക പദ്ധതികളുമാണ്‌, അല്ലാതെ ജനസംഖ്യ കൊണ്ടല്ല'' എന്നാണ്‌. എന്നിരുന്നാലും, ലോകമഹായുദ്ധത്തിനുശേഷം ജനസംഖ്യ കൂടിയതാണ്‌ ദാരിദ്ര്യത്തിന്‌ കാരണമായതെന്ന്‌ ഡെമോഗ്രഫി ശാസ്‌ത്രജ്ഞര്‍ വ്യക്തമാക്കുന്നു. ഇത്‌ ജനങ്ങളിലെ വലിയൊരു വിഭാഗത്തിന്റെ പ്രവര്‍ത്തനശേഷിയില്‍ നിലവാരത്താഴ്‌ചയുണ്ടാക്കുകയും ഉല്‍പാദനശേഷിയുള്ള മനുഷ്യരുടെ എണ്ണം കുറയ്‌ക്കുകയും ചെയ്യുന്നു.

വിഭവങ്ങളുടെ ലഭ്യതയിലുണ്ടായ അധ:പതനം വിശപ്പിനും പട്ടിണിക്കും കാരണമാകുന്നു. തോമസ്‌ മാല്‍ത്തൂസ്‌ ഈ അവസ്ഥയെ പ്രതിപാദിക്കുന്നതിങ്ങനെ - ``ലോകജനസംഖ്യ 2, 4, 8.. എന്ന സമഗുണിതശേണിയിലും വിഭവങ്ങള്‍ 1, 2, 3... എന്ന സമാന്തരശ്രേണിയിലും വര്‍ദ്ധിക്കുന്നുന്നു. ഇത്‌ വ്യക്തമാക്കുന്നത്‌ മനുഷ്യന്റെ ഉപഭോഗം വിഭവലഭ്യതയെ കവച്ചുവയ്‌ക്കുന്നുവെന്നാണ്‌. ഭൂമിയിലെ പ്രകൃതിദത്തമായ വിഭവങ്ങളുടെ ക്രമമായ നശീകരണം സാമ്പത്തിക നിലനില്‍പിനെ വെല്ലുവിളിക്കുന്ന സ്ഥിതിയില്‍ എത്തിച്ചേര്‍ന്നിരിക്കുന്നു. നമ്മള്‍ ഭാവിതലമുറയ്‌ക്ക്‌ കൈമാറാന്‍ പോകുന്ന തുക അവരെക്കൊണ്ട്‌ താങ്ങാനാവാത്തതായിരിക്കും.

ഇപ്രകാരമുള്ള വര്‍ദ്ധിത ഉപഭോഗം ഭക്ഷ്യക്ഷാമത്തിലേക്ക്‌ ലോകത്തെ കൊണ്ടെത്തിക്കുന്നു. ഹരിതവിപ്ലവത്തിന്റെ തിളങ്ങുന്ന 40 വര്‍ഷങ്ങള്‍ കൊണ്ട്‌ വികസ്വരരാഷ്‌ട്രങ്ങളിലെ പോഷകാഹാരക്കുറവ്‌ അനുഭവിക്കുന്ന ജനങ്ങളുടെ എണ്ണം 48ശതമാനത്തില്‍ നിന്ന്‌ 18ശതമാനത്തിലേക്ക്‌ താണിരുന്നു. 1930ലെ ഗ്രേറ്റ്‌ ഡിപ്രഷന്‌ ശേഷം സാമ്പത്തികരംഗത്ത്‌ ഈയടുത്തുണ്ടായ പ്രതിസന്ധി പണപ്പെരുപ്പത്തോടൊപ്പം ഭക്ഷ്യക്ഷാമത്തേയും വിളിച്ചുണര്‍ത്തി.
ജനപ്പെരുപ്പത്തിന്റെ സൃഷ്‌ടിയാണ്‌ തൊഴിലില്ലായ്‌മ. ലക്ഷക്കണക്കിന്‌ വിദ്യാര്‍ത്ഥികളാണ്‌ ഓരോ വര്‍ഷവും ബിരുദം നേടി ജോലി തേടുന്നത്‌. സാമ്പത്തികമാന്ദ്യത്തോടൊപ്പം ഔട്ട്‌സോഴ്‌സിങ്ങിലും റിക്രൂട്ട്‌മെന്റിലുമുണ്ടായ ഇടിവും അവരുടെ നില പരുങ്ങലിലാക്കിയിരിക്കുന്നു. ഏതുമേഖലയിലും ചെറിയ തൊഴിലിനു വരെ അനേകായിരം അപേക്ഷകര്‍ പ്രത്യക്ഷപ്പെടുന്നത്‌ ജനപ്പെരുപ്പത്തിന്റെ ദുരവസ്ഥയാണ്‌. ഡാര്‍വിന്റെ "Survival of the fittest" ഏറ്റവുമിണങ്ങുന്നത്‌ തൊഴില്‍ മേഖലയ്‌ക്കാണെന്ന്‌ തോന്നും.

`ലോകമേ തറവാട്‌' എന്ന രീതിയില്‍ പാര്‍പ്പിടമില്ലാതെ ജീവിതം തള്ളിനീക്കുന്ന എത്രയോ ജനങ്ങള്‍ ഇന്ത്യയിലുണ്ട്‌. സ്ഥല ദൗര്‍ലഭ്യം ഉച്ചസ്ഥായിലായതോടെ കാട്‌ വെട്ടിത്തെളിച്ചും കൃഷിഭൂമി നികത്തിയും ഗൃഹനിര്‍മ്മാണം നടക്കുന്നു. പ്രകൃതിയെ വന്ധ്യയാക്കുന്ന ഈ പ്രവണത അങ്ങേയറ്റം ദോഷകരമാണ്‌. ഒരു ബില്യണ്‍ ജനങ്ങള്‍ ജീവിക്കുന്നത്‌ തിങ്ങിനിറഞ്ഞ പട്ടണങ്ങളിലാണ്‌. കുറ്റകൃത്യത്തിന്റേയും മയക്കുമരുന്നിന്റേയും വിളനിലമാണ്‌ ഈ പ്രദേശങ്ങള്‍. മാഫിയ നേതാക്കന്‍മാരും നിയമവിരുദ്ധ വാണിഭങ്ങളുടെ നടത്തിപ്പുകാരും അടങ്ങുന്ന സാമൂഹ്യവിരുദ്ധര്‍ ഈ പ്രദേശങ്ങളെ പ്രവര്‍ത്തനയോജ്യമായ കേന്ദ്രമായി കാണുന്നു. ശുദ്ധവായുവിന്‌ പോലും ബുദ്ധിമുട്ടനുഭവപ്പെടുന്ന നഗരങ്ങള്‍ അസുഖങ്ങളുടെ ഉറവിടമാണ്‌. ലോകത്തുള്ള 18 മെഗാസിറ്റികളിലൊന്നായ മുംബൈയില്‍ ഇത്തരം നഗരങ്ങള്‍ ധാരാളമുണ്ട്‌. അസാംസ്‌കാരികത നിഴലിച്ചു നില്‍ക്കുന്ന ചേരികളില്‍ 2050 ഓടെ 33 മില്യണ്‍ ജനങ്ങള്‍ തിങ്ങിനിറഞ്ഞ്‌ ജീവിക്കുമെന്ന്‌ കണ്ടെത്തിയിരിക്കുന്നു.

ധനശാസ്‌ത്രപരമായ ചിന്തിച്ചാല്‍ ജനപ്പെരുപ്പം സമൂഹത്തെ വളരെയധികം സ്വാധീനിക്കുന്നുവെന്ന്‌ കാണാം. ജനസംഖ്യ ഉയരുമ്പോള്‍ ആനുപാതികമായി ചോദനയും പ്രദാനവും ഉയരുന്നു. ഇതിനനുസരിച്ച്‌ ഉല്‍പാദനം വര്‍ദ്ധിക്കേണ്ടത്‌ അത്യന്താപേക്ഷിതമാണ്‌. സര്‍ക്കാര്‍ മുടക്കുന്ന മൂലധനം ജനസംഖ്യാപരമായ കാര്യങ്ങള്‍ക്ക്‌ ചെലവഴിക്കേണ്ടി വരികയും തല്‍ഫലമായി സാമ്പത്തികനിക്ഷേപം കുറയുകയും ചെയ്യും. പണപ്പെരുപ്പും ഉണ്ടാകുന്നതും വികസനങ്ങള്‍. തിരിച്ചടി നേരിടുന്നതും ഇതിന്റെ പ്രത്യാഘാതമാണ്‌.

വാഹനങ്ങളുടേയും ഫാക്‌ടറികളുടേയും എണ്ണം വര്‍ദ്ധിച്ചതും വനനശീകരണം ത്വരിതപ്പെട്ടതും അന്തരീക്ഷത്തില്‍ ശുദ്ധവായുവിന്റെ അനുപാതം കുറയ്‌ക്കുകയും ശ്വാസസംബന്ധരോഗങ്ങള്‍ ക്ഷണിച്ച്‌ വരുത്തുകയും ചെയ്യുന്നു. പരിസ്ഥിതി മലിനീകരണവും ശുചിത്വക്കുറവും കൊണ്ടുണ്ടാകുന്ന പനികള്‍ മൂലം വര്‍ഷം തോറും 5 ലക്ഷം പേര്‍ മരണമടയുന്നു. ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലങ്ങളില്‍ സാംക്രമിക രോഗങ്ങള്‍ക്കുള്ള സാധ്യത വളരെയേറെയാണ്‌. പട്ടിണിയും പോഷകാഹാരക്കുറവും മൂലം റിക്കറ്റ്‌സ്‌ പോലുള്ള രോഗങ്ങളുണ്ടാകുന്നു.
എയ്‌ഡ്‌സ്‌ ഉള്‍പ്പെടുന്ന STDs, അനാരോഗ്യകരമായ ലൈംഗികബന്ധത്തിലൂടെയും വേശ്യാവൃത്തിയിലൂടെയും വ്യാപകമായിരിക്കുന്നു. ഇന്ത്യന്‍ നഗരങ്ങളില്‍ ഒരു ലക്ഷത്തോളം കുട്ടികള്‍ ശൈശവ വ്യഭിചാരത്തിന്‌ വിധേയരാകുന്നു. 1996ലെ സ്റ്റോക്‌ഹോം കോണ്‍ഫറന്‍സില്‍ പുറത്തുവിട്ട ഈ പഠനഫലം ഇന്ത്യന്‍ സംസ്‌കാരത്തിന്റെ മൂല്യച്യുതിയെ തുറന്ന്‌ കാട്ടുന്നു. ലോകത്ത്‌ ദിവസേന 8000 എച്ച്‌.ഐ.വി. ബാധിതര്‍ ചികിത്സ തേടുന്നു എന്ന വാര്‍ത്തയും നമ്മെ ഇരുത്തി ചിന്തിപ്പേക്കണ്ടത്‌ തന്നെയാണ്‌.

ജനപ്പെരുപ്പം എന്ന ക്യാന്‍സര്‍
കണ്‍ഫ്യൂഷ്യസ്‌, പ്ലേറ്റോ, അരിസ്റ്റോട്ടില്‍ തുടങ്ങിയ മഹാചിന്തകന്‍മാര്‍ ജനസംഖ്യാവര്‍ദ്ധനവിനെപ്പറ്റി നിരീക്ഷണങ്ങള്‍ നടത്തിയിരുന്നതായി ചരിത്രലിഖിതങ്ങള്‍ തെളിയിക്കുന്നു. ജനപ്പെരുപ്പം ജീവിതനിലവാരം തുച്ഛമാക്കുമെന്നും ഗര്‍ഭശുശ്രൂഷയിലെ ശ്രദ്ധക്കുറവ്‌ ശിശുമരണങ്ങള്‍ക്ക്‌ കാരണമാകുമെന്നും കണ്‍ഫ്യൂഷ്യസ്‌ പ്രതിപാദിച്ചു. ജനപ്പെരുപ്പം തടയുന്നതിനുള്ള പോംവഴിയായി ഉപാധികളോടുള്ള ഗര്‍ഭച്ഛിദ്രം (3) സ്വീകാര്യമാണെന്ന്‌ അരിസ്റ്റോട്ടില്‍ എഴുതിയിരുന്നു. മഹാഭാരതം, കാമസൂത്രം, രതിരഹസ്യം, പഞ്ചസായകം ആദിയായ ഗ്രന്ഥങ്ങളില്‍ അധികപ്രസവം ഒഴിവാക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ കാണാം. ഈജിപ്‌ത്‌, ഗ്രീസ്‌ എന്നിവടങ്ങളിലെ പുരാതനരേഖകളിലും ബി.സി.1850ല്‍ എഴുതപ്പെട്ടുവെന്ന്‌ കരുതപ്പെടുന്ന `പാപ്പിറസ്‌' രേഖയിലും ഗര്‍ഭധാരണം തടയുവാനുള്ള വൈദ്യോപദേശങ്ങള്‍ പരാമര്‍ശിച്ചിരിക്കുന്നു.


തോമസ്‌ മാല്‍ത്തൂസ്‌
മതപരമായ എതിര്‍പ്പുകള്‍ വകവയ്‌ക്കാതെ ജനപ്പെരുപ്പത്തിന്റെ നിജസ്ഥിതി വെളിപ്പെടുത്തിയത്‌ തോമസ്‌ മാല്‍ത്തൂസ്‌ ആണ്‌. അദ്ദേഹത്തിന്റെ "Essay of Principle of Population� എന്ന ഗ്രന്ഥത്തില്‍ പക്വതയായതിനു ശേഷം വിവാഹം കഴിക്കുന്നതിന്റെ പ്രസക്തിയും രതിനിയന്ത്രണത്തിലൂടെ ജനസംഖ്യ കുറയ്‌ക്കുന്നതിന്റെ പ്രാധാന്യവും വിശദീകരിച്ചിട്ടുണ്ട്‌. ജനസംഖ്യ നിവാരണം, ഗര്‍ഭനിരോധനം, അവിവാഹിതാവസ്ഥ തുടങ്ങിയ positive checks ലൂടെയും യുദ്ധം, ക്ഷാമം, ദാരിദ്ര്യം തുടങ്ങിയ preventive checks ലൂടെയും നടപ്പാകും. എന്നാല്‍ "preventive checks മനുഷ്യസമൂഹത്തിന്റെ രക്ഷക്കെത്തുന്ന അന്ത്യശാസനമാണ്‌. ആ ദുരന്തം പൂര്‍ണവും ആവശ്യവുമായ ഭവിഷ്യത്താണ്‌ '' എന്ന്‌ മാല്‍ത്തൂസ്‌ പറയുന്നു. ലണ്ടനിലെ സാമൂഹ്യപരിഷ്‌കര്‍ത്താവായ ഫ്രാന്‍സിസ്‌ പ്ലേസ്‌ 1822ല്‍ തൊഴിലാളികള്‍ക്കിടയില്‍ കൃത്രിമഗര്‍ഭനിരോധന മാര്‍ഗം നടപ്പിലാക്കി. മാല്‍ത്തൂസിന്റെ സിദ്ധാന്തങ്ങളെ ശക്തമായി പിന്താങ്ങിയ വ്യക്തിയായിരുന്നു അദ്ദേഹം. മാല്‍ത്തൂസിന്റെ സിദ്ധാന്തങ്ങളുടെ സ്വാധീനം ``മാല്‍ത്തൂസിയന്‍ ലീഗ്‌'' എന്ന പ്രസ്ഥാനം ഉടലെടുക്കുന്നതിന്‌ നിര്‍ണായക പങ്ക്‌ വഹിച്ചു. മനുഷ്യരുടെ എണ്ണം അമിതമാകുമ്പോള്‍ ഏറ്റവും പ്രാപ്‌തരായവരെ പ്രകൃതി തെരഞ്ഞെടുക്കുമെന്നാണ്‌ പരിണാമവാദത്തിന്റെ പ്രണേതാവായ ചാള്‍സ്‌ ഡാര്‍വിന്‍ വാദിച്ചത്‌. പരിതസ്ഥിതിക്കനുസരിച്ച്‌ ജീവിതരീതിയില്‍ ഉചിതമായ മാറ്റം വരുത്താന്‍ കഴിവുള്ളവര്‍ മാത്രം നിലനില്‍ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


ആന്‍.എച്ച്‌.എന്‍ലിച്ചും പോള്‍.ആര്‍.എന്‍ലിച്ചും
മാല്‍ത്തൂസിന്റെ സിദ്ധാന്തങ്ങള്‍ പൂര്‍ണമായും ഉള്‍ക്കൊണ്ട്‌ അതിന്റെ ആനുകാലിക പ്രാധാന്യം വിലയിരുത്തി പോള്‍.ആര്‍.എന്‍ലിച്ചും ആന്‍.എച്ച്‌.എന്‍ലിച്ചും വെളിച്ചത്തുകൊണ്ടുവന്ന "The Population Bomb" ഈ രംഗത്തെ ഏറ്റവും വിസ്‌ഫോടനാത്മകമായ ഗ്രന്ഥമായി അറിയപ്പെടുന്നു. സര്‍വനാശം എന്ന ദുര്‍വിധി മുന്‍കൂട്ടിക്കാണാവുന്ന ഇന്നത്തെ സാഹചര്യത്തില്‍ ശാസ്‌ത്രീയ വിശകലനവും അടിയന്തിരമായി മനുഷ്യന്‍ ഇടപെടേണ്ടതിന്റെ ആവശ്യകതയും ഈ പുസ്‌തകത്തില്‍ നിറഞ്ഞുനില്‍ക്കുന്നു. ``ക്യാന്‍സര്‍ എന്നത്‌ കോശങ്ങളുടെ അനിയന്ത്രിതമായ വളര്‍ച്ചയാണ്‌, ജനസംഖ്യാവിസ്‌ഫോടനം മനുഷ്യരുടേയും. ക്യാന്‍സറിന്റെ ലക്ഷണങ്ങള്‍ക്ക്‌ ചികിത്സയിലൂടെ പ്രഥമദൃഷ്‌ട്യാ സുഖം ലഭിക്കുമെങ്കിലും ഒടുവില്‍ മരണം സംഭവിക്കും - പലപ്പോഴും ദാരുണമായി. ജനസംഖ്യാവിസ്‌ഫോടനത്തിന്റെ ലക്ഷണങ്ങള്‍ മാത്രമാണ്‌ ചികിത്സിക്കുന്നതെങ്കില്‍ സമാനമായാ വിധിയാണ്‌ ലോകത്തേയും കാത്തിരിക്കുന്നത്‌''. നമ്മുടെ പരിശ്രമം പൂര്‍ണമായ തുടച്ചുനീക്കലിലേക്ക്‌ മാറണമെന്ന്‌ ഈ സന്ദേശത്തോടൊപ്പം ഗ്രന്ഥകര്‍ത്താക്കള്‍ പറയുന്നു. ഈ രോഗം മൂര്‍ച്ഛിച്ചതിനാല്‍ നിവാരണത്തിന്‌ ചിലപ്പോള്‍ മൃഗീയവും ഹൃദയഭേദകവുമായ തീരുമാനങ്ങള്‍ വേണ്ടി വന്നേക്കുമെന്നും വേദന അസഹനീയമായിരിക്കുമെന്നും അവര്‍ തുറന്നടിക്കുന്നു.

നിര്‍ബന്ധിത ജനനനിയന്ത്രണം വേണമെന്ന്‌ അവര്‍ ഊന്നിപ്പറഞ്ഞു. ജലവിതരണത്തിലും ഭക്ഷണത്തിലും sterilants ചേര്‍ക്കുകയും antidotes (പ്രതിവിഷം) കൃത്യമായി നല്‍കുകയും ചെയ്‌താല്‍ കുടുംബസംഖ്യ താഴ്‌ത്താമെന്ന കടുത്ത മാര്‍ഗ്ഗം നിര്‍ദ്ദേശിക്കുകയും ചെയ്‌തു. ഇത്‌ വിവാദമായെങ്കിലും 1960-70 കാലഘട്ടത്തില്‍ യൂറോപ്പില്‍ പലയിടത്തും അംഗീകരിക്കപ്പെട്ടു. (അടിയന്തിരാവസ്ഥക്കാലത്ത്‌ സഞ്‌ജയ്‌ ഗാന്ധി നടപ്പിലാക്കിയ ജനരോഷത്തിനിരയായ നിര്‍ബന്ധിത വന്ധ്യംകരണം ഓര്‍ക്കുക)

ഊര്‍ജത്തിന്റെ പ്രശ്‌നങ്ങള്‍
ജനപ്പെരുപ്പത്തിന്റെ സൃഷ്‌ടികളായ ഊര്‍ജപ്രതിസന്ധി, ശുദ്ധജലദൗര്‍ലഭ്യം, ഭക്ഷ്യക്ഷാമം തുടങ്ങിയവയ്‌ക്ക്‌ പരിഹാരം കാണാന്‍ മനുഷ്യന്‌ കഴിയും. നോബല്‍ സമ്മാനജേതാവായ അല്‍ ഗൊര്‍ പ്രസ്‌താവിക്കുന്നു ``25 വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇന്റേണല്‍ കമ്പസ്റ്റയിന്‍ എഞ്ചിന്‍ തുടച്ചുനീക്കാവുന്ന ആഗോളപരിപാടികള്‍ ഉണ്ടാക്കിയെടുക്കണം''. ആണവ ഇന്ധനങ്ങളായ യുറേനിയം, തോറിയം, പ്ലൂട്ടോണിയം എന്നീ മൂലകങ്ങള്‍ സമീപഭാവി കീഴടക്കാന്‍ പോകുന്ന ശക്തമായ ഊര്‍ജസ്രോതസ്സുകളാണ്‌. അവിശ്വസനീയമായ ഊര്‍ജത്തിന്റെ ഉറവിടമാണ്‌ ഇനിയും അപകടസാധ്യതയില്ലാതെ പ്രയോഗിച്ചിട്ടില്ലാത്ത ഹൈഡ്രജന്‍. മലിനീകരണവും ഇന്ധനനഷ്‌ടവും കുറയ്‌ക്കുന്ന ഇലക്‌ട്രിക്‌ യുഗത്തെ ലോകം ഉറ്റുനോക്കുന്നു. ലവണനിമര്‍ജനത്തിലൂടെ ശുദ്ധജലപ്രശ്‌നത്തിന്‌ ഒരുപാട്‌ രാജ്യങ്ങള്‍ പ്രതിവിധി കണ്ടിരിക്കുന്നു. ഭക്ഷ്യക്ഷാമം തുടച്ചുനീക്കാന്‍ ഭൂമിയെ `ബൃഹത്തായ മനുഷ്യഭക്ഷണശാലലയാക്കി മാറ്റാന്‍ പോള്‍ എന്‍ലിച്ച്‌ ആവശ്യപ്പെടുന്നു. വീണ്ടുമൊരു ഹരിതവിപ്ലവത്തിനുള്ള സാധ്യതയും ബയോടെക്‌നോളജിയിലേയും കാര്‍ഷികരംഗത്തേയും പുരോഗതിയും ഈ പ്രശ്‌നത്തിന്‌ അറുതി വരുത്തും.

ജനസംഖ്യാ നിയന്ത്രണം

മാര്‍ഗരറ്റ്‌ സാംഗര്‍
1914 ല്‍ ന്യൂയോര്‍ക്ക്‌ സിറ്റിയിലെ പൊതുജനാരോഗ്യ നഴ്‌സ്‌ ആയ മാര്‍ഗരറ്റ്‌ സാംഗര്‍ ആണ്‌ കുടുംബാസൂത്രണം എന്ന ആശയം കൊണ്ടുവന്നത്‌. ഇന്ത്യയില്‍ പൊതുജനാരോഗ്യവകുപ്പിന്റെ മേല്‍നോട്ടത്തില്‍ 1952 മുതല്‍ ഇത്‌ നടപ്പിലാക്കിവരുന്നു. ജനനനിയന്ത്രണത്തിലൂടെ കുടുംബവലിപ്പം കുറയ്‌ക്കുവാനും കുട്ടികളുണ്ടാകേണ്ട കാലയളവ്‌ നിയന്ത്രിക്കുവാനും ആഹ്വാനം ചെയ്യുന്നു. ഈ സാമൂഹ്യ ഉത്തരവാദിത്തത്തെപ്പറ്റി ജനങ്ങളെ ഉദ്‌ബോധരാക്കാനായി പൊതുപഠന പദ്ധതികളും നടപ്പിലാക്കിയിട്ടുണ്ട്‌. ഇതുവഴി വളര്‍ച്ചാനിരക്ക്‌ 21.4% (1981) ല്‍ നിന്ന്‌ 17% (2001) ലേക്കും ഉല്‍പാദനനിരക്ക്‌ ഒരു സ്‌ത്രീയ്‌ക്ക്‌ 4.5 (1981) കുട്ടികള്‍ എന്നതില്‍ നിന്ന്‌ 3.1 (2001)ലേക്കും താഴ്‌ന്നു. വിവാഹപ്രായം (1976ല്‍) പുരുഷന്മാര്‍ക്ക്‌ 21ഉം സ്‌ത്രീകള്‍ക്ക്‌ 18ഉം ആയി ഉയര്‍ത്തി. അതിനു മുന്‍പ്‌ തന്നെ 1972ല്‍ ആരോഗ്യരക്ഷാപരവും കുടുംബരക്ഷാപരവുമായ ലക്ഷ്യങ്ങളോടെ `മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ്‌ പ്രഗ്നന്‍സി' പ്രാബല്യത്തില്‍ വന്നു. ഗര്‍ഭച്ഛിദ്രത്തിന്‌ നിയമപരമായ പരിമിതികളുണ്ട്‌. മാത്രമല്ല, ജീവന്റെ അംശം കുടിയിരിക്കുന്ന ഭ്രൂണത്തെ നശിപ്പിക്കുന്നത്‌ അധാര്‍മ്മികമാണെന്ന വിലയിരുത്തലും ഗര്‍ഭച്ഛിദ്രത്തേക്കാള്‍ ഗര്‍ഭനിരോധനത്തിന്‌ പ്രാധാന്യം നല്‍കുന്നു.

ഗര്‍ഭനിരോധനത്തില്‍ ഇന്നത്തെ അംഗീകൃതമാര്‍ഗങ്ങളുടെ അടിസ്ഥാനതത്വം പ്രാകൃതമനുഷ്യരില്‍ നിന്നും കടമെടുത്തതാണ്‌. നവീനമല്ലാത്ത ഈ ആശയം ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ പ്രോത്സാഹിപ്പിക്കാന്‍ ശാസ്‌ത്രജ്ഞന്‍മാരും സാമുദായികപ്രവര്‍ത്തകന്മാരും ശ്രമിച്ചെങ്കിലും മതപരമായ ഇടപെടലുകള്‍ അവയെ നിഷ്‌ഫലമാക്കി. എതിര്‍പ്പുകളെ അവഗണിച്ച്‌ 1916ല്‍ അമേരിക്കയിലും 1921ല്‍ ഇംഗ്ലണ്ടിലും ഗര്‍ഭനിരോധന ക്ലിനിക്കുകള്‍ സ്ഥാപിതമായി. 1939ല്‍ കുടുംബാസൂത്രണ സംഘടനയും 1952ല്‍ ഇന്റര്‍നാഷണല്‍ പാരന്റ്‌ഹുഡ്‌ ഫെഡറേഷനും സ്ഥാപിതമായതോടെ ഈ മാര്‍ഗം ലോകപ്രചാരം നേടി. കോയിറ്റസ്‌ ഇന്ററപ്‌റ്റസ്‌ എന്ന ഉപകരണമാര്‍ഗ്ഗവും കോണ്‍ഡം, ഡയഫ്രം തുടങ്ങിയ യാന്ത്രികമാര്‍ഗ്ഗങ്ങളും ഇന്ന്‌ ഉപയോഗിച്ചുവരുന്നു. ഗര്‍ഭാശയാന്തര മാര്‍ഗങ്ങള്‍ക്കും രാസവസ്‌തുക്കളുടെ ഉപയോഗത്തിനും ഗര്‍ഭനിരോധനഗുളികകള്‍ക്കും പ്രചാരമേറെ. വാസക്‌ടമി, ട്യൂബക്‌ടമി തുടങ്ങിയ ശസ്‌ത്രക്രിയകള്‍ സ്ഥിരമായി ഗര്‍ഭനിരോധനത്തിന്‌ വിനിയോഗിക്കുന്നു. 1991ല്‍ പത്തില്‍ ഒരു ദമ്പതിമാര്‍ ചെയ്‌തിരുന്ന ഗര്‍ഭനിരോധനം ഇന്ന്‌ പത്തില്‍ അഞ്ചായി വര്‍ദ്ധിച്ചിരിക്കുന്നു.
ചൈനയില്‍ നടപ്പിലാക്കി വരുന്ന one child policy ലോകവ്യാപകമാക്കാന്‍ യു.എന്‍.ഒ. ഉത്സാഹിക്കണമെന്ന്‌ ടെഡ്‌ ടര്‍ണര്‍ പോലുള്ള മനുഷ്യസ്‌നേഹികള്‍ ആവശ്യപ്പെടുന്നത്‌ അതിന്‌ രാഷ്‌ട്രീയവും മതപരവുമായ ബാദ്ധ്യതകള്‍ ഇല്ലാത്തതുകൊണ്ടാണ്‌. കാര്യക്ഷമമായ പ്രവര്‍ത്തനത്തോടെ വിശപ്പനുഭവിക്കുന്നവരുടെ എണ്ണം 20% (1990) ല്‍ നിന്ന്‌ 10% (2015) ആയി കുറയ്‌ക്കുമെന്ന്‌ എഫ്‌.എ.ഒ. പ്രഖ്യാപിച്ചിരിക്കുന്നു.


ഡേവിഡ്‌ അറ്റന്‍ബറോ
ജനസംഖ്യാനയവുമായി മുന്നോട്ട്‌ നീങ്ങുന്ന യു.എന്‍.ഒ.യുടെ വിഭാഗങ്ങളാണ്‌ യു.എന്‍.എഫ്‌.പി.എ., യു.എന്‍.പി.ഡി. എന്നിവ. "stop at two" എന്ന സര്‍ ഡേവിഡ്‌ അറ്റന്‍ബറോയുടെ മുദ്രാവാക്യം ഇന്ന്‌ ഇന്ത്യയിലും അംഗീകരിച്ചിരിക്കുന്നു. വികസിത രാഷ്‌ട്രങ്ങളിലെ 300 മില്യണ്‍ സ്‌ത്രീകളില്‍ ഗര്‍ഭനിവാരണത്തെക്കുറിച്ചുള്ള അജ്ഞത അകാരണമായ മരണഭയം സൃഷ്‌ടിക്കുന്നു. ഗര്‍ഭച്ഛിദ്രത്തിലെ പിഴവുകള്‍ മൂലം പ്രതിവര്‍ഷം 514,000 സ്‌ത്രീകള്‍ മരണത്തിന്‌ സമര്‍പ്പിക്കപ്പെടുന്നു. 8 മില്യണ്‍ ഗര്‍ഭസ്ഥശിശുക്കള്‍ [ശിശുമരണ നിരക്ക്‌ 110 (1981)ല്‍ നിന്ന്‌ 66 (2001) ലേക്ക്‌ കുറഞ്ഞെങ്കിലും] ഭൂപ്രവേശം നടത്താതെ മടങ്ങുന്നു. ദേശീയ ജനസംഖ്യാപദ്ധതി (2000) യില്‍ ദീര്‍ഘവീക്ഷണത്തോടുകൂടിയ കര്‍മ്മപരിപാടികള്‍ എഴുതിച്ചേര്‍ത്തിട്ടുണ്ടെങ്കിലും അത്‌ പ്രായോഗികമാക്കാന്‍ ഗവണ്‍മെന്റ്‌ ഉത്തരവാദിത്വത്തോടുകൂടി പ്രവര്‍ത്തിക്കേണ്ടതുണ്ട്‌.


ജറാര്‍ഡ്‌ ഒനീല്‍
ഈ നിവാരണയജ്ഞങ്ങള്‍ നടപ്പിലാക്കുന്നതില്‍ വീഴ്‌ചകള്‍ വന്നാല്‍, അതായത്‌ ഭാവിയില്‍ ചവിട്ടിനില്‍ക്കാനുള്ള മണ്ണിനുവേണ്ടിയും പിടിവലി വന്നാല്‍ ആ അവസ്ഥയ്‌ക്കും ഉയര്‍ന്ന തലത്തിലുള്ള തന്ത്രങ്ങള്‍ ശാസ്‌ത്രജ്ഞരിലുണ്ട്‌. 1970ല്‍ ജറാര്‍ഡ്‌ ഒനീല്‍ `ബഹിരാകാശ പാര്‍പ്പിടം' എന്ന ആശയം കൊണ്ടുവന്നു. ഭൂമിയുടെ 30,000 മടങ്ങ്‌ വഹനശേഷി `ആസ്‌ടെറോയിഡ്‌ ബെല്‍ട്ടു'കളില്‍ നിര്‍മ്മിക്കാവുന്ന ഈ താമസകേന്ദ്രങ്ങള്‍ക്കുണ്ട്‌. ഈയിടെ അന്തരിച്ച ആര്‍തര്‍.സി.ക്ലാര്‍ക്ക്‌ ചന്ദ്രന്‍, ചൊവ്വ, ഗാനിമീഡ്‌ തുടങ്ങിയ സൗരയൂഥഗോളങ്ങളില്‍ 2060 ഓടെ മനുഷ്യവാസമുണ്ടാകുമെന്ന്‌ പ്രവചിച്ചിരുന്നു. ചില ഹോളിവുഡ്‌ സിനിമകള്‍ പോലെ സാങ്കല്‍പികമായ ഒരു ഹാസ്യസൃഷ്‌ടിയായി ഈ ശയത്തെ കരുതിയാലും ഇതിനുള്ള സാദ്ധ്യത പൂര്‍ണമായും തള്ളിക്കളയാനാവില്ല.


കാലനില്ലാത്ത കാലം








ഡെസ്‌മണ്ട്‌ മോറിസ്‌
നരവംശശാസ്‌ത്രജ്ഞനായ ഡെസ്‌മണ്ട്‌ മോറിസിന്റെ വാക്കുകള്‍ ഈ കാലഘട്ടത്തിന്‌ അനുയോജ്യമാണ്‌. ``മനുഷ്യര്‍ quantity species അല്ല, മറിച്ച്‌ quality species ആണ്‌. സാമൂഹികബോധം ആ വഴിക്ക്‌ നീങ്ങേണ്ടതുണ്ട്‌ ''. ഗുണനിലവാരമുള്ള ഒരു സമൂഹമായി നമ്മള്‍ മാറണമെന്ന ധ്വനി അദ്ദേഹത്തിന്റെ വാക്കുകളിലുണ്ട്‌. അതിന്‌ വിലങ്ങുതടിയായി നില്‍ക്കുന്ന ജനസംഖ്യാവര്‍ദ്ധനവിനെ പിടിച്ചുകെട്ടേണ്ടതിന്‌ മുന്‍പില്‍ നില്‍ക്കേണ്ടത്‌ ഏറ്റവും വിവേകബുദ്ധിയുള്ള ജീവിയായ മനുഷ്യരാണ്‌. രാഷ്‌ട്രീയവും മതപരവും സാമൂഹികവുമായ കെട്ടുപാടുകളില്‍ നിന്ന്‌ മോചിതനായി ഭാവിതലമുറയ്‌ക്കു വേണ്ടി ന്യായവും ഉചിതവുമായ തീരുമാനമെടുത്ത്‌ പ്രവര്‍ത്തിക്കാന്‍ ഇനിയും വൈകിയാല്‍ കുഞ്ചന്‍ നമ്പ്യാര്‍ വിഭാവന ചെയ്‌ത `കാലനില്ലാത്ത കാലം' വന്നെത്തുമോ എന്ന്‌ സംശയിക്കേണ്ടിയിരിക്കുന്നു.



  1. അഗസ്റ്റസ്‌ (B.C. 63 - A.D. 14) - യഥാര്‍ത്ഥ പേര്‌ ഒക്‌ടേവിയസ്‌. അഗസ്റ്റസ്‌ എന്നത്‌ അദ്ദേഹം മുതല്‍ക്കുള്ള റോമന്‍ ചക്രവര്‍ത്തിമാരുടെ സ്ഥാനപ്പേരാണ്‌. ജൂലിയസ്‌ സീസറുടെ സഹോദരിയായ ജൂലിയയുടെ പുത്രി ആറ്റിയ ആണ്‌ അമ്മ. ജൂലിയന്‍ കുടുംബത്തില്‍ പിറന്നതുകൊണ്ടാണ്‌ അവരുടെ നിയമങ്ങള്‍ക്ക്‌ Julian Laws അതായത്‌ Lex Julia എന്ന പേരുവന്നത്‌. വിവാഹവും ധാര്‍മ്മിക കടമകളുമാണ്‌ ഈ നിയമങ്ങളിലൂടെ പ്രഖ്യാപിച്ചത്‌. Lex Papia Poppaea എന്നത്‌ വിവാഹസംബന്ധനിയമമാണ്‌.
  2. മരണനിരക്ക്‌ - പ്രതിവര്‍ഷം ആയിരം പേരില്‍ മരിക്കുന്നവരുടെ എണ്ണം. ജനനനിരക്ക്‌ - പ്രതിവര്‍ഷം ആയിരം പേരില്‍ ജനിക്കുന്നവരുടെ എണ്ണം.
  3. അനാവശ്യ ഗര്‍ഭച്ഛിദ്രം (unnecessary abortion) അരിസ്റ്റോട്ടില്‍ അംഗീകരിച്ചിരുന്നില്ല. ഗര്‍ഭച്ഛിദ്രത്തിന്റെ ആവശ്യകതയ്‌ക്ക്‌ കൃത്യമായ ഉപാധികള്‍ അദ്ദേഹം വച്ചിരുന്നു. എങ്കിലും ജനസംഖ്യാവര്‍ദ്ധനവ്‌ തടയുന്നതിനുളള നല്ല മാര്‍ഗ്ഗമായി ഇതിനെ കണ്ടിരുന്നു.

`കേരളീയം യുവപ്രതിഭാപുരസ്‌കാര'ത്തിനുവേണ്ടിയുള്ള കഥാ, കവിത, ലേഖന മത്സരങ്ങളില്‍ ലേഖന വിഭാഗത്തില്‍ ഒന്നാം സമ്മാനം നേടിയ ലേഖനം. കുസാറ്റിലെ ബി.ടെക്‌ ഇലക്‌ട്രോണിക്‌ & കമ്മ്യൂണിക്കേഷന്‍ എന്‍ജിനീയറിംഗ്‌ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിയായ രചയിതാവ്‌ ശരത്‌.ജി., ആലുവ എടനാട്‌ സരോവരത്തില്‍ സര്‍ക്കാര്‍ ജീവനക്കാരനായ ഗോപാലകൃഷ്‌ണന്റെയും പി.ഡി.ടീച്ചറായ സരസുവിന്റെയും മകനാണ്‌.


നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ കേരളീയത്തെയും  രചയിതാവിനെയും അറിയിക്കുക. അതിനായി ഏറ്റവും മുകളിലുള്ള post feedback സംവിധാനം ഉപയോഗിക്കുക.

<< Back to List

 

Advertise domain names




 

Home | About Us | Contact Us | Classifieds
User Agreement | Privacy Policy | Copyright Policy Copyright Keraleeyam 2008 All Rights Reserved.

Use of this site is subject to express terms of use, which prohibit commercial use of this site. By continuing past this page, you agree to abide by these terms.