|
 |
മൊബൈല്‍ ഫോണ്‍: സാംസ്‌കാരിക അധിനിവേശത്തിന്റെ വിഷവൃക്ഷം
-പ്രസന്നകുമാര്‍ ഇത്തിത്താനം
|
``പലതുള്ളി പെരുവെള്ളം'' എന്നതുപോലെ നമ്മുടെ പോക്കറ്റിലെ ചെറിയ നാണയത്തുട്ടുകള്‍ വരെ ഊറ്റിയെടുത്ത് കോടീശ്വര ലിസ്റ്റില്‍ ഒന്നാമനാകാനായി മത്സരിക്കുകയാണ് മൊബൈല്‍ ഫോണ്‍ കമ്പനികള്‍

എ. രാജ
|
2 ജി സ്‌പെക്‌ട്രം അഴിമതിയിലൂടെ കേന്ദ്ര ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പു മന്ത്രി എ. രാജ 60,000 കോടി രൂപയുടെ അഴിമതി നടത്തിയിരിക്കുന്നു! ഇന്ത്യയിലെ ഒരു പ്രമുഖ ദിനപത്രമായ `ദി പയനിയര്‍' ഈ വാര്‍ത്ത പുറത്തു കൊണ്ടുവന്നിട്ടും ഇന്ത്യയിലെ രാഷ്‌ട്രീയ പാര്‍ട്ടികള്‍ ഞെട്ടിയില്ല. ഇന്ത്യന്‍ രാഷ്‌ട്രീയത്തില്‍ അതൊരു ചര്‍ച്ചാ വിഷയമേ ആയില്ല. എന്തിന് നമ്മുടെ മലയാള മാദ്ധ്യമങ്ങള്‍ക്കും അത് താല്‌പര്യമുള്ള ഒരു വിഷയമായിരുന്നില്ല. ഇതിന് മുന്‍പ് ഇസ്രയേല്‍ എയറോസ്‌പേസ് ഇന്‍ഡസ്‌ട്രീസ് എന്ന ആയുധ കമ്പനിയുമായി പ്രതിരോധ മന്ത്രി എ.കെ. ആന്റണി 10,000 കോടിയുടെ ആയൂധ ഇടപാടു നടത്തിയതു വഴി 9% കമ്മീഷന്‍ - അതായത് 900 കോടി രൂപ - അഴിമതി നടന്നതും ദേശീയ മാദ്ധ്യമങ്ങള്‍ പുറത്തു കൊണ്ടുവന്നിരുന്നു. എന്നാല്‍ ദേശീയ തെരഞ്ഞെടുപ്പു കാലത്തുപോലും അത് ചര്‍ച്ച ചെയ്യാന്‍ നമ്മുടെ മാദ്ധ്യമങ്ങള്‍ തയ്യാറായില്ല. 86 കോടി നഷ്‌ടം വരുത്തിയ എസ്.എന്‍.സി. ലാവ്‌ലിന്‍ കേസിന്റെ പ്രാധാന്യം പോലും അവര്‍ ഇതിന് നല്‍കുന്നില്ല. 900 കോടിയോ 60,000 കോടിയോ ഒന്നും ഇന്ന് വലിയൊരു സംഖ്യയേയല്ല എന്ന സമീപനമാണ് മാദ്ധ്യമങ്ങള്‍ സ്വീകരിക്കുന്നത്. അതുകൊണ്ടാണല്ലോ ഈ വിഷയം ജനങ്ങള്‍ക്കിടയില്‍ ഇന്നും ചര്‍ച്ചാ വിഷയം ആകാതിരിക്കുന്നത്. അല്ലെങ്കില്‍ സ്‌പെക്‌ട്രമെന്നോ, 2 ജി സ്‌പെക്‌ട്രമെന്നോ, 3 ജി സ്‌പെക്‌ട്രമെന്നോ പറഞ്ഞാല്‍ എന്താണെന്ന് അറിയാത്ത പാവങ്ങളാണ് നമ്മുടെ ജനങ്ങള്‍ എന്നുവേണം കരുതാന്‍.
മൊബൈല്‍ കമ്പനികള്‍ക്ക് റേഡിയോ സിഗ്നലുകള്‍ വിതരണം ചെയ്യുന്നതിനാവശ്യമായ സ്‌പെക്‌ട്രം ലേലം ചെയ്‌തു കൊടുക്കാതെ ``ഫസ്റ്റ് കം ഫസ്റ്റ് സേര്‍വ്'' വ്യവസ്ഥയില്‍ ഇന്ത്യയിലെ കുത്തക മൊബൈല്‍ കമ്പനികള്‍ക്ക് വിതരണം ചെയ്‌തു. ഈ വില്‌പനയിലൂടെ 60,000 കോടി രൂപയുടെ അഴിമതി നടത്തിയിരിക്കുന്നു. അഴിമതിയുടെ അളവ് അഥവാ സംഖ്യ കൂടുന്നതനുസരിച്ച് അതിനെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതില്‍ ജനങ്ങള്‍ക്കും താല്‌പര്യമില്ലാതായി.
ഇന്ത്യന്‍ ജനതെയ കൊള്ളയടിക്കുന്ന മൊബൈല്‍ കമ്പനികള്‍
ഒരു മാസം ഫോണ്‍ വിളിക്കാനായി കേരളീയര്‍ 472 കോടി രൂപയാണ് ചെലവഴിക്കുന്നത്. ഒരു മാസം കേരളീയര്‍ മാത്രം 472 കോടി രൂപ വെറുതെ ``സൊറ'' പറയാനായി ചെലവിഴിക്കുമ്പോള്‍ ഇന്ത്യയില്‍ മൊത്തം എത്ര കോടി രൂപയാണ് ജനങ്ങള്‍ ഇതിനായി ചെലവഴിക്കുന്നതെന്ന് ഒന്ന് ആലോചിച്ചു നോക്കൂ. കേരളത്തിലെ ജനസംഖ്യ വെറും 3.5 കോടിയാണെന്നു കൂടി ഓര്‍ക്കണം. ഇന്ത്യയിലെ 110 കോടി ജനങ്ങളില്‍ ബഹുഭൂരിപക്ഷവും മൊബൈലോ ലാന്‍ഡ്‌ഫോണോ ഉപയോഗിക്കുന്നവരാണ്. ഒരു മാസം ഇന്ത്യയിലെ ജനങ്ങള്‍ ഫോണ്‍ വിളിക്കാനായി മാത്രം നാലക്ക സംഖ്യ ചെലവഴിക്കുന്നു. ഈയൊരു സാഹചര്യത്തില്‍ 60,000 കോടി രൂപയല്ല അതിന്റെ ഇരട്ടിവേണമെങ്കിലും മൊബൈല്‍ കമ്പനികള്‍ കോഴയായി കൊടുക്കും. സ്വതന്ത്രഭാരതത്തില്‍ നമ്മുടെ അറിവില്‍ രണ്ടു കോടീശ്വരന്മാരായിരുന്നു ഉണ്ടായിരുന്നത്. ഒന്ന് ടാറ്റായും രണ്ട് ബിര്‍ളയും. ഇന്ന് ശതകോടീശ്വരന്മാരുടെ എണ്ണം അന്‍പതു മടങ്ങായി വര്‍ദ്ധിച്ചു. ഇവരുടെയൊക്കെ പ്രവര്‍ത്തന മേഖല നിര്‍മ്മാണ രംഗമല്ല; സേവന രംഗത്താണ് ഇവര്‍ പ്രവര്‍ത്തിക്കുന്നത്. അതായത് ഇന്ത്യയിലെ ജനങ്ങളെ ``സേവിച്ച് സേവിച്ച്'' ഇവരെല്ലാം കോടീശ്വരന്മാരായി എന്നര്‍ത്ഥം. ഇക്കൂട്ടത്തില്‍പ്പെട്ടവരാണ് ഇന്നത്തെ മൊബൈല്‍ മുതലാളിമാര്‍.
ആഗോളവത്‌ക്കരണത്തിന്റെ വിനാശകന്‍
ആഗോളവത്‌ക്കരണം എന്ന മലവെള്ളപ്പാച്ചിലില്‍ നമ്മുടെ നാട്ടിലേക്ക് ഒഴുകിയെത്തിയ നിരവധി വസ്‌തുക്കളില്‍ ഒന്നു മാത്രമാണ് മൊബൈല്‍ ഫോണ്‍. 1973-ലാണ് മൊബൈല്‍ സംവിധാനം കണ്ടുപിടിക്കപ്പെടുന്നത്. അമേരിക്കയിലെ മോട്ടറോള കമ്പനിയാണ് ആദ്യമായി മൊബൈല്‍ വിപണിയില്‍ ഇറക്കിയത്. 2004-ലാണ് ഇന്ത്യയില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗം തുടങ്ങിയത്. ഇന്ന് നമ്മുടെ സമൂഹത്തെ കാര്‍ന്നു തിന്നുന്ന ഒരു ക്യാന്‍സര്‍ ആയി മൊബൈല്‍ ഫോണുകള്‍ വളര്‍ന്നുകഴിഞ്ഞു. ആഗോളവത്‌ക്കരണത്തിന്റെ ഫലമായുണ്ടായ സാംസ്‌കാരിക അധിനിവേശത്തിന്റെ ഉത്തമോദാഹരണമാണ് മൊബൈല്‍ ഫോണുകള്‍ മൂലം ഉണ്ടാകുന്ന ആത്മഹത്യകള്‍. നിസ്സാര പ്രശ്‌നങ്ങള്‍ക്കുവരെ കുട്ടികളെ ആത്മഹത്യയില്‍ കൊണ്ടുചെന്നെത്തിക്കുന്ന വില്ലനാണ് ഈ മൊബൈല്‍ ഫോണുകള്‍. കൂടുതല്‍ സമയം മൊബൈലില്‍ സംസാരിച്ചതിന് പിതാവ് വഴക്കുപറഞ്ഞതില്‍ ``മനം നൊന്ത്'' +2 വിദ്യാര്‍ത്ഥിനി കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്‌ത സംഭവം പത്രത്താളുകളില്‍ നമ്മള്‍ വായിച്ചതാണ്. മൊബൈല്‍ ഫോണ്‍ വാങ്ങിക്കൊടുക്കാത്തതില്‍ പ്രതിഷേധിച്ച് മാതാപിതാക്കള്‍ക്കുണ്ടായിരുന്ന ഒരേയൊരു മകന്‍ ആത്മഹത്യ ചെയ്‌തത് മറ്റൊരു സംഭവം. അമ്പലപ്പുഴയിലെ വിദ്യാര്‍ത്ഥിനികളുടെ ആത്മഹത്യയിലും മൊബൈല്‍ വില്ലനായി കടന്നു വന്നിരുന്നു. അയല്‍ക്കാരിയുടെ ബാത്ത്‌റൂം രംഗങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയ 17 കാരന്‍, സംഭവം പുറത്തറിഞ്ഞപ്പോള്‍ മാനഭയം മൂലം ആത്മഹത്യ ചെയ്‌തു. കഴിഞ്ഞ വര്‍ഷം എറണാകുളത്തെ ഒരു സ്വകാര്യ ആശുപത്രിയിലെ സ്റ്റാഫ് നേഴ്‌സായ ഒരു കന്യാസ്‌ത്രീയുടെ ലൈംഗിക വികൃതികള്‍ മൊബൈലിലൂടെ പറന്നു നടന്നിരുന്നു. പലപ്പോഴും പെണ്‍കുട്ടികളെ പ്രേമം നടിച്ച് പീഢനങ്ങള്‍ക്ക് ഇരയാക്കിയ സംഭവങ്ങള്‍ ആരംഭിക്കുന്നത് മിസ്‌ഡ് കോളുകളില്‍ നിന്നുമാണ്. കോളജ് കെട്ടിടത്തില്‍ നിന്നും ചാടി ആത്മഹത്യ ചെയ്‌ത പെണ്‍കുട്ടിയുടെ മരണത്തിലും മൊബൈല്‍ വില്ലനായാണ് അവതരിച്ചത്. ഇന്ന് നടക്കുന്ന ആത്മഹത്യകള്‍, കൊലപാതകങ്ങള്‍, ഒളിച്ചോട്ടങ്ങള്‍ തുടങ്ങിയ സംഭവങ്ങളെ ഡിക്കോഡു ചെയ്‌താല്‍ ലഭിക്കുന്ന വൈറസ് മൊബൈല്‍ ഫോണ്‍ ആയിരിക്കും.
പ്രകൃതിയെയും നശിപ്പിക്കുന്നു മൊബൈല്‍ സിഗ്നലുകള്‍ ഗുരുതരമായ പാരിസ്ഥിതിക പ്രശ്‌നങ്ങളാണ് ഉണ്ടാക്കുന്നത്. അമേരിക്കയിലും മറ്റും മൊബൈല്‍ സിഗ്നലുകള്‍ മൂലം തേനീച്ചകള്‍ക്ക് ദിശ അറിയാനുള്ള കഴിവ് നഷ്‌ടപ്പെടുകയും അവ എങ്ങോട്ടെന്നില്ലാതെ പറന്നു നടന്ന് അവസാനം ചത്തൊടുങ്ങുകയും ചെയ്യുന്നു. തേനീച്ചകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങിയാല്‍ പൂക്കളില്‍ പരാഗണം നടക്കില്ല. ഫലമോ ചെടികള്‍ കായ്‌ക്കില്ല. മനുഷ്യന് ആഹാരത്തിനു പകരം മൊബൈല്‍ ഫോണുകള്‍ തിന്നേണ്ടതായി വരും. ഇത്തരം പ്രവണത നമ്മുടെ നാട്ടിലും താമസിയാതെ സംഭവിക്കും. മൊബൈല്‍ സിഗ്നലുകളുടെ റേഡിയേഷന്‍ മൂലം കുരുവികളുടേയും ആ ഗണത്തില്‍പ്പെട്ട ചെറിയ പക്ഷികളുടേയും മുട്ടകള്‍ വിരിയാന്‍ കഴിയാതെ വരുന്നതായി ചില പഠനങ്ങള്‍ തെളിയിക്കുന്നു. ഇത് ഇത്തരം പക്ഷികളുടെ കൂട്ട വംശനാശത്തിന് കാരണമാകും. ഓപ്പറേഷന്‍ ചെയ്‌ത തവളയുടെ സ്‌പന്ദിക്കുന്ന ഹൃദയത്തിനടുത്തു കൂടി മൊബൈലില്‍ സംസാരിച്ചുകൊണ്ട് നീങ്ങിയാല്‍ രക്തക്കുഴലുകള്‍ പൊട്ടി ചോരയൊലിക്കും. ഒരു ഓന്തിന്റെ സമീപത്തായി നാലു മൊബൈല്‍ ഫോണ്‍ വച്ച് മൂന്നു ദിവസം കഴിഞ്ഞാല്‍ ഓന്തിന്റെ നിറം മാറാനുള്ള കഴിവ് നഷ്‌ടപ്പെടും. മനുഷ്യന്റെ സൗകര്യത്തിനായി കണ്ടെത്തിയ ഈ ഉപകരണം മൂലം പ്രകൃതിയിലെ ജീവജാലങ്ങളുടെ ജീവിക്കുവാനുള്ള അവകാശത്തെയാണ് ചോദ്യം ചെയ്യുന്നത്.
മാനുഷിക പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു
 Picture Courtesy : www.healthy-energy-lifestyle.com
|
അനവസരത്തില്‍ കടന്നു വരുന്ന മര്യാദയില്ലാത്ത അതിഥിയാണ് മൊബൈല്‍ കോളുകളെങ്കില്‍, അപ്രതീക്ഷിതമായി ഒഴുകി വന്ന ആഗോളവത്‌ക്കരണമെന്ന മലവെള്ളപ്പാച്ചിലിന്റെ സന്തതിയാണ് മൊബൈല്‍ ഫോണുകള്‍. ആഗോളവത്‌ക്കരണം മൂലം നാട്ടില്‍ വികസനം ഉണ്ടായെന്ന് വാദിക്കുന്നവര്‍, നമ്മുടെ യുവാക്കളില്‍ കടന്നു കൂടിയിരിക്കുന്ന സാംസ്‌കാരിക അധഃപതനത്തെക്കുറിച്ച് മൗനം ഭജിക്കുകയാണ്. മൊബൈല്‍ നിരന്തരം ഹാന്‍ഡ് ബാഗില്‍ കൊണ്ടു നടക്കുന്ന സ്‌ത്രീകള്‍ക്ക് ഗര്‍ഭാശയ ഫൈബ്രോയിഡുകള്‍ ഉണ്ടാകാനുള്ള സാധ്യത 60% വര്‍ദ്ധിക്കുന്നു. അലാറം സെറ്റ് ചെയ്‌ത് തലയിണക്കടിയില്‍ വച്ചാല്‍ ടെന്‍ഷന്‍ തുടങ്ങിയ മാനസ്സിക പ്രശ്‌നങ്ങളുണ്ടാകും. പാന്റിന്റെ പോക്കറ്റില്‍ മൊബൈല്‍ സൂക്ഷിക്കുന്ന പുരുഷന്മാരില്‍ അത് വന്ധ്യതയ്‌ക്ക് കാരണമാകുന്നു.
ഫോണുപയോഗിക്കുമ്പോള്‍ ഉണ്ടാകുന്ന ഇലക്‌ട്രോമാഗ്നറ്റിക് തരംഗങ്ങള്‍ തലച്ചോറിലെ കോശങ്ങളിലെ ജലകണികകളെ പ്രകമ്പനം കൊള്ളിക്കും. ഉള്ളില്‍ പൊള്ളലുണ്ടാക്കും. താപം ബഹിര്‍ഗമിക്കും. ഇതു കൂടിയാല്‍ താപാഘാതമുണ്ടാകും. കൂടാതെ, ന്യൂറോട്രാന്‍സ്‌മിറ്ററുകളായ അസറ്റയിന്‍ കോളിന്‍, ഡോപാമിന്‍, എപ്പിനെഫ്രിന്‍, സീറോ ടോണിന്‍, യൂക്കോഫാലിന്‍സ് എന്നിവയുടെ അളവു കുറക്കും. ഏകാഗ്രത കുറവ്, ശ്വാസം മുട്ടല്‍, ഉറക്കക്കുറവ്, ലൈംഗിക പ്രശ്‌നങ്ങള്‍, പേശിവേദന, ടെന്‍ഷന്‍ എന്നിവക്കു കാരണമാകും.
ഷര്‍ട്ടിന്റെ ഇടതുപോക്കറ്റില്‍ ഫോണിടുന്ന ഒരാളുടെ ഹൃദയ പേശികളുടെ വിശ്രമ സമയം വളരെയേറെ കുറക്കുകയും ഹൃദയസ്‌തംഭനത്തിന് കാരണമാകുകയും ചെയ്യും. ഹൃദയം ഒരു മിനിട്ടില്‍ 72 തവണ സ്‌പന്ദിക്കും. 0.32 സെക്കന്റാണ് സ്‌പന്ദനസമയം. രണ്ടു സ്‌പന്ദനങ്ങള്‍ തമ്മിലുള്ള ഇടവേള 0.48 സെക്കന്റാണ്. ഇതാണ് ഹൃദയത്തിന്റെ വിശ്രമസമയം. 70 വയസ്സായ ഒരാളുടെ ഹൃദയം ആകെ 27 വര്‍ഷമേ ജോലി ചെയ്യുന്നുള്ളു. 43 വര്‍ഷത്തെ വിശ്രമമുണ്ട്. മൊബൈല്‍ ഉപയോഗിക്കുന്നവരുടെ ഹൃദത്തിന്റെ വിശ്രമസമയം ഗണ്യമായി കുറക്കുകയും അപകടം വരുത്തുകയും ചെയ്യും.
 Picture Courtesy : www.tobefree.wordpress.com
|
മൊബൈല്‍ ഫോണ്‍ കഴിഞ്ഞ 10 വര്‍ഷമായി ഉപയോഗിക്കുന്ന ഇംഗ്ലണ്ട്, ഡെന്മാര്‍ക്ക്, ഫിന്‍ലാന്‍ഡ് തുടങ്ങിയ രാജ്യങ്ങളിലെ ജനങ്ങളുടെ ചെവിയേയും തലച്ചോറിനെയും ക്യാന്‍സര്‍ ബാധിച്ചു തുടങ്ങി. ചെവിയേയും തലച്ചോറിനെയും ബന്ധിക്കുന്ന ഞരമ്പില്‍ ``അക്കോസ്റ്റിക്ക് ന്യൂറോമ'' എന്നയിനം ട്യൂമര്‍ കാണപ്പെട്ടു തുടങ്ങിയിരിക്കുന്നു. ഇത്തരം രോഗങ്ങള്‍ നമ്മുടെ ഇടയില്‍ വരാനിരിക്കുന്നതേയുള്ളൂ. കേരളത്തിലെ മുക്കിലും മൂലയിലും മൊബൈല്‍ ടവ്വറുകള്‍ സ്ഥാപിച്ചു കഴിഞ്ഞു. ഈ ടവ്വറിന്റെ ഒരു കിലോ മീറ്റര്‍ ചുറ്റളവില്‍ താമസിക്കുന്നവര്‍ക്ക് തലവേദന, മുടികൊഴിച്ചില്‍, ഓര്‍മ്മക്കുറവ്, ശ്വാസം മുട്ടല്‍, ലൈംഗിക പ്രശ്‌നങ്ങള്‍ എന്നിവയുണ്ടാകുന്നതായി പഠനങ്ങള്‍ തെളിയിക്കുന്നു. മൊബൈല്‍ ടവറുകള്‍ 1900 MHZ ഫ്രീക്വന്‍സിയുള്ള വൈദ്യുത കാന്തിക തരംഗങ്ങളാണ് പുറത്തുവിടുന്നത്. ഈ തരംഗങ്ങളെ E.M.R. എന്ന് അറിയപ്പെടുന്നു. ഇത് ടവറുകള്‍ക്ക് ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള ജീവജാലങ്ങളുടെ ശരീരോഷ്‌മാവ് ഒരു ഡിഗ്രി സെന്‍ഷ്യസ് വര്‍ദ്ധിപ്പിക്കാന്‍ കാരണമാകുന്നു. നമ്മുടെ നാട്ടിലെ ടവറുകളില്‍ 1000 മുതല്‍ 7600 MHZ ഫ്രീക്വന്‍സിയുള്ള തരംഗങ്ങളാണ് പുറത്തു വിടുന്നത്. ഇത് ഒരു മൈക്രോവേവ് ഓവന്‍ നിറയെ ഭക്ഷണ സാധനങ്ങള്‍ ചൂടാക്കാനുള്ള ശക്തിയുണ്ടെന്ന് പരീക്ഷണങ്ങള്‍ തെളിയിക്കുന്നു. ഇങ്ങനെ ശരീരോഷ്‌മാവ് കൂടുമ്പോള്‍ കണ്ണിലെ ലെന്‍സിന്റെ സുതാര്യത നഷ്‌ടപ്പെട്ട് അന്ധതയും വൃഷണങ്ങളില്‍ ബീജാണുക്കള്‍ (sperms) നശിക്കുന്നതിനാല്‍ പുരുഷവന്ധ്യതയും തലച്ചോറിലെ കോശങ്ങള്‍ക്കും ഡി.എന്‍.എയ്‌ക്കും കേടു സംഭവിക്കുന്നതുമൂലം തലകറക്കം, ഓര്‍മ്മക്കുറവ്, ബുദ്ധിമാന്ദ്യം തുടങ്ങിയവും കാന്‍സര്‍, നാഡീക്ഷയരോഗങ്ങള്‍ എന്നിവയും ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഇതുകൂടാതെ കൊച്ചുകുട്ടികളില്‍ മൂത്രം നിയന്ത്രിക്കുവാനുള്ള കഴിവ് നഷ്‌ടപ്പെടുന്നതുമൂലം കുട്ടികള്‍ക്ക് എപ്പോഴും മൂത്രം പൊയ്‌ക്കൊണ്ടിരിക്കും.
മൊബൈല്‍ ഫോണും മലയാളികളും മൊബൈല്‍ ഫോണുകള്‍ ഗുണകരമാണെങ്കിലും ഗുണത്തേക്കാള്‍ ഏറെ അത് ദോഷമായാണ് നമ്മുടെ ഇടയില്‍ പ്രത്യക്ഷപ്പെട്ടത്. സാങ്കേതിക വിദ്യയുടെ കണ്ടുപിടിത്തങ്ങള്‍ ജനങ്ങളുടെ നന്മയ്‌ക്കും ക്ഷേമത്തിനും സര്‍വ്വോപരി അനായാസമായ ജീവിതത്തിനും വേണ്ടി ഉപയോഗിക്കണമെന്ന ശാസ്‌ത്രസത്യത്തെ വളച്ചൊടിക്കുകയാണ് കുത്തക മുതലാളിമാര്‍. എങ്ങനെയും ലാഭം കൊയ്യുക എന്ന ലക്ഷ്യത്തോടുകൂടി എന്തു കുതന്ത്രങ്ങള്‍ വേണമെങ്കിലും അവര്‍ കാട്ടും. ആരംഭകാലത്ത് സമ്പന്നരുടെ മാത്രം കൈകളില്‍ ഒതുങ്ങി നിന്ന മൊബൈല്‍ ഫോണുകള്‍ പട്ടിണിപ്പാവങ്ങളുടെ കൈകളില്‍കൂടി എത്തിച്ചെങ്കില്‍ മാത്രമേ ഇന്ത്യയിലെ മുഴുവന്‍ ജനങ്ങളേയും ചൂഷണം ചെയ്യുവാന്‍ കഴിയൂ എന്ന് ഇവര്‍ കണ്ടെത്തി. ഇതിനായി അംബാനി സഹോദരങ്ങള്‍ സ്വന്തം പിതാവിന്റെ, കാണാത്ത സ്വപ്‌നത്തെ വരെ വിറ്റുകാശാക്കി. ഈ ലക്ഷ്യത്തോടുകൂടിയാണ് റിലയന്‍സ് കമ്പനി ``ഗരീബോം കി ഫോണ്‍'' എന്ന പേരില്‍ 500 രൂപയുടെ മൊബൈല്‍ അവതരിപ്പിച്ചത്. 500 രൂപയ്‌ക്ക് മൊബൈല്‍ ഫോണുകള്‍ നല്‍കുമെന്ന് ധീരുഭായ് അംബാനി സ്വപ്‌നം കണ്ടത് (എന്ന് അംബാനിയുടെ മക്കള്‍ പറയുന്നു) ഇന്ത്യയിലെ ജനങ്ങളുടെ താല്‌പര്യം സംരക്ഷിക്കുവാന്‍ വേണ്ടിയായിരുന്നില്ല. 500 രൂപയക്ക് മൊബൈല്‍ ഫോണ്‍ ലഭിച്ചപ്പോള്‍ കപ്പലണ്ടിക്കച്ചവടക്കാരന്‍ വരെ ഫോണ്‍ വാങ്ങിക്കൂട്ടി. അനായാസം കൈകാര്യം ചെയ്യാന്‍ സാധിച്ചതുമൂലം അവന്‍ മൊബൈല്‍ ഫോണിന് അടിമയായി മാറി. ആ ഫോണില്‍ റിലയന്‍സിന്റെ സിംകാര്‍ഡ് മാത്രമേ ഉപയോഗിക്കുവാന്‍ കഴിയൂ എന്ന സത്യത്തിന് അവന്‍ യാതൊരു വിലയും കല്‌പിച്ചില്ല. തന്മൂലം മൊബൈല്‍ രംഗത്ത് റിലയന്‍സിന് തങ്ങളുടെ കുത്തക സ്ഥാപിച്ചെടുക്കുവാന്‍ സാധിച്ചു. (മൈക്രോ സോഫ്‌റ്റു കമ്പനി തന്നെ വിന്‍ഡോസിന്റെ പൈരേറ്റഡ് കോപ്പീസ് വിറ്റഴിച്ച്, നമ്മുടെ കംപ്യൂട്ടറുകളില്‍ വിന്‍ഡോസ് മാത്രം ഉപയോഗിക്കുവാന്‍ കൂട്ടു നിന്നതുപോലെ).
കേരളത്തിലെ 3.5 കോടി ജനങ്ങളില്‍ 2.5 കോടി ജനങ്ങളും ഫോണുകള്‍ ഉപയോഗിക്കുന്നവരാണ്. ബാക്കി ഒരു കോടി വരുന്ന കുട്ടികളും വൃദ്ധരും മാത്രമാണ് ഫോണുകള്‍ സ്വന്തമായി ഉപയോഗിക്കാതുള്ളൂ. ഈ 2.5 കോടി ഫോണുകളിലൂടെ ഒരു മാസം 472 കോടി രൂപയുടെ കോളുകളാണ് നമ്മള്‍ വിളിക്കുന്നത്. അതില്‍ 100 കോടി രൂപ `ഐഡിയ'ക്കാര്‍ക്കുമാത്രം സ്വന്തമാണ്. ഒരു വര്‍ഷം 1200 കോടി രൂപയുടെ വരുമാനമാണ് നമ്മള്‍ ഐഡിയ കമ്പനിക്കാര്‍ക്കു നല്‍കുന്നത്. ബി.എസ്.എന്‍.എല്‍. മൊബൈല്‍ 63 കോടി രൂപയുടെ ലാഭം ഒരു മാസം കൊയ്യുമ്പോള്‍, ബി.എസ്.എന്‍.എല്ലിന്റെ ലാന്‍ഡ് ഫോണ്‍ മാത്രം ഒരു മാസം 112 കോടി രൂപ ലാഭം ഉണ്ടാക്കുന്നു. (ബി.എസ്.എന്‍.എല്ലിന്റെ ബഹുഭൂരിപക്ഷം ഓഹരികള്‍ സ്വകാര്യ കമ്പനികളുടെ പക്കലാണെന്ന കാര്യം വിസ്‌മരിക്കരുത്).
കേരളത്തില്‍ മൊത്തം 2.5 കോടി ഫോണുകളാണുള്ളത്. ഇതില്‍ 1.45 കോടിയും മൊബൈല്‍ ഫോണുകളാണ്. മൊബൈല്‍ ഫോണുകള്‍ മലയാളിയുടെ നിത്യജീവിതത്തിന്റെ ഭാഗമായി മാറി അഥവാ മാറ്റി. പണ്ടൊക്കെ ഒട്ടുമിക്ക നമ്പരുകളും മനഃപാഠമാക്കിയിരുന്നവര്‍ ഇന്ന് ആ നമ്പരുകളെല്ലാം മൊബൈലിന്റെ മെമ്മറിയിലാക്കിയതോടുകൂടി അവന്റെ തനതു `മെമ്മറി' സ്വയം ഇല്ലാതാക്കി. ഈ മൊബൈല്‍ ഫോണ്‍ മോഷണം പോയെങ്കില്‍ അതൊടുകൂടി അവന് സമൂഹവുമായുള്ള ബന്ധം തല്‌ക്കാലത്തേക്ക് വിഛേദിക്കപ്പെടുന്നു.
കുട്ടികള്‍ `അച്ചാ', `അമ്മേ' എന്നാണ് ആദ്യമായി മൊഴിഞ്ഞിരുന്നതെങ്കില്‍ ഇന്ന് `ഐഡിയ', `വോഡാ' എന്നൊക്കെയാണ് വിളിക്കുന്നത്. ഐഡിയ സ്റ്റാര്‍ സിംഗറും മഞ്ച് സ്റ്റാര്‍ സിംഗറുമാണ് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഇഷ്‌ടപ്പെട്ട പ്രോഗ്രാമുകള്‍. ഐഡിയ സ്റ്റാര്‍ സിംഗര്‍ ജേതാവിന് 50 ലക്ഷം രൂപയുടെ ഫ്‌ളാറ്റാണ് ആദ്യം നല്‌കിയെതെങ്കില്‍ പിന്നീടത് 2 കോടി രൂപയാക്കി ഉയര്‍ത്തി. ഒരു മാസം സ്റ്റാര്‍ സിംഗര്‍ പ്രോഗ്രാമിലേക്ക് എസ്.എം.എസ്. അയയ്‌ക്കുമ്പോള്‍ നമ്മള്‍ ഐഡിയക്കാര്‍ക്ക് നല്‍കുന്നത് കോടികളാണ്. ``പലതുള്ളി പെരുവെള്ളം'' എന്നതുപോലെ നമ്മുടെ പോക്കറ്റിലെ ചെറിയ നാണയത്തുട്ടുകള്‍ വരെ ഊറ്റിയെടുത്ത് കോടീശ്വര ലിസ്റ്റില്‍ ഒന്നാമനാകാനായി മത്സരിക്കുകയാണ് ഈ മൊബൈല്‍ ഫോണ്‍ കമ്പനികള്‍.
നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ കേരളീയത്തെയും രചയിതാവിനെയും അറിയിക്കുക. അതിനായി ഏറ്റവും മുകളിലുള്ള post feedback സംവിധാനം ഉപയോഗിക്കുക.
|