|
|
|
പ്രശസ്‌ത ഗാന്ധിയനും നിയമജ്ഞനുമായ ജസ്റ്റിസ് പി.കെ.ഷംസുദ്ദീനുമായി കേരളീയം എഡിറ്ററും ആക്‌ട് ഫോര്‍ ഹ്യുമാനിറ്റി എന്ന സംഘടനയുടെയും ടെററിസം ഫ്രീ കേരള പ്രൊജക്‌ടിന്റെയും ചെയര്‍മാനുമായ ഇസഹാഖ് ഈശ്വരമംഗലം 2009 ഒക്‌ടോബര്‍ 10ന് നടത്തിയ അഭിമുഖത്തില്‍ നിന്ന്. (ജസ്റ്റിസ് പി.കെ.ഷംസുദ്ദീനേക്കുറിച്ചുള്ള കൂടുതല്‍ വ്യക്തിവിവരങ്ങള്‍ ഈ ലിങ്കില്‍ ലഭ്യമാണ്)
- തെരഞ്ഞെടുപ്പില്‍ മതവും ജാതിയും നോക്കി സ്ഥാനാര്‍ത്ഥികളെ നിര്‍ണ്ണയിക്കുന്ന പ്രവണത ഇന്ത്യയിലെല്ലായിടത്തും വ്യാപകമാവുന്നു. എന്താണ് അങ്ങയുടെ കാഴ്‌ചപ്പാട്?
- ഇത് തെറ്റായ പ്രവണതയാണ്. ഭൂരിപക്ഷ വോട്ട് കേന്ദ്രീകരിക്കാനുള്ള രാഷ്‌ട്രീയ തന്ത്രമാണത്. എറണാകുളം മണ്‌ഡലം എടുക്കുക. ക്രിസ്‌ത്യന്‍ സമൂദായത്തിന് ഭൂരിപക്ഷമുള്ള ഒരു സ്ഥലം. മലപ്പുറമാണെങ്കില്‍ മുസ്‌ലീങ്ങള്‍ക്കാണ് ഭൂരിപക്ഷം. അത് നോക്കി സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുന്ന രീതി മാറേണ്ടതു തന്നെയാണ്.
- സ്ഥാനാര്‍ത്ഥിനിര്‍ണ്ണയത്തിന്റെ കാര്യത്തില്‍, മതങ്ങളുടെ വികാരത്തെ മാനിക്കുക എന്നതിനേക്കാള്‍, സമൂഹത്തിന് ഗുണകരമായി പ്രവര്‍ത്തിക്കും എന്ന് ഉറപ്പുള്ള ഒരു വ്യക്തിയെ കണ്ടെത്തുക എന്നതായിരിക്കേണ്ടെ നമ്മുടെ രാഷ്‌ട്രീയ പാര്‍ട്ടികള്‍ അവലംബിക്കേണ്ട രീതി? അതല്ലേ ശരിയായ രാഷ്‌ട്രീയ നീതി?
- തീര്‍ച്ചയായും അങ്ങനെയാണ് വേണ്ടത്. പക്ഷേ മറ്റൊരു വശം കൂടി പരിഗണിക്കേണ്ടതുണ്ട്. അത് സാമൂഹിക നീതി എന്നുള്ള വശമാണ്. ദളിത്, പിന്നോക്ക വര്‍ഗ്ഗങ്ങള്‍, ഗിരിവര്‍ഗ്ഗങ്ങള്‍.. ഇവരെല്ലാം ഒരുപാട് കാലം എല്ലാ മനുഷ്യാവകാശങ്ങളും നിഷേധിക്കപ്പെട്ടവരായിരുന്നു. അവരെ മുഖ്യധാരയോടൊപ്പമെത്തിക്കുന്നതിന് ചില സംരക്ഷണങ്ങള്‍ കൊടുക്കാതെ പറ്റില്ല. നമ്മള്‍ സ്‌ത്രീ സംവരണം എന്തിനാ വച്ചിരിക്കുന്നത്? പുരുഷമേധാവിത്വം കൊണ്ട് സ്‌ത്രീകള്‍ പല മേഖലകളിലും പിന്നോക്കം പോയിട്ടുണ്ട്. അത് ഒരു സമൂദായം എന്നില്ല. എല്ലാ സമുദായങ്ങളിലുമുള്ള സ്‌ത്രീകളും പുറകിലാണ്. അവരെ മുന്നോട്ടു കൊണ്ടുവരണമെങ്കില്‍ അവര്‍ക്ക് ഒരു സംവരണം തല്‍ക്കാലത്തേക്കെങ്കിലും അതായത് അവര്‍ മുഖ്യധാരയിലേക്ക് അലിഞ്ഞു ചേരുന്നത് വരെ കൊടുക്കാതെ പറ്റില്ല.
- പക്ഷേ മതഭൂരിപക്ഷം നോക്കി സ്ഥാനാര്‍ത്ഥിനിര്‍ണ്ണയം നടത്തുന്നത് ശരിയാണോ?
- സ്ഥാനാര്‍ത്ഥിനിര്‍ണ്ണയത്തില്‍ ഒരിക്കലും മതങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കാന്‍ പാടില്ല. പക്ഷേ, രാഷ്‌ട്രീയ പാര്‍ട്ടികള്‍ അതാണിപ്പോള്‍ ചെയ്‌തുകൊണ്ടിരിക്കുന്നത്. നമ്മുടെ രാജ്യത്ത് ഇപ്പോഴും മതങ്ങളുടെ പേരിലുള്ള വൈകാരികവിചാരങ്ങള്‍ നിലനില്‍ക്കുന്നുവെന്നുള്ളത് യാഥാര്‍ത്ഥ്യമാണ്. അതുകൊണ്ട് രാഷ്‌ട്രീയ പാര്‍ട്ടികള്‍ കണക്കൂകൂട്ടുന്നത് എറണാകുളം നിയോജകമണ്‌ഡലത്തില്‍ ഒരു ക്രിസ്‌ത്യന്‍ സമുദായത്തില്‍ നിന്നുള്ള ആളെ നിര്‍ത്തിയാല്‍ ജയിക്കാന്‍ കൂടുതല്‍ സാദ്ധ്യതയുണ്ട് എന്നാണ്. പക്ഷേ അതൊന്നും സത്യമല്ല. എറണാകുളത്ത് എത്രയോ പ്രാവശ്യം ക്രിസ്‌ത്യന്‍ സമുദായത്തിന് പുറത്തുനിന്നുള്ളവര്‍ വിജയിച്ചിട്ടുണ്ട്. ദൈവവിശ്വാസികളല്ലാത്തവരും ജയിച്ചിട്ടുണ്ട്. തമിഴ്‌നാട്ടില്‍ ഇപ്പോള്‍ ഭരിക്കുന്നത് യുക്തിവാദിയും നിരീശ്വരവാദിയുമായ കരുണാനിധിയാണ്. ഇതൊക്കെ തെളിയിക്കുന്നത് മതം തെരഞ്ഞെടുപ്പില്‍ ഒരു മാനദണ്‌ഡമേയല്ല എന്നാണ്. പക്ഷേ രാഷ്‌ട്രീയ പാര്‍ട്ടികള്‍ എപ്പോഴും ഇതുപോലെയുള്ള സമവാക്യങ്ങള്‍ നോക്കുകയാണ്. ഭരിക്കാനുള്ള ഭൂരിപക്ഷം കിട്ടലാണല്ലോ അവര്‍ക്കാവശ്യം. ധാര്‍മ്മികമായിട്ടുള്ള അവബോധം രാഷ്‌ട്രീയക്കാര്‍ക്ക് ഇന്നും വന്നിട്ടില്ലായെന്നുള്ളതാണ് യാഥാര്‍ത്ഥ്യം. അധികാരത്തിനുവേണ്ടി പല രാഷ്‌ട്രീയപാര്‍ട്ടികളും എന്തും ചെയ്യാന്‍ തയ്യാറായിട്ടുണ്ട്. കള്ളവോട്ട് ചെയ്യാന്‍ തയ്യാറാവും.. മതപ്രീണനത്തിന് തയ്യാറാവും. പക്ഷേ അതല്ല, യഥാര്‍ത്ഥത്തില്‍ സ്വീകരിക്കേണ്ട മാര്‍ഗ്ഗം ഇതുപോലെയുള്ള പരിഗണനകളുണ്ടാകാതെ നല്ല മനുഷ്യരെ സ്ഥാനാര്‍ത്ഥികളാക്കുക എന്നതാണ്.
പിന്നെ രാഷ്‌ട്രീയ പാര്‍ട്ടികള്‍ ഒരു കാര്യം ചെയ്യണം. അതായത് എല്ലാവര്‍ക്കും സാമൂഹികനീതി ഉറപ്പാക്കണം. പ്രത്യേകിച്ച് മുഖ്യധാരയില്‍ ഇനിയും വന്നുപെടാത്ത പല സമൂഹങ്ങളുണ്ട്. സച്ചാര്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ടനുസരിച്ച് പല മേഖലകളിലും മുസ്‌ലീങ്ങള്‍ വളരെ പിന്നോക്കമാണ്. ചില കാര്യങ്ങളില്‍ ദളിതരേക്കാള്‍ പിന്നോക്കമാണ്. അപ്പോള്‍ ഇവരേപ്പോലുള്ളവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരണമെങ്കില്‍ അവര്‍ക്ക് കുറച്ച് സംവരണമൊക്കെ കൊടുക്കണം. വിദ്യാഭ്യാസമേഖലയില്‍ സംവരണം കൊടുക്കുക, സ്‌കോളര്‍ഷിപ്പ് കൊടുക്കുക, അവരുടെ പെണ്‍കുട്ടികള്‍ക്ക് പഠനത്തിന് പ്രോത്സാഹനം നല്‍കുക, ആ മേഖലകളില്‍ കൂടുതല്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ കൊണ്ടുവരിക. ഇങ്ങനെ അവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരികയാണ് ചെയ്യേണ്ടത്. അവര്‍ക്കു കിട്ടേണ്ട സാമൂഹിക നീതി നിഷേധിക്കാന്‍ പാടില്ല. അതേ അവസരത്തില്‍ ജാതിയും മതവും നോക്കി സ്ഥാനാര്‍ത്ഥികളെ നിര്‍ണ്ണയിക്കുന്നതും വോട്ടുചെയ്യുന്നതും തെറ്റാണ്. നിര്‍ബന്ധമായും ഒഴിവാക്കേണ്ടതാണ്.
- നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ എറണാകുളത്ത് ക്രിസ്‌ത്യന്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്താന്‍ രാഷ്‌ട്രീയ പാര്‍ട്ടികള്‍ തയ്യാറാകണമെന്ന് കെസിബിസി ആവശ്യപ്പെട്ടിട്ടുണ്ട്. അവരങ്ങനെ ആവശ്യപ്പെടുകയും പിന്നീട് ക്രിസ്‌ത്യന്‍ സമുദായത്തില്‍ നിന്നൊരാള്‍ സ്ഥാനാര്‍ത്ഥിയായി വരികയും ചെയ്യുമ്പോള്‍ അത് കൂട്ടിവായിക്കേണ്ടത് ഇവരുടെ നിര്‍ബന്ധത്തിനു വഴങ്ങി, അല്ലെങ്കില്‍ ഇവരുടെ നിര്‍ദ്ദേശമനുസരിച്ചാണ് അത്തരത്തിലൊരു സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം നടക്കുന്നത് എന്നല്ലേ?
- അവര്‍ അവരുടെ അഭിപ്രായം പറഞ്ഞു. അത് സമ്മതിച്ചുകൊണ്ടാണ് സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയത് എന്ന് പറയാന്‍ പറ്റില്ല. ഏത് പാര്‍ട്ടിയായാലും അവര്‍ക്ക് വേറെയും പല പരിഗണനകളുണ്ടാകും. ഇതും അവരുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടാകാം, പരിഗണിച്ചിട്ടുണ്ടാകാം എന്നേ നമുക്ക് പറയാന്‍ പറ്റുള്ളു. നിശ്ചയമായിട്ടും പരിഗണിച്ചു എന്ന് പറയാന്‍ പറ്റില്ല.
- മതേതരമായി തെരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാര്‍ ശരിഅത്ത് അധിഷ്‌ഠിത ഇസ്‌ലാമിക ബാങ്കില്‍ നിക്ഷേപം നടത്തുന്നത്, പങ്കാളിത്തം വഹിക്കുന്നത് ഭരണഘടനാപരമായി നീതീകരിക്കാവുന്നതാണോ?
- ശരിഅത്ത്, ഇസ്‌ലാമിക ബാങ്ക് എന്നൊക്കെ പറയുന്നതുകൊണ്ടാണ് ഈ അപകടം ഉണ്ടാവുന്നത്. ഇന്ററസ്റ്റ് ഫ്രീ ബാങ്ക് എന്നുപറഞ്ഞാല്‍ ഈ അപകടം ഉണ്ടാവുന്നില്ല. ഇന്ററസ്റ്റ് ഫ്രീ ബാങ്ക് വളരെ
| പലിശയുള്ള ബാങ്കിംഗ് സിസ്റ്റത്തിലെ ചൂഷണങ്ങള്‍ വര്‍ജ്ജിച്ചിട്ട് എല്ലാ മനുഷ്യര്‍ക്കും ഗുണം കിട്ടുന്ന രീതിയില്‍ പലിശരഹിത ബാങ്ക് തുടങ്ങുകയാണെങ്കില്‍ അത് കൂടുതല്‍ മനുഷ്യത്വപരമായിരിക്കും. പക്ഷേ, അത് ഇസ്‌ലാമിക ബാങ്ക്, ശരിഅത്ത് ബാങ്ക് എന്നൊക്കെ പറഞ്ഞ് വെറുതേ ആവശ്യമില്ലാത്ത തര്‍ക്കങ്ങള്‍ക്ക് കാരണമാക്കേണ്ട കാര്യമില്ല. |
സ്വാഗതാര്‍ഹമായിട്ടുള്ള ഒരു കാര്യമാണ്. കാരണം, പലിശയുള്ള ബാങ്കിംഗ് സിസ്റ്റത്തില്‍ ഒരുപാട് ചൂഷണങ്ങള്‍ വരുന്നുണ്ട്. അത് വര്‍ജ്ജിച്ചിട്ട് എല്ലാ മനുഷ്യര്‍ക്കും ഗുണം കിട്ടുന്ന രീതിയില്‍ പലിശരഹിത ബാങ്ക് തുടങ്ങുകയാണെങ്കില്‍ അത് കൂടുതല്‍ മനുഷ്യത്വപരമായിരിക്കും. കൂടുതല്‍ മാനവികത ഉള്‍ക്കൊള്ളുന്നത് അതായിരിക്കും. ആ നിലയ്‌ക്ക് ഇന്ററസ്റ്റ് ഫ്രീ ബാങ്കിംഗ് സ്വാഗതാര്‍ഹമാണ്. പക്ഷേ, അത് ഇസ്‌ലാമിക ബാങ്ക്, ശരിഅത്ത് ബാങ്ക് എന്നൊക്കെ പറഞ്ഞ് വെറുതേ ആവശ്യമില്ലാത്ത തര്‍ക്കങ്ങള്‍ക്ക് കാരണമാക്കേണ്ട കാര്യമില്ല.
- അങ്ങിനെയെങ്കില്‍ ശരിഅത്ത് അധിഷ്‌ഠിത ഇസ്‌ലാമിക ബാങ്ക് എന്നു പറയുന്ന സംവിധാനത്തില്‍ മതേതരഭരണകൂടം നിക്ഷേപം നടത്തുന്നതും പങ്കാളിത്തം വഹിക്കുന്നതും ശരിയാണോ? ഇസ്‌ലാമികവിരുദ്ധമായ കാര്യങ്ങള്‍ക്ക് ലോണ്‍ നല്‍കില്ലായെന്നു പറയുന്ന ഒരു സംരംഭത്തില്‍...
- ഇസ്‌ലാമിക വിരുദ്ധം എന്നതുകൊണ്ട് അവര്‍ ഉദ്ദേശിക്കുന്നത് ലഹരിപദാര്‍ത്ഥങ്ങള്‍, മദ്യം, ലോട്ടറി അല്ലെങ്കില്‍ ചൂതാട്ടം പോലുള്ള മാനുഷിക വിരുദ്ധ വ്യവസായങ്ങള്‍ ആയിരിക്കണം. അങ്ങിനെയാണെങ്കില്‍ അതില്‍ തെറ്റില്ല.
- ബൈബിള്‍ പ്രിന്റിംഗ് പ്രസ്സ്, ജ്യോതിഷ ഗവേഷണ കേന്ദ്രം, സിനിമാ തീയേറ്റര്‍ എന്നിങ്ങനെ സഹോദരമതസ്ഥരെ സംബന്ധിച്ചിടത്തോളം മാനുഷികവിരുദ്ധമല്ലാത്ത കാര്യങ്ങള്‍ക്ക് വായ്‌പ നല്‍കില്ല എന്നു പറഞ്ഞാല്‍.....?
- അങ്ങനെ സങ്കുചിതമായ ഒരു തലത്തിലേക്ക് ഇത് മാറുകയാണെങ്കില്‍ ബുദ്ധിമുട്ടുണ്ടാകും. ഇതുപോലെയുള്ള പല കാര്യങ്ങളുണ്ടാവും. അതിനെയൊക്കെ ഇസ്‌ലാമിക വിരുദ്ധം എന്ന അടിസ്ഥാനം വച്ച് നിഷേധിക്കുകയാണെങ്കില്‍ പ്രശ്‌നങ്ങളുണ്ടാവും. അപ്പോള്‍ അത് വ്യക്തമാക്കേണ്ട ഉത്തരവാദിത്വം അതില്‍ പ്രത്യക്ഷമായോ പരോക്ഷമായോ പങ്കാളിയാകുന്ന സര്‍ക്കാരിനുണ്ട്. എന്തൊക്കെയാണ് ഇസ്‌ലാമിക വിരുദ്ധം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നതെന്ന് പൊതുജനങ്ങള്‍ക്ക് ആദ്യമേ തന്നെ വ്യക്തമാക്കികൊടുക്കണം.
- രാജ്യത്തെ ഒരു സംസ്ഥാന സര്‍ക്കാരുകളുടെയും സമ്പത്തുകളൊന്നും തന്നെ സൂക്ഷ്‌മമായി പരിശോധിച്ചാല്‍ പലിശമുക്തമല്ല. അത്തരം പണം എങ്ങിനെ ഇസ്‌ലാമിക ബാങ്കിന് ഉള്‍ക്കൊള്ളാനാവും?
- ഇസ്‌ലാം ഒരു പ്രായോഗിക മതമാണ്. ഒരു ഉട്ടോപ്യന്‍ തലത്തില്‍ നിന്നിട്ടല്ല അത് കാര്യങ്ങളെ നോക്കിക്കാണുന്നത്. ജീവന്‍ പിടിച്ചുനിര്‍ത്താന്‍ ഒരു ഭക്ഷണവും ലഭ്യമായില്ലെങ്കില്‍ പന്നിമാംസമോ ശവശരീരം പോലുമോ കഴിക്കാമെന്നാണ്. നമ്മുടേതു മാതിരിയുള്ള ഒരു സമ്പദ് വ്യവസ്ഥയില്‍ പലിശ എല്ലാ ഘടകങ്ങളിലും ഇഴുകിച്ചേര്‍ന്നിട്ടുണ്ട്. അതില്‍ നിന്നു വിമുക്തമായിട്ടുള്ള ഒന്നില്ല എന്നുതന്നെ പറയാം. അതുകൊണ്ടുതന്നെ നമുക്കതിനേപ്പറ്റി അങ്ങനെ ചിന്തിക്കാന്‍ പറ്റില്ല. കഴിയുന്നതും ഒഴിവാക്കുക. പൈസ ബാങ്കിലിട്ട് പല മുസ്‌ലീങ്ങളും പലിശ എടുക്കുന്നില്ല. അവരുടെ ഡെപ്പോസിറ്റുകളുടെ ലാഭം ബാങ്കുകളെടുക്കുന്നു. അങ്ങനെ ഉപേക്ഷിക്കേണ്ട കാര്യമൊന്നുമില്ല. മാന്യമായ പലിശയാണെങ്കില്‍. അവര്‍ക്ക് മനസ്സാക്ഷിക്കുത്തില്ലെങ്കില്‍ അത് വളരെ നല്ല കാര്യങ്ങള്‍ക്ക് ഉപയോഗിക്കാവുന്നതാണ്. അതായത് നിര്‍ബന്ധിത സാഹചര്യങ്ങള്‍ ഉണ്ടാകുമ്പോള്‍ പ്രായോഗികതലത്തില്‍ മതം ഒരുപാട് വിട്ടുവീഴ്‌ചകള്‍ ചെയ്യുന്നുണ്ട്. അത്തരം നിര്‍ബന്ധിത സാഹചര്യങ്ങള്‍ ഭാരതത്തില്‍ വേണ്ടുവോളമുണ്ട്. ഭക്ഷണം കിട്ടാത്തവര്‍, ചികിത്സ ലഭിക്കാത്തവര്‍, താമസിക്കാനിടമില്ലാത്തവര്‍, കുടിവെള്ളം ലഭ്യമല്ലാത്തവര്‍...
- വാസ്‌തവത്തില്‍ നമ്മുടെ ബാങ്കിംഗ് സിസ്റ്റത്തില്‍ നിലവിലുള്ള പലിശ ഇസ്‌ലാമിക വിരുദ്ധമാണോ?
- അങ്ങിനെ കാണാന്‍ ബുദ്ധിമുട്ടുണ്ട്. റിബ എന്നാണ് ഖുര്‍ആനില്‍ പറഞ്ഞിരിക്കുന്നത്. അതിന്റെ അര്‍ത്ഥം യഥാര്‍ത്ഥത്തില്‍ പലിശ എന്നല്ല ഇരട്ടിയ്‌ക്കിരട്ടി, അമിതലാഭം എന്നൊക്കെയാണെന്ന് പണ്‌ഡിതാഭിപ്രായമുണ്ട്. അതായത് എന്തെങ്കിലും ഒരു വസ്‌തു വില കൊടുത്തു വാങ്ങി മറിച്ചു വില്‍ക്കുന്നു, അല്ലെങ്കില്‍ തന്റെ പണം ഉപയോഗിച്ച് ഒരു വസ്‌തു വാങ്ങി മറിച്ചു വില്‍ക്കാന്‍ ഒന്നിനെ ചുമതലപ്പെടുത്തുന്നു. അങ്ങിനെ ലഭിക്കുന്ന ലാഭതുകയുടെ അത്രതന്നെയോ അതില്‍ കൂടുതലോ പ്രസ്‌തുത പണം നിക്ഷേപിക്കുന്നതിലൂടെ / വായ്‌പ നല്‍കുന്നതിലൂടെ സമ്പാദിച്ചാല്‍ അത് റിബയായി കണക്കാക്കും. അത് ഇസ്‌ലാമികവിരുദ്ധമാണ്. ഒന്നുകൂടി പ്രായോഗികമായി സമീപിച്ചാല്‍; അതാതു കാലഘട്ടത്തില്‍, ഏതു രാജ്യത്താണോ നാം ജീവിക്കുന്നത് ആ രാജ്യത്തെ ഏറ്റവും കുറഞ്ഞ
| ഇസ്‌ലാമിനേപ്പറ്റി ഉണ്ടാകുന്ന തെറ്റിദ്ധാരണകള്‍ക്ക് വലിയൊരളവോളം മുസ്‌ലീമുകള്‍ തന്നെയാണ് കാരണം. ഒന്നാമത് അവര്‍ മുസ്‌ലീമുകള്‍ എന്നു പറയുകയും ഇസ്‌ലാമിക ജീവിതശൈലി ജീവിതത്തില്‍ പരിപാലിക്കാതെ പോവുകയും ചെയ്യുന്നു. ഇസ്‌ലാമിനെതിരായിട്ടുള്ള പലതും ജീവിതത്തില്‍ ചെയ്യുന്നു. |
പൊതുലാഭനിരക്കിലും കൂടുതലായി ലാഭമെടുക്കാതെ നിക്ഷേപം നടത്തുകയോ വായ്‌പ നല്‍കുകയോ ചെയ്യുന്നത് ഇസ്‌ലാമിക വിരുദ്ധമാണെന്ന് പറയാന്‍ കഴിയുന്നില്ല. അങ്ങിനെ നോക്കുമ്പോള്‍ എസ്.ബി.ഐ. പോലുള്ള ബാങ്കുകള്‍ നല്‍കുന്ന കുറഞ്ഞ നിരക്കിലുള്ള പലിശ ഇസ്‌ലാമിക വിരുദ്ധമല്ല. പക്ഷേ, നിക്ഷേപിക്കുകയോ വായ്‌പ നല്‍കുകയോ ചെയ്യുന്ന പണം ഇസ്‌ലാമികവിരുദ്ധമായ കാര്യങ്ങള്‍ക്കല്ല ഉപയോഗിക്കുന്നതെന്ന് ഉറപ്പുവരുത്താനുള്ള സംവിധാനങ്ങള്‍ നിലവിലുള്ള ബാങ്കുകള്‍ ആവിഷ്‌കരിക്കേണ്ടിവരും. അല്ലാതെ ജീവിക്കുന്ന സമൂഹത്തില്‍ സാമൂഹിക സുരക്ഷിതത്വത്തിന് കോട്ടം തട്ടിക്കാന്‍ സാധ്യതയുള്ള, സാമൂഹിക വിഭജനമുണ്ടാക്കുന്ന കാര്യങ്ങള്‍ നടപ്പിലാക്കുന്നത് അത്ര നന്നല്ല. റിബയെ സംബന്ധിച്ച് പല പണ്‌ഡിതന്‍മാരുടെയും അഭിപ്രായം ഇതൊക്കെ തന്നെയാണ്.
പല കാര്യങ്ങള്‍ക്കും വ്യക്തത ഉണ്ടാകുന്നതിന് തുറന്ന ചര്‍ച്ചാവേദി ഇസ്‌ലാമിന് വളരെ ആവശ്യമാണ്. ഇടുങ്ങിയ ചിന്താഗതിയാണ് അപകടം. ശബാനു കേസ് വിധി വന്നപ്പോള്‍ വിധി ശരിയാണെന്നു ഞാന്‍ പറഞ്ഞു. പക്ഷേ, ഇസ്‌ലാമില്‍ സ്‌ത്രീകളുടെ അവകാശങ്ങളെപ്പറ്റി ചില പരാമര്‍ശങ്ങള്‍ അവരില്‍ നിന്നും ഉണ്ടായിട്ടുണ്ട്. അതൊന്നും വേണ്ട രീതിയില്‍ പഠിച്ച് നടത്തിയിട്ടുള്ള പരാമര്‍ശങ്ങളല്ല. അവര്‍ കാണുന്ന ഇസ്‌ലാമാണ് അവര്‍ വിലയിരുത്തിയത്. ഇവിടെ ഇസ്‌ലാമെന്നു പറഞ്ഞ് ജീവിക്കുന്ന ഭൂരിപക്ഷത്തിലേക്കാണ് അവര്‍ നോക്കിയത്. സൈദ്ധാന്തികമായ, പ്രത്യയശാസ്‌ത്രപരമായ ഇസ്‌ലാമല്ല അവര്‍ കണ്ടത്. വിധി ശരിയാണെന്നു ഞാന്‍ പറഞ്ഞപ്പോള്‍ ഒരുപാട് ആരോപണങ്ങള്‍ എന്റെ നേര്‍ക്കുണ്ടായി. അന്നു ഞാന്‍ മുസ്‌ലിം എഡ്യൂക്കേഷന്‍ സൊസൈറ്റിയുടെ പ്രസിഡന്റ് കൂടിയാണ്. ഗാന്ധി പീസ് ഫൗണ്ടേഷനില്‍ വച്ചു നടത്തിയ പ്രസംഗത്തില്‍ വിധി ശരിയാണെന്ന് പറഞ്ഞത് അന്നത്തെ മാദ്ധ്യമങ്ങളെല്ലാം വളരെ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചു. വിധി ശരിയാണെന്നു പറയാന്‍ കാരണമുണ്ട്. ക്രിമിനല്‍ പ്രൊസീജിയര്‍ കോഡ് അനുസരിച്ച് വിവാഹമുക്തയായ സ്‌ത്രീക്ക് അവള്‍ വീണ്ടും വിവാഹം കഴിക്കുന്നതുവരെ ചിലവിനു കൊടുക്കാന്‍ പഴയ ഭര്‍ത്താവ് ബാദ്ധ്യസ്ഥനാണ് എന്നു മാത്രമേ കോടതി പറഞ്ഞിട്ടുള്ളൂ. പിന്നെ ഇത് ബാധകമല്ലാതെ വരുന്ന സന്ദര്‍ഭമുണ്ട്. 127 (3) വകുപ്പാണത്. അതായത് അവരുടെ വ്യക്തിനിയമമനുസരിച്ച് ആ സ്‌ത്രീക്ക് കിട്ടേണ്ട അവകാശങ്ങളൊക്കെ കിട്ടിയിട്ടുണ്ടെങ്കില്‍ ഇത് ബാധകമല്ലാതെ വരുന്നു. അപ്പോള്‍ സുപ്രീം കോടതിയുടെ മുമ്പിലുണ്ടായിരുന്ന പ്രശ്‌നം അതെല്ലാം ആ സ്‌ത്രീക്ക് കിട്ടിയോ എന്നതാണ്. ഇവര്‍ വാദിച്ചത് ഇദ്ദ കാലത്തെ ചിലവ് (വിവാഹമോചനം നേടിയതിനു ശേഷമുള്ള ഏകദേശം മൂന്നുമാസം) കൊടുത്തിട്ടുണ്ട്, മഹര്‍ കൊടുത്തിട്ടുണ്ട്, അതുകൊണ്ട് ബാദ്ധ്യത തീര്‍ന്നുവെന്നാണ്. വാദം കേട്ട സുപ്രീം കോടതി ഇതു നിരസിച്ചു. കാരണം ഖുര്‍ ആനില്‍ പറഞ്ഞിട്ടുണ്ട് വിവാഹമുക്തമായ സ്‌ത്രീകള്‍ക്ക് ഒന്നുകില്‍ ചിലവ് അല്ലെങ്കില്‍ മാന്യമായ ഒരു പാരിതോഷികം കൊടുക്കേണ്ടത് നിര്‍ബന്ധമാണെന്ന്. ഈ വചനം തന്നെയാണ് വിധിയില്‍ സുപ്രീം കോടതി ചൂണ്ടിക്കാണിച്ചിരിക്കുന്നതും. അപ്പോള്‍ ആ വിധി ശരിയാണ്. പക്ഷേ, വെറുതെ വിശ്വാസികളുടെ വികാരങ്ങള്‍ ചൂഷണം ചെയ്യാന്‍ വേണ്ടി സുപ്രീം കോടതി ശരിഅത്തിനെ മുഴുവന്‍ പൊളിക്കുന്നുവെന്ന് പറഞ്ഞ് വലിയൊരു പ്രചാരണം ഉണ്ടായി. വിധിയെ അനുകൂലിച്ചതിന്റെ പേരില്‍ എനിക്കു കുറെ ബുദ്ധിമുട്ടുകളുമുണ്ടായി. ഇബ്രാഹിം സുലൈമാന്‍ സേട്ടിനേപ്പോലുള്ളവരെന്നെ നിശിതമായി എതിര്‍ത്തു. സി.എന്‍.അഹമ്മദ് മൗലവിയും പി.പി.ഉമ്മര്‍കോയയും എന്നെ സപ്പോര്‍ട്ട് ചെയ്‌തു. അതിനേത്തുടര്‍ന്ന് ഇബ്രാഹിം സുലൈമാന്‍ സേട്ട് എറണാകുളം രാജേന്ദ്രമൈതാനിയില്‍ വച്ച് പ്രഖ്യാപിച്ചു ``ഈ മൂന്നുപേരും എത്ര മഹനീയരായിട്ടുള്ള ആളുകളാണെങ്കില്‍ പോലും അവര്‍ ഇസ്‌ലാമില്‍ നിന്ന് പുറത്തുപോയി'' എന്ന്. ഇന്ത്യന്‍ യൂണീയന്‍ മുസ്‌ലീം ലീഗിന്റെ പ്രസിഡന്റാണന്ന് ഇബ്രാഹിം സുലൈമാന്‍ സേട്ട്. അത്രയധികം പ്രചരണം നടത്തിയിരുന്നു അതിനേപ്പറ്റി. ഞാനൊരു ശരിഅത്ത് വിരോധിയാണെന്നായിരുന്നു പ്രചാരണം. ഇന്ത്യന്‍ സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തി എന്റെ അപ്പോയ്‌മെന്റ് പോലും ക്യാന്‍സല്‍ ചെയ്യിക്കാനുള്ള ശ്രമം നടത്തി. പിന്നീട് കുറേക്കാലം കഴിഞ്ഞാണ് ജഡ്‌ജായിട്ട് അപ്പോയ്‌മെന്റ് ചെയ്യാനുള്ള റെക്കമെന്റ് സുപ്രീം കോടതി നല്‍കുന്നത്.
ഈ വിധിയുടെ പേരിലുള്ള മുസ്‌ലീങ്ങളുടെ പ്രക്ഷോഭം കാരണം രാജീവ് ഗാന്ധി വേറൊരു നിയമം കൊണ്ടുവന്നു. അതാണ് മുസ്‌ലിം മാരീഡ് വുമണ്‍സ് റൈറ്റ്‌സ് ടു പ്രൊട്ടക്ഷന്‍ ആക്‌ട്. അതനുസരിച്ച് വിവാഹമുക്ത സ്‌ത്രീയ്‌ക്ക് ഇദ്ദ കാലത്തെ ചിലവും മഹറും കൊടുത്താല്‍ മതിയെന്നായിരുന്നു. പക്ഷേ, കോടതി വീണ്ടും അത് വ്യാഖ്യാനിച്ചപ്പോള്‍ അവിടെ പ്രൊവിഷന്‍ എന്നു പറഞ്ഞിട്ടുണ്ട്, അതുകൊണ്ടുദ്ദേശിക്കുന്നത് മാന്യമായ പാരിതോഷികം (അതാത് വ്യക്തി ജീവിക്കുന്ന കാലഘട്ടത്തില്‍ പുനര്‍വിവാഹം വരെയുള്ള മാന്യമായ അതിജീവനത്തിന് ഉതകുന്നത്) എന്നതാണ് അതുകൊണ്ട് അതും കൂടി കൊടുക്കണം എന്നു പറഞ്ഞു. ആധുനിക കാലഘട്ടത്തിലെ പ്രശസ്‌ത പണ്‌ഡിതനായ മുസ്‌തഫാ സബായി വരെ പറഞ്ഞിരിക്കുന്നത് വീണ്ടും കല്യാണം കഴിക്കുന്നതുവരെ വിവാഹമുക്തയായ സ്‌ത്രീയ്‌ക്ക് ചിലവ് കൊടുക്കണമെന്നാണ്. ഇതാണ് കൂടുതല്‍ മാനുഷികവും. ഇതുകൊണ്ടൊക്കെയാണ് ഞാന്‍ പറയുന്നത് നമ്മുടെ സങ്കുചിതമായ വീക്ഷണം കൊണ്ട് ഒരു പാട് പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നു എന്ന്. പ്രധാനമായും ഇസ്‌ലാമിനേപ്പറ്റി ഉണ്ടാകുന്ന തെറ്റിദ്ധാരണകള്‍ക്ക് വലിയൊരളവോളം മുസ്‌ലീമുകള്‍ തന്നെയാണ് കാരണം. ഒന്നാമത് അവര്‍ മുസ്‌ലീമുകള്‍ എന്നു പറയുകയും ഇസ്‌ലാമിക ജീവിതശൈലി ജീവിതത്തില്‍ പരിപാലിക്കാതെ പോവുകയും ചെയ്യുന്നു. ഇസ്‌ലാമിനെതിരായിട്ടുള്ള പലതും ജീവിതത്തില്‍ ചെയ്യുന്നു. അപ്പോള്‍ മറ്റുള്ളവര്‍ അങ്ങിനെയേ മനസ്സിലാക്കുകയുള്ളൂ.
- ഒരു ഉദാഹരണം പരിശോധിക്കാം. ഇരുപത്തിയൊന്നാം വയസ്സില്‍ അദ്ധ്യാപന ജോലിയില്‍ പ്രവേശിച്ച് ഇപ്പോള്‍ റിട്ടയേര്‍ഡ് ആയ ഒരു എല്‍.പി.സ്‌കൂള്‍ അദ്ധ്യാപകനെ എനിക്കറിയാം. മുപ്പത്തിനാല് വര്‍ഷത്തെ സര്‍ക്കാര്‍ സര്‍വ്വീസ് കഴിഞ്ഞ് ഇദ്ദേഹം വിരമിക്കുന്ന സമയത്ത് മൂത്തമകന്‍ എം.ബി.എ.യ്‌ക്കു പഠിക്കുന്നു. രണ്ടാമത്തെ മകള്‍ ഡിഗ്രിക്ക് പഠിക്കുന്നു. മൂന്നാമത്തെ മകള്‍ പ്ലസ് വണിനു പഠിക്കുന്നു. ഭാര്യയ്‌ക്കു ജോലിയില്ല. അഞ്ച് സെന്റ് ഭൂമിയും അതിനകത്തൊരു വീടുമാണ് ഇവര്‍ക്കുള്ളത്. ഇതിന് ബാദ്ധ്യതകളില്ല. ഇദ്ദേഹത്തിന്റെയും ഭാര്യയുടെയും ആരോഗ്യസ്ഥിതി അത്ര നല്ലതെന്നു പറയാന്‍ കഴിയുകയുമില്ല. റിട്ടയേര്‍ഡ് ചെയ്‌ത സമയത്ത് ഇദ്ദേഹത്തിന് കിട്ടിയ തുകയില്‍ നിന്ന് അല്ലറചില്ലറ ആവശ്യങ്ങള്‍ കഴിച്ച് ബാക്കിവന്ന അഞ്ചുലക്ഷം രൂപ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്‍ഡ്യയുടെ കോഴിക്കോട് ശാഖയില്‍ നിക്ഷേപിച്ചു. ഇതിന് ഇദ്ദേഹത്തിന് ലഭ്യമാകുന്ന പലിശ മാസത്തില്‍ മൂവായിരം രൂപയില്‍ താഴെ മാത്രമാണ്. പെന്‍ഷനായി ലഭിക്കുന്നത് നാലായിരത്തി അഞ്ഞൂറോളം രൂപയും. ഈ നാലായിരത്തി അഞ്ഞൂറു രൂപ പെന്‍ഷന്‍ കൊണ്ട് ഇന്നത്തെ കാലത്ത് ഇത്തരമൊരു കുടുംബത്തിന് അത്യാവശ്യങ്ങള്‍ പോലും നിവര്‍ത്തിച്ചുകൊണ്ട് ജീവിക്കാന്‍ കഴിയില്ല. ബാങ്കില്‍ നിന്നു കിട്ടുന്ന പലിശ ചേര്‍ത്താല്‍ പോലും തട്ടിമുട്ടിയാണ് പോകുന്നത്. ആകെയുള്ള ഒരു സമാധാനം നിക്ഷേപിച്ച അഞ്ചുലക്ഷം അവിടെയുണ്ടല്ലോയെന്നതാണ്. മകളുടെ കല്യാണ പ്രായമാകുമ്പോള്‍ ആ തുക പിന്‍വലിക്കേണ്ടിവരുമെന്നാണ് ഇദ്ദേഹത്തിന്റെ ഇപ്പോഴത്തെ കണക്കുകൂട്ടല്‍. ഈ തുക റിസ്‌ക് എടുത്തുകൊണ്ട് പലിശരഹിതമായ മറ്റെവിടെയെങ്കിലും നിക്ഷേപിച്ചാല്‍ നഷ്‌ടപ്പെടാനുള്ള സാദ്ധ്യത കൂടുതലാണ്. ഇത്തരമൊരു വ്യക്തിക്ക് ഏറ്റവും സുരക്ഷിതമായ മാര്‍ഗ്ഗം ദേശസാല്‍കൃത ബാങ്കുകള്‍ തന്നെയാണെന്നാണ് എന്റെ വിശ്വാസം. ഇദ്ദേഹത്തിന്റെ നിക്ഷേപം ഇസ്‌ലാമിക വിരുദ്ധമാണെന്ന് പറയാന്‍ കഴിയുമോ? എന്താണ് അങ്ങയുടെ അഭിപ്രായം?
- തീര്‍ച്ചയായും ഇസ്‌ലാമികവിരുദ്ധമല്ല എന്നാണെന്റെ വിശ്വാസം. കാരണം മുന്‍പ് പറഞ്ഞതുപോലെ ദേശസാല്‍കൃത ബാങ്കുകള്‍ നല്‍കുന്ന വളരെ ചെറിയ നിരക്കിലുള്ള പലിശ ഇസ്‌ലാമിക വിരുദ്ധമാണെന്ന് പറയാന്‍ കഴിയില്ല. സാങ്കേതികമായി ഇതിനെ പലിശ എന്നു വിളിക്കുന്നുണ്ടെങ്കിലും റിബയായി കാണാന്‍ കഴിയില്ലെന്നും പണ്‌ഡിതാഭിപ്രായമുണ്ട്. തന്നെയുമല്ല, ഇത്തരം സാഹചര്യത്തിലുള്ള ഒരാള്‍ക്ക് എസ്.ബി.ഐ.യ്‌ക്ക് കൊടുക്കാന്‍ പറ്റുന്ന ഉറപ്പ് മറ്റാര്‍ക്കും നല്‍കാന്‍ കഴിയുകയുമില്ല.
- അപ്പോള്‍ അങ്ങയുടെ അഭിപ്രായത്തില്‍ ഇസ്‌ലാമിക ബാങ്ക് ഇന്ത്യന്‍ വ്യവസ്ഥിതിയില്‍ ഒരു അനിവാര്യഘടകമല്ല?
- തീര്‍ച്ചയായും അനിവാര്യഘടകം എന്നു പറയാന്‍ കഴിയില്ല. എന്നാല്‍ അത്തരം സൂക്ഷ്‌മവിശ്വാസമുള്ള, പലിശ തീരെ വേണ്ട എന്നു വിശ്വസിക്കുന്ന വ്യക്തികള്‍ക്കുവേണ്ടി, അവരുടെ വിശ്വാസമനുസരിച്ചുള്ള കാര്യങ്ങള്‍ക്ക് മാത്രം പണം ചിലവഴിക്കുന്ന സ്ഥാപനം തുടങ്ങാവുന്നതാണ്. അത് നേരിട്ടോ സ്വതന്ത്ര സംഘടനകള്‍ക്കോ ആരംഭിക്കാം. പക്ഷേ, ഇസ്‌ലാമികമായ കാര്യങ്ങള്‍ക്ക് മാത്രമായി ഫണ്ടനുവദിക്കുക എന്നു പറയാന്‍ പാടില്ല. അങ്ങിനെ അവര്‍ പറഞ്ഞിട്ടില്ലെന്നാണ് കരുതുന്നത്. ഇസ്‌ലാമിക വിരുദ്ധമെന്നാണ് പറഞ്ഞിരിക്കുന്നത്. ലഹരിപദാര്‍ത്ഥങ്ങളൊക്കെയായിരിക്കണം അതുകൊണ്ടവര്‍ ഉദ്ദേശിക്കുന്നത്. മറിച്ചാണെങ്കില്‍ അത് തെറ്റാണ്.
- ഇസ്‌ലാമിക ബാങ്കിനേക്കുറിച്ചുള്ള വാര്‍ത്ത വന്നതിനുശേഷം ജന്മഭൂമി പത്രം നല്‍കിയ വാര്‍ത്തയുടെ ഹെഡ്‌ലൈന്‍ `ഇനി ഇടതുസര്‍ക്കാര്‍ വക ഇസ്‌ലാമിക ബാങ്കും' എന്നതായിരുന്നു. ശേഷം സംഘപരിവാര്‍ പക്ഷത്തു നിന്നുകൊണ്ട് ഈ വിഷയത്തെ അവതരിപ്പിച്ച എല്ലാ മാദ്ധ്യമങ്ങളും ഈ രീതി തന്നെയാണ് പിന്തുടര്‍ന്നത്. ഇത്തരം വാര്‍ത്തകള്‍ വായിക്കുന്നവരുടെ മനസ്സിലുണ്ടാകുന്ന വികാരം ഇസ്‌ലാമിനും സര്‍ക്കാരിനും എതിരായിരിക്കില്ലേ?
- അങ്ങിനെയൊരു തകരാറുണ്ട്. സൂക്ഷ്‌മതയില്ലാതെ ഇസ്‌ലാമെന്ന പദം മതേതരസാഹചര്യത്തില്‍ ഉപയോഗിക്കുന്നത് നല്ലതല്ല. ഇതെല്ലാ മതങ്ങള്‍ക്കും ബാധകമാണ്. ധനമിടപാടനേപ്പറ്റി ഇസ്‌ലാം പറയുന്നത് നല്ല കാര്യമാണ്. പക്ഷേ, അതിന് ഇന്ററസ്റ്റ് ഫ്രീ ബാങ്ക് എന്നതാണ് ഉപയോഗിക്കേണ്ടത്. ഇവിടെ കാത്തലിക് സിറിയന്‍ ബാങ്കും ലോര്‍ഡ് കൃഷ്‌ണാ ബാങ്കുമുണ്ട്. പക്ഷേ, അതിനെയൊന്നും ആരും ഇത്തരത്തില്‍ കണക്കാക്കുന്നില്ല. കാരണം, അവയ്‌ക്ക് പ്രത്യേക മതനിയമങ്ങള്‍ ബാധകമല്ല.
ലൗ ജിഹാദ് എന്ന പ്രചാരണം നടത്തിയിരുന്നതും ദുഷ്‌ടലാക്കോടെയാണ്. എത്രയോ മുസ്‌ലിം പെണ്‍കുട്ടികള്‍ അന്യമതസ്ഥരായവരുടെ കൂടെ പോകുന്നുണ്ട്? തിരിച്ചുമുണ്ട്. അതിനൊക്കെ ഇങ്ങനെയുള്ള പദപ്രയോഗങ്ങള്‍ ഉപയോഗിക്കുന്നതും പ്രചരിപ്പിക്കുന്നതും ജനങ്ങളെ ഭിന്നിപ്പിക്കാനേ സഹായിക്കൂ.
|
പ്രവര്‍ത്തനത്തില്‍ മറ്റുള്ള ബാങ്കുകളില്‍ നിന്ന് അടിസ്ഥാനപരമായി വ്യത്യാസമില്ല. പേരു മാത്രമേ അങ്ങിനെയുള്ളൂ. എന്നാല്‍ ഇസ്‌ലാമിക് ബാങ്ക് എന്നു പറയുമ്പോള്‍ ഒരുപാട് തെറ്റിദ്ധാരണകളും വിഭജനചിന്തകളും ഉണ്ടാകാന്‍ വഴിയുണ്ട്. അതിനൊരുപാട് കാരണങ്ങളുമുണ്ട്. അപ്പോള്‍ അതുപേക്ഷിച്ച് ഇന്ററസ്റ്റ് ഫ്രീ ബാങ്ക് എന്നുപയോഗിക്കുക. ഇസ്‌ലാം മുന്നോട്ടു വച്ചത് റിബയെന്നാണെങ്കിലും അതൊരു നല്ല സിസ്റ്റമാണ്. ആ രീതിയില്‍ സ്ഥാപനം തുടങ്ങുന്നതിനു മുമ്പ് അതിനേക്കുറിച്ചുള്ള ഒരു വ്യക്തമായ ചിത്രം പൊതുജനങ്ങള്‍ക്ക് നല്‍കുകയും ചെയ്യുക. എന്താണ് ഇന്ററസ്റ്റ് ഫ്രീ ബാങ്ക്? എന്തിനൊക്കെയാണ് വായ്‌പ ലഭിക്കുക? എന്തൊക്കെയാണ് അനുവദനീയമല്ലാത്തത്? എന്നിങ്ങനെയുള്ള കാര്യങ്ങളില്‍ വ്യക്തതയുണ്ടാക്കുക. അത് ചെയ്യാത്ത പക്ഷം മറ്റുരീതിയിലുള്ള പ്രചാരണങ്ങള്‍ ഉണ്ടാവുകയും അത് സാമൂഹികസുരക്ഷിതത്വത്തെ ബാധിക്കുകയും ചെയ്യും.
ലൗ ജിഹാദ് എന്ന പ്രചാരണം നടത്തിയിരുന്നതും ദുഷ്‌ടലാക്കോടെയാണ്. ഏതോ ഒരു പെണ്ണ് ഒരു മുസ്‌ലീമിന്റെ കൂടെ പോയി. അതിന് ലൗ ജിഹാദ് എന്ന് പേരിട്ട് സംഘടിതമായ മതപരിവര്‍ത്തനത്തിനുള്ള ശ്രമമായി ചിത്രീകരിക്കപ്പെട്ടു. ഇതൊക്കെ മീഡിയയുടെയും വര്‍ഗ്ഗീയവിദ്വേഷം സൃഷ്‌ടിക്കാന്‍ ആഗ്രഹിക്കുന്നവരുടേയും ക്രിയേഷന്‍ ആണ്. അല്ലാതെ അങ്ങനെയൊന്നില്ല. തമ്മില്‍ സ്‌നേഹമായി, കൂടെപ്പോയി. എത്രയോ മുസ്‌ലിം പെണ്‍കുട്ടികള്‍ അന്യമതസ്ഥരായവരുടെ കൂടെ പോകുന്നുണ്ട്? തിരിച്ചുമുണ്ട്. അതിനൊക്കെ ഇങ്ങനെയുള്ള പദപ്രയോഗങ്ങള്‍ ഉപയോഗിക്കുന്നതും പ്രചരിപ്പിക്കുന്നതും ജനങ്ങളെ ഭിന്നിപ്പിക്കാനേ സഹായിക്കൂ.
- ആ വാക്ക് കോടതി ഉപയോഗിച്ചിരുന്നല്ലോ?
- ആ വാക്ക് കോടതി ഉപയോഗിച്ചത് തെറ്റ്. ആ ജഡ്‌ജ് എന്റെയൊരു അടുത്ത സുഹൃത്താണ്, നല്ലൊരു ജഡ്‌ജാണ്. പക്ഷേ, മീഡിയയുടെ പ്രചാരണം കോടതിയെ സ്വാധീനിക്കാന്‍ പാടില്ല. അത്തരത്തിലുള്ള ഒരു സംഘടന ഉണ്ടോയെന്ന് അന്വേഷിക്കാനാണ് കോടതി പറഞ്ഞത്. അന്വേഷണത്തിനൊടുവില്‍ ഡി.ജി.പി.യും കേന്ദ്രസര്‍ക്കാരിന് വേണ്ടി അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറലും അങ്ങിനെയൊന്നില്ലെന്ന് കോടതിയില്‍ ബോധിപ്പിക്കുകയുണ്ടായി. അങ്ങിനെ സംഘടിതമായിട്ടുള്ള ശ്രമം നടത്തുന്നതായി യാതൊരു തെളിവുമില്ലെന്നവര്‍ പറഞ്ഞു. ചെറുപ്പക്കാരായ യുവാക്കളും യുവതികളും ജാതിയും മതവും നോക്കാതെ വിവാഹം ചെയ്യുന്ന സംഭവങ്ങള്‍ എത്രയോ ഉണ്ട്. ഒരു ഹിന്ദുവായ മുന്‍ ഹൈക്കോടതി ജഡ്‌ജിന്റെ ഭാര്യ തന്നെ മുസ്‌ലീമാണ്. അങ്ങനെ എത്രയോ തിരിച്ചും മറിച്ചുമുണ്ട്.
- മറ്റുചില വിഷയങ്ങളിലേക്ക് കൂടി നമുക്ക് കടക്കേണ്ടതുണ്ട്. രാജ്യത്ത് റെയില്‍വേസ്റ്റേഷനുകള്‍, കോടതികള്‍ വിമാനത്താവളങ്ങള്‍ അല്ലെങ്കില്‍ അതുപോലുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ മതചിഹ്‌നങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന പ്രവണത കൂടിവരുന്നുണ്ട്. കേരളത്തിലും ഇപ്പോളത് തുടങ്ങിവച്ചിട്ടുണ്ട്. ഇത് അനുവദിക്കാന്‍ പാടുണ്ടോ? അതില്‍ കോടതി ഇടപെടേണ്ടതില്ലേ?
- ഒരു മതേതരരാജ്യമാണ് നമ്മുടേത്. അതുകൊണ്ട് എല്ലാ പൊതുസംവിധാനങ്ങളിലും മതചിഹ്നങ്ങള്‍ കഴിവതും ഒഴിവാക്കണം. മതത്തെ ഒഴിച്ചു നിര്‍ത്തണമെന്ന് ഞാന്‍ പറയുന്നില്ല. മതങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ചില മൂല്യങ്ങളുണ്ട്. അതു വളരെ പ്രധാനമാണ്. ആ മൂല്യങ്ങളെ മാനിക്കുകയും വേണം. എല്ലായിടത്തും, ഒരു കോടതിയായാല്‍ പോലും കെട്ടിടനിര്‍മ്മാണം തുടങ്ങുമ്പോള്‍ തേങ്ങ ഉടച്ച് ഹിന്ദു ആചാരപ്രകാരം ചെയ്യുമ്പോള്‍ ഈ പ്രശ്‌നമുണ്ട്. പിന്നെ അത് മറ്റൊരു വിധത്തില്‍ കാണുകയാണെങ്കില്‍, ബഹുഭൂരിപക്ഷം ആളുകളുടെ ഒരു സാംസ്‌കാരികമായിട്ടുള്ള ചടങ്ങ്. അങ്ങിനെ കാണുകയാണെങ്കില്‍ തെറ്റില്ല.
| ഒരു മതേതരരാജ്യമെന്ന നിലയില്‍ നമ്മുടെ പബ്ലിക് ഓഫീസുകളില്‍ മതചിഹ്നങ്ങള്‍ ഒഴിവാക്കുകയാണ് വേണ്ടത്. ഒഴിവാക്കണം, നിരോധിക്കണം എന്ന വാക്ക് ഞാന്‍ ഉപയോഗിക്കില്ല. കഴിവതും ഒഴിവാക്കുകയാണ് വേണ്ടത്. നമ്മുടെ മതേതരആദര്‍ശത്തിന് അതാണ് നല്ലത്. |
ഞാന്‍ ഒരു കോണ്‍ഫറന്‍സിന് ഇന്‍ഡോനേഷ്യയില്‍ പോയിരുന്നു. അവിടെ ചെന്നപ്പോള്‍ എനിക്ക് അത്ഭുതം തോന്നി. ഇന്‍ഡോനേഷ്യ ഒരു മുസ്‌ലിം ഭൂരിപക്ഷമുള്ള രാജ്യമാണ്. പക്ഷേ `ബാലി'യില്‍ കൂടുതലും ഹിന്ദുക്കളാണ്. വളരെ കുറച്ചേ മുസ്‌ലീങ്ങള്‍ ഉള്ളൂ. ബാലിയില്‍ വച്ചായിരുന്നു കോണ്‍ഫറന്‍സ്. ഏയര്‍പോര്‍ട്ടില്‍ ചെന്ന് ഇറങ്ങിയപ്പോള്‍ കാണുന്നത് മഹാഭാരതത്തിനെയൊക്കെ അടിസ്ഥാനമാക്കിയുള്ള ഹിന്ദു ചിഹ്നങ്ങളും ചിത്രങ്ങളുമാണ്. അതൊരു ദേശീയധാര എന്നുള്ള നിലയ്‌ക്ക് ചെയ്യുന്നത് നമുക്ക് എത്രത്തോളം സമ്മതിച്ചുകൊടുക്കാമെന്ന് എനിക്ക് പറയാന്‍ പറ്റില്ല. അവിടുത്തെ സംസ്‌ക്കാരം, അവിടുത്തെ ജനങ്ങളുടെ ജീവിതരീതി എന്നിവയുമായി ബന്ധപ്പെട്ട ഒരു സാംസ്‌ക്കാരിക പാരമ്പര്യം എന്നുള്ള നിലയിലാണെങ്കില്‍ അതിനെ എതിര്‍ക്കേണ്ട കാര്യമില്ല. പക്ഷേ, ഒരു മതേതരരാജ്യമെന്ന നിലയില്‍ നമ്മുടെ പബ്ലിക് ഓഫീസുകളില്‍ മതചിഹ്നങ്ങള്‍ ഒഴിവാക്കുകയാണ് വേണ്ടത്. ഒഴിവാക്കണം, നിരോധിക്കണം എന്ന വാക്ക് ഞാന്‍ ഉപയോഗിക്കില്ല. കഴിവതും ഒഴിവാക്കുകയാണ് വേണ്ടത്. നമ്മുടെ മതേതരആദര്‍ശത്തിന് അതാണ് നല്ലത്. മതേതരം എന്ന വാക്കിന്റെ ചൈതന്യം കൂടാന്‍ അതാണ് നല്ലത്.
- അതിനുവേണ്ടി നമുക്ക് എന്ത് ചെയ്യാന്‍ പറ്റും?
- ചെയ്യാന്‍ സാധിക്കുന്നത് ജനങ്ങളില്‍ ഒരു അവബോധമുണ്ടാക്കുക എന്നതാണ്. പിന്നെ പബ്ലിക് ഓഫീസുകളില്‍ ഇങ്ങനെ ചെയ്യുന്നതിനെ കോടതികള്‍ക്ക് എതിര്‍ക്കാന്‍ പറ്റും. മതേതരമല്ലാത്ത ചിഹ്നങ്ങളുടെ പ്രദര്‍ശനം വരുമ്പോള്‍ വേണമെങ്കില്‍ കോടതിക്ക് അതിനെ ചെറുക്കാന്‍ പറ്റും. മുമ്പ് ഇതുപോലെ ഒരു പ്രശ്‌നം ഹൈക്കോടതിയില്‍ ഉണ്ടായി. അവിടുത്തെ തോട്ടത്തില്‍ ഒരു ഓടക്കുഴല്‍ വായിക്കുന്ന പ്രതിമ വച്ചിരുന്നു. അത് ശ്രീകൃഷ്‌ണന്റെ പ്രതിമയാണെന്നും അതവിടെ സ്ഥാപിക്കുന്നത് മതേതരത്വചിന്തയ്‌ക്കു വിരുദ്ധമാണെന്നും പരാമര്‍ശങ്ങളുണ്ടായി. പ്രശ്‌നമായപ്പോള്‍ അത് ഗ്രീക്ക് മിത്തോളജിയില്‍ നിന്നുള്ള ഒരു സംഭവമാണെന്നൊക്കെ അന്ന് വിശദീകരിക്കുകയുണ്ടായി. അതായത് ഇങ്ങനെയുള്ള സംഭവങ്ങള്‍ നമ്മള്‍ കഴിയുന്നതും ഒഴിവാക്കുക. നമ്മുടെ സര്‍ക്കാര്‍ ഓഫീസുകളിലൊക്കെ ദൈവങ്ങളുടെ ചിത്രങ്ങളും ചിഹ്നങ്ങളും അത് ഏത് മതത്തിന്റേതായാലും ഒഴിവാക്കുന്നത് തന്നെയാണ് മതേതരത്വം എന്ന വാക്കിന്റെ മഹത്വത്തിന് നല്ലത്.
- കുറച്ചുകൂടി വ്യക്തത ആവശ്യമുണ്ട്. മതേതര ഭാരതം അല്ലെങ്കില്‍ നമ്മുടെ ഭരണഘടന അനുശാസിക്കുന്നത്....
- ഒരു കാര്യം ഞാന്‍ പറയാം, ഈ മതേതരം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് മതനിഷേധം അല്ല, മതനിരാസം അല്ല. മതം ഉയര്‍ത്തിപ്പിടിക്കുന്ന ചൈതന്യത്തെയും അല്ലെങ്കില്‍ ദൈവത്തെയുമൊക്കെ നിഷേധിക്കുകയല്ല മതേതരത്വം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. യൂറോപ്പിലുള്ള സങ്കല്‍പം എല്ലാ പൊതുസംവിധാനങ്ങളില്‍ നിന്നും മതങ്ങളെ പൂര്‍ണ്ണമായിട്ടും ഒഴിച്ചുനിര്‍ത്തുക എന്നുള്ളതാണ്. തുര്‍ക്കിയില്‍ ഒരു സ്‌ത്രീ തലയില്‍ തട്ടമിട്ടതിന് പാര്‍ലമെന്റില്‍ നിന്ന് പുറത്താക്കി. നേരെ മറിച്ച് ഇന്ത്യയില്‍ അങ്ങനെയൊരു സങ്കല്‍പമില്ല. മതത്തിന്റെ ചൈതന്യത്തെ നിരസിക്കുക അല്ലെങ്കില്‍ ദൈവവിശ്വാസത്തെ നിരസിക്കുക എന്നതൊന്നുമല്ല നമ്മുടെ മതേതരത്വം എന്നുപറയുന്നത്. നമ്മുടെ മതേതരത്വമെന്നു പറയുന്നത് ഭരണകൂടം ഒരു പ്രത്യേക മതത്തോടും പ്രത്യേകമായിട്ടുള്ള താല്‍പര്യം കാണിക്കില്ല എന്നതാണ്. അതുവച്ച് നോക്കുമ്പോള്‍ ഒരു സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ഇത്തരത്തിലുള്ള ചിഹ്നങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ പാടില്ല. ഒരു വ്യക്തിക്ക് അവിടെ കുറിതൊട്ടുവരാം, തൊപ്പിയിട്ടുവരാം. അതവരുടെ വ്യക്തിപരമായ താല്‍പര്യമാണ്. കാരണം നമ്മളവിടെ മതത്തെ നിരസിക്കാത്തതുകൊണ്ട് അത് അംഗീകരിക്കാം. എന്നാല്‍, പബ്ലിക് ഓഫീസുകളില്‍ ഇതുപോലെയുള്ള മതചിഹ്നങ്ങളും പ്രതീകങ്ങളും ഒഴിവാക്കുന്നതാണ് ഭംഗിയും, നമ്മുടെ ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന മതേതരത്വം എന്ന ആശയത്തെ സഹായിക്കുന്നതും. അങ്ങിനെ ചെയ്യാത്തത് വാസ്‌തവത്തില്‍ നമ്മുടെ മതേതരസങ്കല്‍പത്തിന് എതിരുതന്നെയാണ്.
- ഈയടുത്ത് ഞാന്‍, ബാംഗ്ലൂരിലെ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് ഓഫീസില്‍ പോയിരുന്നു. അവിടെ ഫയല്‍ വയ്‌ക്കുന്ന അലമാരകളില്‍ വരെ പൂജാദ്രവ്യങ്ങളും ചില മതബിംബങ്ങളും ചിത്രങ്ങളും പ്രദര്‍ശിപ്പിച്ചിരിക്കുന്നു. ഇത് ഇതരമതസ്ഥരില്‍ മാനസിക അകലം സൃഷ്‌ടിക്കില്ലേ?
- ഉണ്ടാക്കിയെന്നുവരാം. അല്ലെങ്കില്‍ അത്രയധികം സഹിഷ്‌ണുത ഉണ്ടായിരിക്കണം മറ്റുള്ളവര്‍ക്ക്. അതവര്‍ക്കുണ്ടായെന്നു വരില്ല. എന്തുകൊണ്ട് ഞങ്ങളുടെ മതത്തിന്റേതില്ല? എന്ന ചിന്ത വരാം. ഒരു പബ്ലിക് സ്‌കൂളില്‍ അഥവാ ഗവണ്‍മെന്റ് നടത്തുന്ന ഒരു സ്‌കൂളില്‍ അധ്യയനവര്‍ഷം ഗണപതിപൂജയോടെ തുടങ്ങുന്നു അല്ലെങ്കില്‍ അതുപോലെ എന്തെങ്കിലും നടക്കുന്നു.അപ്പോള്‍ മറ്റുള്ളവര്‍ക്ക് അങ്ങിനെയുള്ള വികാരമുണ്ടാകാം. നേരത്തേ പറഞ്ഞതുപോലെ ഇതെല്ലാം മതേതരത്വം എന്ന വാക്കിനെ കളങ്കപ്പെടുത്തുന്നതാണ്.
- സര്‍ക്കാര്‍ ആനുകൂല്യം സ്വീകരിക്കുന്ന വിദ്യാഭ്യാസസ്ഥാപനത്തില്‍ മതപരമായ വിശ്വാസാചാരങ്ങള്‍ പ്രോത്സാഹിപ്പിക്കുന്ന രീതിയില്‍ പ്രവര്‍ത്തിക്കുന്നത് നിരോധിക്കേണ്ടത് തന്നെയല്ലേ?
- മൂന്ന് തരത്തിലാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉള്ളത്. റെക്കഗ്നൈസ്‌ഡ്, എയ്‌ഡഡ്, സ്വാശ്രയം എന്നിങ്ങനെ. അതില്‍ സ്വാശ്രയം എന്നാല്‍ തികച്ചും പ്രൈവറ്റ് ആണ്. സ്വാശ്രയ സ്ഥാപനമാണെങ്കില്‍ അത് ഒരു സ്വകാര്യ സ്ഥാപനമാണ്. അത്തരം സ്ഥാപനങ്ങള്‍ പല സംസ്ഥാനങ്ങളിലും നടത്തുന്നുണ്ട്. പ്രവര്‍ത്തിക്കാനുള്ള അനുമതി മാത്രമേ ഗവണ്‍മെന്റ് നല്‍കുന്നുള്ളൂ. അതല്ലാതെ ഗവണ്‍മെന്റിന്റെ ആനുകൂല്യം പറ്റുന്ന സ്ഥാപനങ്ങളില്‍ ഇത്തരം പ്രവൃത്തികള്‍ ഇല്ലാതാക്കുകയാണ് നല്ലത്. മതത്തെ പ്രൊമോട്ട് ചെയ്യുന്നതിനല്ല പിന്നോക്കം നില്‍ക്കുന്നവരെ മുഖ്യധാരയിലെത്തിക്കുന്നതിനാണ് സംവരണങ്ങളും ഇത്തരം വിദ്യാഭ്യാസ സ്ഥാപനങ്ങളും അനുവദിച്ചിരിക്കുന്നത്. മദ്രസകളിലുള്ള വിദ്യാഭ്യാസം ഇതിനോടുകൂടി കൂട്ടിയോജിപ്പിച്ച് അവര്‍ക്ക് ഡിഗ്രി കൊടുക്കാനൊക്കെ സച്ചാര്‍ കമ്മിറ്റി ശുപാര്‍ശ ചെയ്‌തിട്ടുണ്ട്. അതിന്റെയൊക്കെ ഉദ്ദേശ്യം ചരിത്രപരമായും സാമൂഹികപരമായുമുള്ള ഒട്ടേറെ കാരണങ്ങളാല്‍ വളരെയേറെ പുറകോട്ട് പോയിട്ടുള്ള ചില പ്രത്യേക ഗ്രൂപ്പുകളെ വളരെ വേഗത്തില്‍ മുഖ്യധാരയിലേക്ക് കൊണ്ടുവരിക എന്നതാണ്. നമ്മുടെ
| ഇപ്പോള്‍ ഹജ്ജിന് സബ്‌സിഡി ഉണ്ട്. വാസ്‌തവത്തില്‍ അങ്ങനെയൊരു സബ്‌സിഡി ആവശ്യമില്ല. അങ്ങിനെയാകുമ്പോള്‍ മറ്റ് മതസ്ഥരും മതപരമായ തീര്‍ത്ഥാടനങ്ങള്‍ക്ക് ഇത്തരം ആനുകൂല്യങ്ങള്‍ അവകാശപ്പെടും. അത് നമ്മുടെ മതേതരത്വ സങ്കല്‍പത്തിന് തീര്‍ച്ചയായും ക്ഷതമേല്‍പ്പിക്കും. |
ഭരണഘടനയില്‍ 30(1) വകുപ്പ് പ്രകാരം ന്യൂനപക്ഷങ്ങള്‍ക്ക് അതിന്റേതായ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങുന്നതും നടത്തുന്നതും മൗലികാവകാശമായി പ്രഖ്യാപിച്ചിട്ടുണ്ട്. സുപ്രീം കോടതി പറഞ്ഞിട്ടുള്ളത്, ആധുനിക വിദ്യാഭ്യാസമായാലും മതപരമായ വിദ്യാഭ്യാസമായാലും ഈ 30(1) അനുച്ഛേദത്തിന്റെ കീഴില്‍ വരും എന്നാണ്. അതുകൊണ്ടാണ് ചില പ്രൊട്ടക്ഷനൊക്കെ മത-ഭാഷാ ന്യൂനപക്ഷങ്ങള്‍ക്ക് കിട്ടുന്നത്. ഇത്തരം ആനുകൂല്യങ്ങള്‍ പലരും ദുരുപയോഗം ചെയ്യുന്നുണ്ടെന്നാണ് കാണാന്‍ കഴിയുന്നത്. ഇതൊക്കെ ബോധവല്‍ക്കരണത്തിലൂടെ മാറ്റിയെടുക്കേണ്ടതാണ്.
- അതായത്, ഒരു പ്രൈവറ്റ് ഓര്‍ഗനൈസേഷന്‍ ആണെങ്കില്‍ അത് ശരി. അതവരുടെ പണം കൊണ്ട് നടത്തുന്നതാണ്. അതവരുടെ വിശ്വാസങ്ങള്‍ പ്രചരിപ്പിക്കുന്നതിന്റെ ഭാഗമാണ്. പക്ഷേ സര്‍ക്കാര്‍ സ്ഥാപനമാകുമ്പോള്‍ ഇത് പാടില്ലായെന്നാണ് അങ്ങ് പറയുന്നത്?
- അതെ. അങ്ങിനെ കൊണ്ടുവരണം എന്നതിനോട് ഞാന്‍ പൂര്‍ണ്ണമായും യോജിക്കുകയാണ്. ഗവണ്‍മെന്റിന്റെ സ്ഥാപനങ്ങളിലൊക്കെ വാസ്‌തവത്തില്‍ ഈ രീതി കൊണ്ടുവരണം. ഇപ്പോള്‍ ഹജ്ജിന് സബ്‌സിഡി ഉണ്ട്. വാസ്‌തവത്തില്‍ അങ്ങനെയൊരു സബ്‌സിഡി ആവശ്യമില്ല. അങ്ങിനെയാകുമ്പോള്‍ മറ്റ് മതസ്ഥരും മതപരമായ തീര്‍ത്ഥാടനങ്ങള്‍ക്ക് ഇത്തരം ആനുകൂല്യങ്ങള്‍ അവകാശപ്പെടും. അത് നമ്മുടെ മതേതരത്വ സങ്കല്‍പത്തിന് തീര്‍ച്ചയായും ക്ഷതമേല്‍പ്പിക്കും.
- നിലവില്‍ നമ്മുടെ മതവിഭജനം ഒന്നുകൂടി ശക്തമായിട്ടുണ്ടോ? അതായത് നമ്മുടെ ഐക്യത്തെ മതവിഭജനം ബാധിച്ചിട്ടുണ്ടോ?
| എപ്പോഴും നമ്മളെന്താ വിചാരിക്കുന്നത്? നമ്മുടെ മതമാണ് ഏറ്റവും നല്ല മതമെന്നാണ്. മറ്റുള്ളതൊന്നും കൊള്ളില്ലെന്നും അവര്‍ക്ക് വാസ്‌തവത്തില്‍ സ്വര്‍ഗ്ഗപ്രവേശം കിട്ടില്ലെന്നുമാണ്. ഇങ്ങനെയുള്ള വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ മറ്റുള്ള മതങ്ങളെ താഴ്ത്തിക്കെട്ടുമ്പോഴാണ് പ്രശ്നങ്ങള്‍ ഉണ്ടാവുന്നത്. ഇസ്‌ലാമികമായിട്ടു നോക്കുകയാണെങ്കില്‍ അത്തരത്തിലുള്ള ചിന്തയേ പാടില്ല. ഖുര്‍ആനില്‍ പറയുന്നത് ക്രിസ്‌ത്യാനിയായാലും ജൂതനായാലും സാബിഇ ആയാലും സല്‍ക്കര്‍മ്മം ചെയ്യുകയും ദൈവത്തില്‍ വിശ്വസിക്കുകയും ചെയ്‌താല്‍ അവരൊന്നും ഭയപ്പെടേണ്ടതില്ലയെന്നാണ്. |
- മതങ്ങളുടെ കാര്യത്തില്‍ ഡയലോഗ് ആണ് വേണ്ടത്. മതങ്ങള്‍ തമ്മിലുള്ള സംവാദം നടക്കണം. സാമുവല്‍ എഡ്വിംഗ്‌ടണ്‍ പോലുള്ള ആളുകള്‍ നാഗരികതകളുടെ സംഘര്‍ഷത്തെപ്പറ്റി പറഞ്ഞിട്ടുണ്ട്. `ക്ലാഷസ് ഓഫ് സിവിലൈസേഷന്‍' എന്ന പേരില്‍ ഒരു പുസ്‌തകം തന്നെ അദ്ദേഹം എഴുതിയിട്ടുണ്ട്. അതിന്റെ പ്രതിപാദ്യം പശ്ചാത്യനാഗരികത ഇസ്‌ലാമികനാഗരികതയുമായി ഒരിക്കലും പൊരുത്തപ്പെടുകയില്ല, അതു തമ്മിലുള്ള സംഘട്ടനമാണ് ഇനി ഭാവിയില്‍ വരാന്‍ പോകുന്ന യുദ്ധത്തിന് കാരണമാവുക എന്നതാണ്. അദ്ദേഹത്തിന്റെ പ്രവചനം വളരെ അടിസ്ഥാനരഹിതമാണ്. ആ പ്രവചനം ചിലപ്പോള്‍ രാഷ്‌ട്രീയക്കാര്‍ സത്യമാക്കിക്കളയും. ഗുജറാത്തിലും മറ്റുമുണ്ടായ സംഭവങ്ങള്‍ പോലെ. സത്യത്തില്‍ അങ്ങനെയല്ല. ഒരു മതവും ആളുകളെ ഉപദ്രവിക്കാനോ അക്രമം അഴിച്ചുവിടാനോ പറഞ്ഞിട്ടില്ല. എല്ലാ മതങ്ങളും സ്‌നേഹിക്കാനാണു പറഞ്ഞിട്ടുള്ളത്. വിശ്വാസത്തിന്റെ കാര്യത്തില്‍ അല്‍പ്പസ്വല്‍പ്പമൊക്കെ അങ്ങോട്ടുമിങ്ങോട്ടുമുള്ള വ്യത്യാസമല്ലേ കാര്യമായിട്ടുള്ളൂ. ഏതെങ്കിലും മതം കളവു പറയണമെന്ന് പറഞ്ഞിട്ടുണ്ടോ? ഹിംസ ചെയ്യണമെന്നു പറഞ്ഞിട്ടുണ്ടോ? പാവപ്പെട്ടവരെ സഹായിക്കണ്ടായെന്നു പറഞ്ഞിട്ടുണ്ടോ? കൊല്ലാന്‍ പറഞ്ഞിട്ടുണ്ടോ ഏതെങ്കിലും മതം? അപ്പോള്‍ ഈ മതങ്ങളൊക്കെ വാസ്‌തവത്തില്‍ നല്ല തത്വങ്ങളാണു പറഞ്ഞിട്ടുള്ളത്. പക്ഷേ, മതങ്ങളുടെ പേരില്‍ കച്ചവടക്കാരും രാഷ്‌ട്രീയക്കാരും ആളുകളെ ഭിന്നിപ്പിക്കുകയാണ്. രാഷ്‌ട്രീയ കാര്യങ്ങള്‍ക്കും അതുപോലെ തന്നെ സ്വന്തം താല്‍പര്യങ്ങള്‍ക്കുമൊക്കെ വേണ്ടി മതങ്ങളെ ചൂഷണം ചെയ്യുകയാണ്.
അതുകൊണ്ട് മതങ്ങള്‍ തമ്മിലുള്ള സംവാദം ധാരാളം നടക്കണം. മതങ്ങള്‍ തമ്മില്‍ പരസ്‌പരം മനസ്സിലാക്കാന്‍ ശ്രമിക്കണം. അപ്പോള്‍ അവര്‍ക്ക് മനസ്സിലാകും എല്ലാ മതദര്‍ശനങ്ങളും പറയുന്നത് തമ്മില്‍ ഒരുപാട് സാമ്യമുണ്ടെന്ന്. എപ്പോഴും നമ്മളെന്താ വിചാരിക്കുന്നത്? നമ്മുടെ മതമാണ് ഏറ്റവും നല്ല മതമെന്നാണ്. മറ്റുള്ളതൊന്നും കൊള്ളില്ലെന്നും അവര്‍ക്ക് വാസ്‌തവത്തില്‍ സ്വര്‍ഗ്ഗപ്രവേശം കിട്ടില്ലെന്നുമാണ്. ഇങ്ങനെയുള്ള വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ മറ്റുള്ള മതങ്ങളെ താഴ്ത്തിക്കെട്ടുമ്പോഴാണ് പ്രശ്നങ്ങള്‍ ഉണ്ടാവുന്നത്. ഇസ്‌ലാമികമായിട്ടു നോക്കുകയാണെങ്കില്‍ അത്തരത്തിലുള്ള ചിന്തയേ പാടില്ല. ഖുര്‍ആനില്‍ പറയുന്നത് ക്രിസ്‌ത്യാനിയായാലും ജൂതനായാലും സാബിഇ ആയാലും സല്‍ക്കര്‍മ്മം ചെയ്യുകയും ദൈവത്തില്‍ വിശ്വസിക്കുകയും ചെയ്‌താല്‍ അവരൊന്നും ഭയപ്പെടേണ്ടതില്ലയെന്നാണ്. ഈ ആശയമുള്ള രണ്ട് ഖുര്‍ആന്‍ സൂക്തങ്ങളുണ്ട്. ഒരു മതത്തില്‍ പെട്ടവര്‍ക്ക് മാത്രമേ ഈശ്വരസാക്ഷാല്‍ക്കാരം കിട്ടൂ എന്ന് പറയുന്നില്ല.
- അപ്പോള്‍ അങ്ങയുടെ വിശ്വാസമനുസരിച്ച് നന്മ ചെയ്യുന്നത് ആരായാലും ശരി, അവന്‍ ദൈവസമക്ഷത്തിലെത്തിച്ചേരും എന്നാണ്
-അതെ. എന്റെ വിശ്വാസമതാണ്. നന്മ ചെയ്യുകയും തിന്മ ചെയ്യാതിരിക്കുകയും ചെയ്യുന്ന എല്ലാവര്‍ക്കും വാസ്‌തവത്തില്‍ ഭയപ്പെടേണ്ട കാര്യമില്ല. ദൈവത്തില്‍ വിശ്വസിക്കുക. അതിനോടൊപ്പം സല്‍ക്കര്‍മ്മം ചെയ്യുകയും തിന്മയില്‍ നിന്ന് ഒഴിവാകുകയും ചെയ്യുക എന്നതാണ് ഈശ്വരസാക്ഷാല്‍ക്കാരത്തിന്റെ വഴി. എന്നാല്‍, ഒരു ഈശ്വരനിഷേധിയായിട്ടുള്ള ആള്‍ നല്ല കാര്യം ചെയ്‌തു, ചീത്തകാര്യങ്ങള്‍ ഉപേക്ഷിച്ചു എന്നതുകൊണ്ട് അവന്‍ നരകത്തിലേയ്‌ക്ക് എന്നെന്നേയ്‌ക്കുമായി പോകും എന്ന് പറയാന്‍ ഞാനാളല്ല. ഖുര്‍ആന്‍ പറയുന്നത് ഒരു അണുമണിത്തൂക്കം നന്മചെയ്‌താല്‍ അതിനനുസരിച്ചുള്ള പ്രതിഫലവും ഒരുപൊടി തിന്മ ചെയ്‌താല്‍ അതിനനുസരിച്ചുള്ള ശിക്ഷയും കിട്ടും എന്നാണ്. എല്ലാ മതങ്ങളും ഏകദേശം ആ നിലയില്‍ത്തന്നെയാണ് പോകുന്നത്. അപ്പോള്‍ മതങ്ങള്‍ തമ്മില്‍ സംഘര്‍ഷം ഉണ്ടാകുന്നതല്ല. ഹിന്ദു മതമാണെങ്കില്‍ എത്രയോ വിശാലമായിട്ടുള്ള മതമാണു വാസ്‌തവത്തില്‍. `ഏകം സത് വിപ്രാ ബഹുധാ വദന്തി' എന്നാണ് ഹൈന്ദവാചാര്യന്മാര്‍ പറഞ്ഞത്. ഏകമായ സത്യം പല വിദ്വാന്‍മാര്‍ പല തരത്തില്‍ പറയുന്നു എന്നതാണ് അതിന്റെ സാരം.
- അപ്പോള്‍ പിന്നെ അവിടെയൊരിക്കലും സംഘര്‍ഷത്തിന് സാദ്ധ്യതയില്ല.
- അതെ, അതാണ് ശരി.
- ഇപ്പോള്‍ നിലവിലുള്ള സംഘര്‍ഷങ്ങളെല്ലാം തന്നെ രാഷ്‌ട്രീയപരമാണെന്നാണോ?
- രാഷ്‌ട്രീയക്കാരുടെയും മതദര്‍ശനങ്ങളെ സംബന്ധിച്ച് വ്യക്തമായ ധാരണയില്ലാത്ത ആളുകളുടെയും പ്രവര്‍ത്തനഫലമായിട്ടുണ്ടായിട്ടുള്ളതാണ് ഈ സംഘര്‍ഷങ്ങളെന്നുള്ള കാര്യത്തില്‍ സംശയമില്ല. ആത്യന്തികമായിട്ട് ധര്‍മ്മത്തെക്കുറിച്ചാണ് എല്ലാ മതങ്ങളും പറയുന്നത്. ധര്‍മ്മം വിജയിക്കേണ്ടതിന്റെ ആവശ്യകതയേക്കുറിച്ചാണ് എല്ലാ മതങ്ങളും ഉദ്‌ഘോഷിക്കുന്നത്.
- മതങ്ങള്‍ മാത്രമല്ല, നിരീശ്വരവാദികളും യുക്തിവാദികളുമെല്ലാം?
- അതെ. നെഹ്‌റു ഈശ്വരവിശ്വാസിയായിരുന്നില്ല. ധര്‍മ്മത്തെക്കുറിച്ച് വളരെയധികം പറയുന്ന മതമാണ് ബുദ്ധമതം. രണ്ടു അഭിപ്രായക്കാരുണ്ട് ബുദ്ധപണ്‌ഡിതന്‍മാരില്‍. പക്ഷേ, ഭൂരിഭാഗം ബുദ്ധമതക്കാരും പറയുന്നത് അവര്‍ ഈശ്വരനില്‍ വിശ്വസിക്കുന്നില്ല എന്നാണ്. വേള്‍ഡ് ഫെല്ലോഷിപ്പ് ഓഫ് ഇന്റര്‍ റിലീജിയസ് കൗണ്‍സില്‍ സംഘടിപ്പിക്കുന്ന ലോകമതസമ്മേളനങ്ങളുടെ പരിസമാപ്‌തിയില്‍ ഒരു പ്രഖ്യാപനം ഉണ്ടാകും. ആ പ്രഖ്യാപനത്തില്‍ ദൈവം എന്ന് ഉപയോഗിച്ചത് പോലും ചില ബുദ്ധമതപ്രതിനിധികള്‍ എതിര്‍ത്തു. കാരണം, അവര്‍ക്കങ്ങിനെയൊരു വിശ്വാസമില്ല. പക്ഷെ, ബുദ്ധമതമൊക്കെ ധാര്‍മ്മികത ഒരുപാട് ഉയര്‍ത്തിപ്പിടിക്കുന്ന മതമാണ്. ബുദ്ധമതത്തില്‍ ദൈവസങ്കല്‍പമുണ്ടോ എന്നതിനേപ്പറ്റി തര്‍ക്കമുണ്ട് ഇപ്പോഴും. എങ്കിലും ഭൂരിപക്ഷം ബുദ്ധമതക്കാരോടും ചോദിച്ചാല്‍ ബുദ്ധമതത്തില്‍ ദൈവസങ്കല്‍പം ഇല്ലെന്നേ പറയൂ.
- കേരളത്തിലെ രാഷ്‌ട്രീയ സാഹചര്യത്തില്‍ പെട്ടെന്നുള്ള ഇടപെടല്‍ നീതിപീഠങ്ങളുടെ ഭാഗത്തുനിന്നോ, ഭരണകൂടത്തില്‍ നിന്നോ ഉണ്ടാകേണ്ട എന്തെങ്കിലും വിഷയങ്ങള്‍ അങ്ങയുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടോ?
| മതേതരത്വം എന്ന ആശയവും തമസ്‌കരിക്കപ്പെടുന്നുണ്ട്. ഇതൊക്കെ മനസ്സിലാക്കുകയും അതിനെതിരേ നടപടികളെടുക്കുകയും ചെയ്യേണ്ടത് കോടതികളാണ്. കാരണം, രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്ക് അങ്ങിനെയൊരു താല്‍പര്യമില്ല. അവരെ അതിനുവേണ്ടി പ്രതീക്ഷിച്ചിട്ട് കാര്യമില്ല. കോടതികള്‍ക്ക് മാത്രമേ അത് ചെയ്യാന്‍ പറ്റൂ എന്നാണ് എന്റെ വിശ്വാസം. |
- ഉണ്ട്. മതേതരത്വവും ജനാധിപത്യവും. ഒന്നാമത് ജനാധിപത്യത്തിന്റെ അന്തസത്ത എന്നുപറയുന്നത് എല്ലാ ആളുകള്‍ക്കും അവരുടെ ആശയങ്ങള്‍ പ്രചരിപ്പിക്കാനുള്ള സ്വാതന്ത്ര്യവും അവകാശവും കൊടുക്കുക എന്നുള്ളതാണ്. ``ഞാന്‍ നിങ്ങളുടെ അഭിപ്രായത്തെ ശക്തമായി എതിര്‍ക്കുന്നു, പക്ഷേ അഭിപ്രായം പറയാനുള്ള നിങ്ങളുടെ അവകാശത്തിന് വേണ്ടി ഞാന്‍ മരിക്കാന്‍ പോലും തയ്യാറാണ്' എന്നു പറഞ്ഞത് വോള്‍ട്ടെയര്‍ ആണ്. അതാണ് യഥാര്‍ത്ഥത്തില്‍ ഇന്ത്യന്‍ ജനാധിപത്യത്തിന്റെയും അന്തസത്ത. പക്ഷേ, ഇവിടെ നമ്മുടെ രാഷ്‌ട്രീയപാര്‍ട്ടികള്‍ അങ്ങനെയല്ല ചെയ്യുന്നത്. സ്‌കൂളുകളിലും കോളേജുകളിലുമൊക്കെ ഉണ്ടാകുന്ന സംഘര്‍ഷങ്ങളൊക്കെ അതുകൊണ്ടാണ്. മറ്റുള്ളവരെ പ്രവര്‍ത്തിക്കാനനുവദിക്കാതെ തങ്ങളുടെ സംഘടന മാത്രം ഇവിടെ നിലനില്‍ക്കണമെന്ന ഉദ്ദേശ്യത്തോടുകൂടി മറ്റുള്ളവരെ അടിച്ചമര്‍ത്തുക. ശക്തി ഉപയോഗിച്ചും അവരുടെ പ്രചാരണം തടയുക. അതിനുവേണ്ടി ഹിംസയുടെ മാര്‍ഗ്ഗങ്ങളൊക്കെ ഉപയോഗിക്കുക. ഈ പ്രവണതയാണ് കാണുന്നത്. അതിനെതിരായി ശക്തമായി ഭരണകൂടവും കോടതിയുമൊക്കെ ഇടപെടണം. എവിടെ അക്രമം നടക്കുന്നുണ്ടോ, എവിടെ സാമൂഹിക വിഭജനം സൃഷ്‌ടിക്കപ്പെടുന്നുണ്ടോ, എവിടെ നീതി നിഷേധിക്കപ്പെടുന്നുണ്ടോ അതിനെതിരായി ശക്തമായി നില്‍ക്കണം. ഇപ്പോള്‍ ഒരു പാര്‍ട്ടിയില്‍പെട്ട ആളുകള്‍ ശിക്ഷിക്കപ്പെട്ടാല്‍ അവരെ കുറച്ച് കാലം കഴിയുമ്പോഴേക്കും ജയില്‍ മുക്തരാക്കുന്നു. അവര്‍ക്കെതിരായ ക്രിമിനല്‍ കേസുകള്‍ പിന്‍വലിക്കുന്നു. തത്വദീക്ഷയില്ലാതെ പരോളില്‍ വിടുന്നു. തങ്ങളുടെ പാര്‍ട്ടിക്കാരെ യോഗ്യത നോല്‍ക്കാതെ പൊതുസ്ഥാപനങ്ങളിലൊക്കെ കയറ്റിവിടുന്നു. ഇതുപോലെയുള്ള പ്രവണതകളൊക്കെ നിലവിലുണ്ട്. മതേതരത്വം എന്ന ആശയവും തമസ്‌കരിക്കപ്പെടുന്നുണ്ട്. ഇതൊക്കെ മനസ്സിലാക്കുകയും അതിനെതിരേ നടപടികളെടുക്കുകയും ചെയ്യേണ്ടത് കോടതികളാണ്. കാരണം, രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്ക് അങ്ങിനെയൊരു താല്‍പര്യമില്ല. പാര്‍ട്ടിയെ വളര്‍ത്തണം എന്നുള്ളതില്‍ കവിഞ്ഞുള്ള ഒരു താല്‍പര്യവും രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്ക് കാണുകില്ല. അവരെ അതിനുവേണ്ടി പ്രതീക്ഷിച്ചിട്ട് കാര്യമില്ല. കോടതികള്‍ക്ക് മാത്രമേ അത് െചയ്യാന്‍ പറ്റൂ എന്നാണ് എന്റെ വിശ്വാസം.
- മതസ്ഥാപനങ്ങളുടെ, അതായത് ക്ഷേത്രങ്ങള്‍, പള്ളികള്‍ ഇവയുടെയൊക്കെ ഭരണത്തില്‍ സര്‍ക്കാര്‍ നേരിട്ട് ഇടപെടുന്നതിനെക്കുറിച്ച് എന്താണ് അങ്ങയുടെ അഭി്രപായം?
- സര്‍ക്കാര്‍ ഇടപെടുന്നതുകൊണ്ട് ചില ഗുണങ്ങളുണ്ട്. നിയന്ത്രിക്കാന്‍ കഴിയും. വാസ്‌തവത്തില്‍, മതസ്ഥാപനങ്ങളുടെ അതായത് വഖഫ് ബോര്‍ഡ്, ദേവസ്വം ബോര്‍ഡ് ഇതുപോലുള്ളവയ്‌ക്ക് സര്‍ക്കാര്‍ മേല്‍നോട്ടം ഉണ്ടായില്ലെങ്കില്‍ ഈ സ്വത്തുക്കളെല്ലാം ദുര്‍വിനിയോഗം ചെയ്യപ്പെടും. അതൊക്കെ നിയന്ത്രിക്കാന്‍ വേണ്ടിയാണ് നിയമനിര്‍മ്മാണം കൊണ്ടുവന്നിട്ടുള്ളത്. അവരുടെ ആരാധനകളിലോ ആചാരങ്ങളിലോ ഒന്നും ഇടപെടാതെ തന്നെ അതില്‍ നിന്നുണ്ടാകുന്ന ആദായം ദുര്‍വിനിയോഗം ചെയ്യപ്പെടുകയോ അപഹരിക്കപ്പെടുകയോ ചെയ്യുന്ന സന്ദര്‍ഭങ്ങള്‍ ഇല്ലാതാക്കാന്‍ വേണ്ടിയാണ് അങ്ങനെയുള്ള നിയമനിര്‍മ്മാണത്തിന് രൂപം കൊടുത്തിട്ടുള്ളത്. അത് മറ്റ് രാജ്യങ്ങളിലുമുണ്ട്. അതില്‍ കവിഞ്ഞ ഇടപെടലുകള്‍ പാടില്ല.
- ആരാധനാകേന്ദ്രങ്ങളില്‍ നിന്നുള്ള വരുമാനം സര്‍ക്കാര്‍ വകമാറ്റി ചിലവഴിക്കുന്നതായി ആരോപണം നിലവിലുണ്ടല്ലോ? അത് ശരിയാണെങ്കില്‍ പല പ്രശ്‌നങ്ങള്‍ക്കും കാരണമാകില്ലേ?
- അങ്ങനെ ഉപയോഗിക്കുന്നില്ലല്ലോ? ഉപയോഗിച്ചിട്ടുണ്ടോ? ട്രഷറിയില്‍ ഡെപ്പോസിറ്റ് ചെയ്യാനൊക്കെ പറഞ്ഞിട്ടുണ്ടാവും. അല്ലാതെ അത് സര്‍ക്കാര്‍ ഉപയോഗിക്കുന്നതായിട്ട് എനിക്കറിയില്ല. ഉപയോഗിക്കുന്നുണ്ടെങ്കില്‍ തെറ്റാണ്. അത് വക മാറ്റി ഉപയോഗിക്കാന്‍ പാടില്ല. നേരെ മറിച്ച്, മാനുഷികമായ കാര്യങ്ങള്‍ക്ക് അതായത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പോലെയുള്ള കാര്യങ്ങള്‍ക്ക് ഈ ഫണ്ടുകള്‍ എങ്ങിനെ ഉപയോഗപ്പെടുത്താമെന്ന കാര്യം ചിന്തിക്കേണ്ടതാണ്.
- ഇപ്പോള്‍ മതസ്ഥാപനങ്ങളുടെ നേരിട്ടുള്ള ഭരണത്തിലാണ് സര്‍ക്കാര്‍ ഇടപെടുന്നത്. ദേവസ്വം വകുപ്പ് മന്ത്രി, വഖഫ് ബോര്‍ഡിനൊരു മന്ത്രി എന്നിങ്ങനെ. ഇതൊഴിവാക്കിക്കൊണ്ട് ഒരു റിലീജിയണ്‍ റെഗുലേറ്ററി അതോറിറ്റി കൊണ്ടുവരുന്നതിനേപ്പറ്റിയുള്ള സാദ്ധ്യത ചര്‍ച്ച ചെയ്യപ്പെടേണ്ടതല്ലേ? പി.എസ്.സി. പോലെ സര്‍ക്കാരിന്റെ കീഴില്‍ ഒരു റിലീജിയണ്‍ റെഗുലേറ്ററി അതോറിറ്റി കൊണ്ടുവരികയും അതിന്റെ മേല്‍നോട്ടത്തില്‍....
- അത് സാദ്ധ്യമാണ്. കഴിയുന്നതും ഗവണ്‍മെന്റ് നേരിട്ട് അതിനെ നിയന്ത്രിക്കുന്നതും അവരുടെ സ്വാതന്ത്ര്യത്തെ ഹനിക്കുന്നതും ശരിയായിരിക്കില്ല. എന്തെങ്കിലും ചൂഷണം നടക്കുന്നുണ്ടെങ്കില്‍, പണാപഹരണം നടക്കുന്നുണ്ടെങ്കില്‍ അതു തടയാനും, ആ സ്ഥാപനങ്ങളുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ നേടാന്‍ വേണ്ടിയും ആവശ്യമായ സാഹചര്യങ്ങള്‍ സൃഷ്‌ടിക്കേണ്ടത് വളരെ ആവശ്യമാണ്.
- സംഘടനകള്‍ക്കും ട്രസ്റ്റുകള്‍ക്കും പ്രത്യേകിച്ച് മതസ്ഥാപനങ്ങള്‍ക്ക് യാതൊരുവിധ ലക്കും ലഗാനുമില്ലാതെ കിട്ടുന്ന വിദേശഫണ്ട് ഉപയോഗപ്പെടുത്തുന്നതുകൊണ്ടാണ് ഇവിടെ പലപ്പോഴും വിഭജനം ഉണ്ടാക്കാന്‍ അല്ലെങ്കില്‍ തീവ്രവാദപ്രവര്‍ത്തനങ്ങള്‍ ഉണ്ടാക്കാന്‍ കഴിയുന്നതെന്ന് ക്രൈംബ്രാഞ്ചും മറ്റുള്ളവരുമൊക്കെ പറയുന്നു. ഇത് നിയന്ത്രിക്കാനായി മതസംഘടനകള്‍ക്ക് വിദേശഫണ്ട് സ്വീകരിക്കാനുള്ള അനുമതി തടയേണ്ടതാണോ?
- തടയേണ്ട കാര്യമില്ല, നിയന്ത്രിക്കേണ്ടതാണ്. കാരണം, ഇപ്പോള്‍ പല പ്രവര്‍ത്തനങ്ങളും വിദേശത്തുനിന്നുള്ള ചാരിറ്റിയില്‍ നിന്ന് കിട്ടുന്ന പണം കൊണ്ടാണ് നടക്കുന്നത്. ചില ക്രിസ്‌ത്യന്‍ ഇന്‍സ്റ്റിറ്റിയൂഷന്‍സും ഹോസ്‌പിറ്റലുകളുമൊക്കെ നടത്തുന്നത് ജര്‍മ്മനിയില്‍ നിന്നും അതുപോലുള്ള രാജ്യങ്ങളില്‍ നിന്നും കിട്ടുന്ന പണം കൊണ്ടാണ്. അത് എല്ലാവര്‍ക്കും ഉപയോഗപ്പെടുന്നുമുണ്ട്. മറ്റു മതസ്ഥര്‍ നടത്തുന്ന ധര്‍മ്മസ്ഥാപനങ്ങള്‍ക്കും വിദേശഫണ്ടുകള്‍ ലഭിക്കുന്നുണ്ട്. അതുകൊണ്ട് അതിനെ നിരുത്സാഹപ്പെടുത്തേണ്ട കാര്യമില്ല. അതില്‍ എന്തെങ്കിലും അനുവദനീയമല്ലാത്ത, അല്ലെങ്കില്‍ നമ്മുടെ ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന മൂല്യങ്ങള്‍ക്കും ധാര്‍മ്മിക മൂല്യങ്ങള്‍ക്കും എതിരായ എന്തെങ്കിലും ഉണ്ടെങ്കില്‍ അതിനെ തടയണം. അതിനുള്ള നിയന്ത്രണങ്ങള്‍ വേണം. അതിപ്പോള്‍ തന്നെ ഉണ്ട്. പക്ഷേ അത് വേണ്ടതുപോലെ നിയന്ത്രിക്കുന്നുണ്ടോയെന്നത് മാത്രമേ സംശയമുള്ളൂ.
- പുതിയൊരു സംവിധാനത്തെക്കുറിച്ച് നാം ആലോചിക്കേണ്ടതില്ലേ. അതായത്, പുറമേ നിന്ന് ഫണ്ട് സ്വീകരിക്കാന്‍ കഴിയുന്ന ലൈസന്‍സുള്ള, എല്ലാ സ്ഥാപനങ്ങള്‍ക്കും വേണ്ടി കേന്ദ്രഗവണ്‍മെന്റിന്റെ കീഴില്‍ ഒരു വെബ്‌സൈറ്റ് കൊണ്ടുവരിക. ഇത് നിയന്ത്രിക്കുന്നതിന് ഒരു ബോര്‍ഡും. ഈ വെബ്‌സൈറ്റില്‍ ഏതൊക്കെ സ്ഥാപനങ്ങള്‍ക്ക് ഇത്തരത്തിലുള്ള ലൈസന്‍സ് കൊടുത്തിട്ടുണ്ട്, അവര്‍ക്ക് എത്ര രൂപ വരെ ഫണ്ട് സ്വീകരിക്കാം, ഓരോ വര്‍ഷവും അവര്‍ സ്വീകരിച്ച ഫണ്ട് എത്രയാണ്, എവിടെ നിന്നാണ്, ചിലവാക്കിയത് എവിടെയൊക്കെയാണ് തുടങ്ങിയ കാര്യങ്ങള്‍ ആര്‍ക്കും കാണാവുന്ന രീതിയില്‍ പരസ്യപ്പെടുത്തിക്കൂടേ?
- തീര്‍ച്ചയായും ഇതൊരു നല്ലകാര്യമാണ്. കോടതികളും സര്‍ക്കാരുമൊക്കെ ചിന്തിക്കേണ്ടതുമാണ്. ഈ രീതിയില്‍ പരസ്യപ്പെടുത്തുന്നത് വളരെ നല്ലതാണ്. സുതാര്യത എവിടെയായാലും വേണം. ഈ ഫണ്ട് എങ്ങിനെ പിരിക്കുന്നു? എത്ര ഫണ്ട് പിരിച്ചു? എന്ത് ചെലവ് ചെയ്‌തു? എന്തിനുവേണ്ടി ചെലവ് ചെയ്‌തു? എന്നുള്ളതൊക്കെ അറിയാനുള്ള അവകാശം ജനങ്ങള്‍ക്കുണ്ട്. വിവരാകാശത്തില്‍ പെട്ടതാണത്. അത് നല്‍കാന്‍ ഭരണസംവിധാനങ്ങള്‍ക്ക് ബാദ്ധ്യതയുണ്ട് ■ |
| << Back to List |
|
|
|
|