Last Updated Date: Mon 02 Aug, 2010 12:05:09
Home | About Us | Contact Us | Classifieds | Advertisement Tariff |
ATTENTION >
 
സമര്‍പ്പണം
മുഖപ്രസംഗം
കേരളീയ ദര്‍പ്പണം
ലേഖനങ്ങള്‍
അഭിമുഖം
അപ്രിയസത്യങ്ങള്‍
കവര്‍ സ്റ്റോറി
മോഹന്‍ലാല്‍
പ്രതികരണങ്ങള്‍
കവിത
കഥ
ഹാസ്യം
കാര്‍ട്ടൂണ്‍
സ്‌പോര്‍ട്‌സ്‌
സിനിമ
ആരോഗ്യം
ശാസ്‌ത്രലോകം
ഓഷോ ലോകം
നമ്മുടെ മന്ത്രിമാര്‍
പഴയ താളുകള്‍
 


 
കഥ
Print this page    Email this page   Post Feedback


നക്ഷത്രങ്ങള്‍ മിന്നുന്നതെന്തുകൊണ്ട്‌?
- ഗിരീഷ്‌

കേരളീയം യുവപ്രതിഭാ പുരസ്‌കാരത്തിനു വേണ്ടിയുള്ള കഥ, കവിത, ലേഖന
മത്സരത്തില്‍ കഥ വിഭാഗത്തില്‍ ഒന്നാം സ്ഥാനം നേടിയ കൃതി. 
കണ്ണൂര്‍, കോയിപ്ര സ്വദേശിയായ ഗിരീഷ്‌ ആണ്‌ രചയിതാവ്‌.
വിലാസം :- `രേവതി, കോയിപ്ര, വെള്ളോറ പി.ഒ., എം.എം.ബസാര്‍, കണ്ണൂര്‍ - 670306



എല്ലാവരും അടുത്തുണ്ടായിരിക്കുമ്പോള്‍ ഒറ്റക്കിരിക്കാന്‍ തോന്നുക. ആരുമില്ലാത്ത നേരങ്ങളില്‍ എല്ലാവരും കൂടെ വേണമെന്നു തോന്നുക. പലരും പലതും പറഞ്ഞു. ഭ്രാന്താണെന്ന്‌ ആരും പറഞ്ഞില്ല. ``സുകൂ, സ്വപ്‌നങ്ങള്‍, ഓര്‍മ്മകള്‍, ജീവിതം ഇതെല്ലാം ഒന്നാണെന്ന്‌ കരുതരുത്‌. വര്‍ത്തമാനകാലത്തിനോട്‌ പൊരുത്തപ്പെട്ടു ജീവിക്കാത്തതുമാത്രമാണ്‌ നിന്റെ പ്രശ്‌നം''. വാക്കുകള്‍ അടുക്കിവച്ച്‌ ജയശീലന്‍ ഒരിക്കല്‍ തന്റെ പ്രശ്‌നത്തെ ഭംഗിയായി നിര്‍വ്വചിച്ചതാണ്‌. മഴ ഇപ്പോഴും നിര്‍ത്താതെ പെയ്‌തുകൊണ്ടിരുന്നു. ഇന്നലെ രാത്രി മുഴുവനും മഴ പെയ്‌തു. മഴ സുന്ദരിയാണ്‌. എന്നാലും എത്രനേരമാണ്‌ നോക്കിനില്‍ക്കുക. സുകുമാരന്‌ മടുപ്പു തോന്നി.

ബസ്സിപ്പോള്‍ കടവാനാടും കടന്ന്‌ ചെക്കിത്തോടിനരികിലൂടെ ഓടുന്നുണ്ടാവും. അമ്മ നല്ല ഉറക്കമായിരിക്കും. അച്ഛന്‍ മുട്ടിവിളിക്കുന്നതുവരെ ഉറങ്ങിക്കൊണ്ടിരിക്കും. മേശപ്പുറത്തെ മൊബൈല്‍ ഫോണില്‍ നിന്ന്‌ സുപ്രഭാതം പാടാന്‍ തുടങ്ങി. സമയം എട്ടുമണി. സുകുമാരന്‍ അലാറം ഓഫാക്കി. ഇല്ലെങ്കില്‍ അഞ്ചുമിനിട്ട്‌ കഴിഞ്ഞ്‌ പിന്നെയും അടിക്കും. മഴയിപ്പോള്‍ പെയ്യുന്നത്‌ പ്രണയം ബാക്കിവച്ച പെണ്‍കുട്ടിയുടെ നിഴലുപോലെയാണ്‌. വരാനും പോകാനും മടിക്കുന്നതുപോലെ. ചെക്കിത്തോടിന്റെ കരകളില്‍ മഴപാറിത്തുടങ്ങുമ്പോള്‍ മഴപ്പാറ്റകള്‍ക്കൊപ്പം രാഘവേട്ടനും നടക്കാനിറങ്ങും. പിന്നെ ഇടവഴികളില്‍ റോഡുകളില്‍ ചാലുകള്‍ കീറി ഓരോ തുള്ളി വെള്ളവും ചെക്കിത്തോട്ടിലേക്ക്‌ ഒഴുക്കിവിടും. തങ്ങള്‍ അനാഥരല്ലെന്ന ബോധത്തോടെ ചെക്കിത്തോട്ടില്‍ അവ കെട്ടിപ്പുണരും.

``ചെപ്പു കിലുക്കണ ചങ്ങാതി...''
മേശപ്പുറത്ത്‌ മൊബൈല്‍ പാടാന്‍ തുടങ്ങി. അച്ഛനായിരിക്കും. അവര്‍ വീട്ടിലെത്തിയിരിക്കും.
``സുകൂ, ഞാന്‍ വീട്ടിലേക്ക്‌ പോകുന്നു. തിങ്കളാഴ്‌ച കാലത്ത്‌ വരും''
മറ്റേ തലയ്‌ക്കല്‍ ഫൗസിയ ആയിരുന്നു.
ഒരുപാടു ദിവസമായി അവളെ കണ്ടിട്ട്‌. അച്ഛനും അമ്മയും വരുമ്പോള്‍ രാവിലെ അവള്‍ ഇവിടെ ഉണ്ടായിരുന്നു. വന്നവരെ പരിചയപ്പെട്ട്‌ ഒരു ഗ്ലാസ്‌ ചായയും കുടിച്ച്‌ അവള്‍ പോയി. പോകുമ്പോള്‍ അമ്മയുടെ കൈപിടിച്ച്‌ അവള്‍ പറഞ്ഞു ``പിന്നെ വരാം''.
``നല്ല കുട്ടി'' അവള്‍ പോയ ഉടനെ അമ്മ പറഞ്ഞു.
അച്ഛന്‍ ഒന്നും ചോദിച്ചില്ല. ഇല്ലെങ്കിലും അവളെക്കുറിച്ച്‌ ചോദിച്ചാല്‍ ഒന്നും പറയാനും തന്റെ കയ്യിലില്ല. തിരിച്ചുപോകാന്‍ ബസ്സു കയറുമ്പോള്‍ പറഞ്ഞു ``നിന്റെ കാര്യത്തില്‍ ഞങ്ങള്‍ക്ക്‌ പിടിവാശികളൊന്നുമില്ല. ഇനി അധികം വൈകണ്ട കാര്യമില്ല'. വെറുതേ മൂളി.

ഇന്ന്‌ വെള്ളി. ഫൗസിയ തിങ്കളാഴ്‌ചയേ വരൂ. എന്തിനായിരിക്കും അവള്‍ പോയിരിക്കുക. അച്ഛന്‍ ഇനിയും വിളിച്ചിട്ടില്ല. ഒരു ചായ കുടിക്കണം. വീടു പൂട്ടി പുറത്തേക്കിറങ്ങി. പുറത്ത്‌ പത്രം വീണുകിടക്കുന്നു. എടുത്ത്‌ ജനല്‍കമ്പിക്കിടയില്‍ തിരുകിവച്ചു. ദൂരെ റോഡിലൂടെ ദേവകി നടന്നുപോകുന്നു. സാരി മുട്ടുവരെ കയറ്റിപ്പിടിച്ച്‌ കെട്ടികിടന്ന മഴവെള്ളം നനയാതെ ദേവകി നടന്നുപോകുന്നതും നോക്കി സുകുമാരന്‍ നിന്നു.

``മഴ പെയ്യുമ്പോള്‍ ദേവകിക്ക്‌ മുല്ലപ്പൂവിന്റെ മണമാണ്‌. അവള്‍ക്കൊരിക്കലും ഫോറിന്‍ അത്തറുകളുടെ മണമായിരുന്നില്ല. അവളുള്ളപ്പോള്‍ രാത്രിക്കെന്നും നീളം കുറവായിരുന്നു. വേശ്യയെന്ന്‌ വിളിക്കാന്‍ തുടങ്ങുമ്പോള്‍ ഓരോ പെണ്ണിനും അവളുടെ മനസ്സ്‌ നഷ്‌ടപ്പെട്ടിരിക്കും'' വിയര്‍പ്പില്‍ കുതിര്‍ന്ന്‌ ഉറങ്ങാന്‍ കഴിയാത്ത രാത്രികളില്‍ നെടുവീര്‍പ്പുകള്‍ക്കിടയില്‍ മാധവേട്ടന്‍ ദേവകിയെക്കുറിച്ച്‌ സംസാരിക്കും.

ജനല്‍പാളികള്‍ക്കിടയിലൂടെ പുറം ലോകത്തെ കാണുന്നതാണ്‌ ഇന്ന്‌ കൂടുതല്‍ സുരക്ഷിതത്വം. പുറത്തേക്കിറങ്ങിയാല്‍ അറിയാതെ കാഴ്‌ചയുടെ ഭാഗമാവും. പിന്നെ കാഴ്‌ചവസ്‌തുവും. അതുകൊണ്ട്‌ കള്ളനെപോലെ അകത്തുനിന്നും പുറത്തേക്ക്‌ ഒളിഞ്ഞുനോക്കുക. ആരവങ്ങള്‍ക്കിടയിലൂടെ നടന്നുപോകുന്ന ആരോ ചീത്തയാക്കി വേശ്യയാക്കിയ പെണ്ണിനെ പുലഭ്യം പറയുക. പിന്നെ ജനലുകള്‍ക്കിപ്പുറത്ത്‌ നിഴല്‍വെളിച്ചത്തില്‍ അവളെ അനുഭവിക്കുക, അതുകൊണ്ടുതന്നെ പകല്‍വെളിച്ചത്തില്‍ നീ മാന്യനായിരിക്കും.

ചായ കുടിച്ചിരിക്കുമ്പോഴാണ്‌ അച്ഛന്‍ വിളിച്ചത്‌. അവര്‍ വീട്ടിലെത്തിയപ്പോള്‍ പത്തുമണിയായി. അമ്മ ഇപ്പോള്‍ ലീലയോട്‌ വിശേഷങ്ങള്‍ പറയുന്നുണ്ടാവും.
``കേസിനേതായാലും ഞാനില്ല. അവളെടുത്തോട്ടെ. അവള്‍ക്കുമുമ്പേ ഞാന്‍ വന്നു, അവള്‍ക്ക്‌ മുമ്പേ ഇറങ്ങുന്നു. ഭാഗം വയ്‌ക്കുക, അതിരുകെട്ടുക അതിനൊന്നും ഇനി വയ്യ'' ഒന്നും കാണിക്കുന്നില്ലെങ്കിലും ഉള്ളില്‍ അച്ഛന്‌ മനപ്രയാസമുണ്ട്‌.
സ്വന്തം മണ്ണില്‍ നിന്ന്‌ നാടുകടത്തുക, നാട്‌ അന്യമാവുക. ചെക്കിത്തോടിന്റെ കുന്നുകളില്‍ നിന്ന്‌ വേരുകള്‍ മാഞ്ഞുപോകും. അമ്മയ്‌ക്കൊരിക്കലും വിഷുപക്ഷിയുടെ പാട്ടുകേള്‍ക്കാന്‍ കഴിയില്ല. ഫൗസിയ പറയാറുണ്ട്‌ ``ബന്ധങ്ങള്‍ കണക്കുപറയുമ്പോഴാണ്‌ മനുഷ്യന്‍ അനാഥനാവുന്നത്‌. അവധി ദിനങ്ങള്‍ക്കായി ഇനി പുതിയ നാടുകള്‍ കണ്ടുപിടിക്കേണ്ടിയിരിക്കുന്നു. വേവലാതിപൂണ്ട പോലീസുകാരനേപോലെയാണ്‌ മനസ്സിപ്പോള്‍. അവള്‍ ആകാശത്തിനു താഴെ എന്തിനെക്കുറിച്ചും സംസാരിക്കും. ആകാശത്തിനപ്പുറം സ്വപ്‌നം കാണും. അവളോട്‌ സംസാരിക്കുമ്പോഴാണ്‌ തനിക്ക്‌ ഒന്നും അറിയില്ല എന്ന്‌ തോന്നുക.
``എടാ മൗനം വാചാലമാണെന്ന്‌ പറയുന്നതൊക്കെ ശരിയാണ്‌. പക്ഷെ, മൗനം ഒരിക്കലും മനസ്സിനെ പൂര്‍ണ്ണമായും കയ്യടക്കരുത്‌''
ആകാശത്ത്‌ നക്ഷത്രങ്ങളില്ലാത്ത ഒരു രാത്രിയില്‍ അവള്‍ ചോദിച്ചു
``സുകു ബഹായി ധര്‍മ്മത്തേക്കുറിച്ച്‌ കേട്ടിട്ടുണ്ടോ?''
``ഇല്ല''
``അതൊരു മതധര്‍മ്മമാണ്‌'' അവള്‍ പറഞ്ഞുതുടങ്ങി. ``വിശാല ചിന്തകളും സര്‍വ്വവും ഉള്‍ക്കൊള്ളുന്നതും തത്ത്വദര്‍ശനങ്ങളില്‍ മനുഷ്യകാരുണ്യവുമുള്ള ഒരു മഹത്തായ ധര്‍മ്മം. ദൈവാവതാരങ്ങളുടെ ഐക്യമാണ്‌ അവരുടെ സ്വപ്‌നം''
``ചെപ്പു കിലുക്കണ ചങ്ങാതി...'
``ഹലോ ഫൗസിയ''
``സുകൂ.. അവിടെ ഇപ്പോഴും മഴയുണ്ടോ?''
``ഇല്ല, മഴപ്പാറല്‍ മാത്രം''
``ഇവിടെ ഭയങ്കര ചൂടാണ്‌. നാളെ എന്താ പരിപാടി?''
``ഒന്നും ഇതുവരെ തീരുമാനിച്ചിട്ടില്ല''
``ഇങ്ങോട്ടു പോരുന്നോ?''
ഫൗസിയ ആദ്യമായാണ്‌ നാട്ടിലേക്ക്‌ വിളിക്കുന്നത്‌. ഇവിടുന്ന്‌ അടുത്താണെങ്കില്‍ കൂടി.
``ശരി, എങ്ങിനെ വരും''
``11 മണിക്ക്‌ ഒരു വണ്ടിയുണ്ട്‌, ലോക്കല്‍. 5 മണിക്കൂര്‍ യാത്ര, നാലുമണിക്ക്‌ ഇവിടെയെത്തും. സ്റ്റേഷനില്‍ ഞാന്‍ കാത്തുനില്‍ക്കാം''.
ഇപ്പോള്‍ സമയം പത്തര. ഒരു സെറ്റ്‌ ഡ്രസ്സും മേശപ്പുറത്തുള്ള പഴയ രണ്ട്‌ മാഗസിനും എടുത്ത്‌ ബാഗില്‍ വച്ചു. വീടുപൂട്ടി ഇറങ്ങി. സ്റ്റേഷനില്‍ നല്ല തിരക്കാണ്‌. ക്യൂവില്‍ നിന്നാല്‍ ഇന്നത്തെ പോക്ക്‌ നടക്കില്ല. റയില്‍വേ പോലീസുകാരന്‍ കാണാതെ മുന്നില്‍ നിന്ന ഒരാളോട്‌ പറഞ്ഞ്‌ ടിക്കറ്റെടുത്തു. സ്റ്റേഷനിലെ തിരക്ക്‌ തീവണ്ടിയിലുണ്ടായിരുന്നില്ല. ഒരു പെണ്‍കുട്ടിക്ക്‌ മുഖം കൊടുത്ത്‌ ജനലിനരുകില്‍ ഇരുന്നു. അവളോടൊന്ന്‌ ചിരിച്ചെങ്കിലും മുഖം തിരിച്ചു കളഞ്ഞു. ഒരുപാടു പേര്‍ ഒരേ ഭാഗത്തേക്ക്‌ പോയിക്കൊണ്ടിരിക്കുന്നു. എല്ലാം അപരിചിതര്‍. മുമ്പോട്ടുള്ള യാത്രയില്‍ ഒരു കൈ സഹായം ആരും വാഗ്‌ദാനം ചെയ്യുന്നില്ല. ചിലര്‍ ഉറങ്ങുന്നു. ചിലര്‍ പത്രം വായിക്കുന്നു. ചിലര്‍ വെറുതേ നെടുവീര്‍പ്പിടുന്നു. ട്രയിന്‍ അടിച്ചുവൃത്തിയാക്കി ഒരു 12 വയസ്സുകാരി നാണയത്തുട്ടിനായി കൈനീട്ടി. അഞ്ചുരൂപയുടെ ഒരു നാണയം മാത്രമേ ഉണ്ടായിരുന്നുള്ളൂ. അത്‌ അവള്‍ക്ക്‌ കൊടുത്തൂ.
``ആള്‍ക്കൂട്ടത്തിനിടയിലെ അനാഥത്വം, അതെനിക്ക്‌ സഹിക്കാന്‍ കഴിയാത്തതാണ്‌''. ബാഗില്‍ നിന്ന്‌ പഴയ മാഗസിന്‍ എടുത്ത്‌ മറിച്ചുനോക്കി. ഒരു കാമുകിയുടെ അനാഥത്വം, സ്വപ്‌നങ്ങള്‍, അവളുടെ മാതൃത്വം, വേദനിക്കുന്ന ഓര്‍മ്മകളില്‍ സ്വപ്‌നമായി ജീവിക്കുന്ന മകള്‍ മസാബ, നീനാഗുപ്‌ത ഓര്‍മ്മകള്‍ അയവിറക്കുകയാണ്‌. അവരുടെ വേദനയില്‍ പങ്കുചേര്‍ന്നപോലെ വണ്ടി തുരങ്കത്തിലൂടെ നുഴഞ്ഞുകയറി കുറച്ചുനേരം ഇരുട്ടില്‍ നിന്നു.

സ്റ്റേഷനില്‍ ഫൗസിയ കാത്തു നില്‍ക്കുന്നുണ്ടായിരുന്നു. ആളൊഴിഞ്ഞ സ്റ്റേഷനില്‍ നിന്നും വിണ്ടുകീറി പൊടിപറക്കുന്ന റോഡിലേക്ക്‌ ഫൗസിയക്കൊപ്പം നടന്നു. ഓടിട്ട നീളന്‍ കെട്ടിടത്തിനുമുന്നില്‍ അവളുടെ കാറു ദൂരെനിന്ന്‌ കണ്ടു. അവളുടെ പിറകേ സുകുമാരനും അകത്തേക്കു കയറി. ``അനാഥാലയമാണോ?'' സംശയം ഉള്ളില്‍ തന്നെ അടച്ചിട്ടു, ചോദിച്ചില്ല. എന്തോ എഴുതുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്ന ദൈവത്തിന്റെ മണവാട്ടിമാര്‍, ഓടിക്കളിക്കുന്ന കുറച്ച്‌ കുട്ടികള്‍. സംശയം ആരും പറയാതെ തന്നെ തീര്‍ന്നു. ഫൗസിയ എല്ലാവരെയും പരിചയപ്പെടുത്തി. തന്റെ പേരും പറഞ്ഞ്‌ കുട്ടികള്‍ക്ക്‌ ലഡു കൊടുത്തു. സമയം ഏഴുമണി ആകുന്നു. ഫൗസിയ തിരക്കിലായിരുന്നു. എന്തൊക്കെയോ ചെയ്‌തു തീര്‍ക്കാനുള്ള ഒരു വെപ്രാളത്തിലായിരുന്നു അവള്‍. രാത്രി ഭക്ഷണം അവിടെത്തന്നെയായിരുന്നു. പിരിയന്‍ ഗോവണിയിലൂടെ ടെറസില്‍ കയറി. അവിടെ മലര്‍ന്ന്‌ കിടന്നു.
``സുകൂ, എന്റെ നാടിനേക്കുറിച്ച്‌ എന്തു തോന്നുന്നു?''
``നിന്റെ വീട്ടില്‍ പോകണ്ടേ?''
അവള്‍ ആകാശത്തേക്ക്‌ നോക്കി. നക്ഷത്രങ്ങള്‍ വളരെ കുറച്ചേ ഉണ്ടായിരുന്നുള്ളൂ.
``ഓരോ ബീജവും ഗര്‍ഭപാത്രം തേടി അലയുമ്പോള്‍ തന്നെ ജീവജാലങ്ങള്‍ക്ക്‌ ആദ്യ ഇരിപ്പിടം നഷ്‌ടപ്പെട്ടിരിക്കും. ഗര്‍ഭപാത്രം ഒരിടത്താവളം പോലെയാണ്‌. അവിടെ നിന്ന്‌ ചിലര്‍ കൂരകള്‍ക്കിടയിലും മറ്റു ചിലര്‍ ആകാശത്തിന്‌ താഴെയും ഉപേക്ഷിക്കപ്പെടും. അനാഥരെന്ന പേരില്‍ മാലാഖമാര്‍ അവരെ ആകാശത്തിനു താഴെ വളര്‍ത്തും. പിന്നീട്‌ അവരുടെ ആത്മാക്കള്‍ ആകാശത്തില്‍ നക്ഷത്രങ്ങളായി പരിണമിക്കും''.
സുകുമാരന്‍ ഒന്നും പറഞ്ഞില്ല.
``ഒന്ന്‌, രണ്ട്‌, മൂന്ന്‌... പതിനെട്ടു നക്ഷത്രങ്ങള്‍'' ഫൗസിയ ആകാശത്തിലെ തിളങ്ങുന്ന നക്ഷത്രങ്ങളെ ഒന്നുകൂടെ എണ്ണാന്‍ തുടങ്ങി. ഭൂതകാലത്തിന്റെ ഇടനാഴിയിലേക്ക്‌ വഴുതിവീഴും വരെ അവര്‍ പിന്നെയും എന്തൊക്കെയോ പറഞ്ഞുകൊണ്ടിരുന്നു.

``നമുക്കൊന്ന്‌ നടക്കാനിറങ്ങാം'' ഒരു കപ്പു ചായയുമായി ഫൗസിയ രാവിലെ മുറിയില്‍ വന്നു. മൂന്നു ഗോതമ്പുദോശയും തിന്ന്‌ നാടുചുറ്റാന്‍ ഇറങ്ങി. ഭയങ്കര ചൂട്‌, വേഴാമ്പലിനേപോലെ മഴ കാത്തുനില്‍ക്കുന്ന നാടാണ്‌ ഇത്‌. കുറേ നടന്ന്‌ അരയാലിന്റെ വേരില്‍ തളര്‍ന്നിരുന്നു.
``അച്ഛനും അമ്മയും എപ്പോഴാണ്‌ വരിക?''
``അറിയില്ല, ഏതുദിവസവും വരാം''
``സുകൂ... ബന്ധങ്ങള്‍ വില പറയുന്നതിനുമുമ്പേ നമുക്കും വിടപറയണം. ഇല്ലെങ്കില്‍ നമ്മളും അളന്നുതൂക്കപ്പെടും''.
അവള്‍ ചോദിച്ചു ``നക്ഷത്രങ്ങള്‍ മിന്നുന്നതെന്തിനാണ്‌ സുകൂ? അതാരെയോ വിളിക്കുകയാണ്‌ ''. നീണ്ട മൗനം.
``സുകു പോകുമ്പോള്‍ എന്റെ കാറ്‌ കൊണ്ടുപൊയ്‌ക്കോളൂ... ഞാന്‍ ഒരാഴ്‌ച കൂടി കഴിഞ്ഞേ വരുന്നുള്ളൂ''
മനുഷ്യസഹജമായ മടിയും മടുപ്പും. ഒന്നും ചെയ്യാന്‍ തോന്നുന്നില്ല. വന്നതിനുശേഷം ഒരിക്കല്‍പോലും ഫൗസിയ വിളിച്ചിട്ടില്ല. ഒരുപാടു കാര്യങ്ങള്‍ ഓഫീസില്‍ തന്നെ ബാക്കിയാണ്‌. എന്നിട്ടും നേരത്തേ ഇറങ്ങി, വരുന്നവഴിക്ക്‌ കാറ്‌ എവിടെയോ ഒന്ന്‌ ഉരസി. അതൊന്ന്‌ ശരിയാക്കണം. അത്‌ പറയാന്‍ ഫൗസിയയേ വിളിച്ചെങ്കിലും സ്വിച്ച്‌ ഓഫായിരുന്നു. എം.ജി.റോഡില്‍ ഒരു മിന്നായം പോലെ കണ്ടു. റോഡിനരികിലൂടെ നടന്നുപോകുന്നു. രാഘവേട്ടനാണോ? ഓടി പുറകിലെത്തി. തൊട്ടുവിളിക്കാന്‍ കൈനീട്ടി. പിന്നെ കൈ പുറകോട്ടു വലിച്ചു. വേണ്ട, ഇനി രാഘവേട്ടനാണെങ്കിലോ?
ഓടി കിതച്ച്‌ വീട്ടിനുള്ളിലെ കണ്ണാടിക്ക്‌ മുന്നില്‍ കിതപ്പോടെ നിന്നു. കിഴക്കേപ്പറമ്പില്‍ സുകുമാരന്‍ തന്നെ എന്ന്‌ ഉറപ്പുവരുത്തി. മനസ്സ്‌ ദ്രവിച്ചു തുടങ്ങുമ്പോഴാണ്‌ ചിന്തകള്‍ മരിക്കാന്‍ തുടങ്ങുക. അമാവാസിയുടെ കറുത്ത ഇരുട്ടില്‍ നമുക്ക്‌ കണ്ണടയ്‌ക്കാം. പിന്നെ പകല്‍വെളിച്ചത്തിന്റെ നഗ്നതയേ കുറ്റപ്പെടുത്താം.

വീട്ടിലേക്ക്‌ വിളിച്ചു
``നാളത്തേക്ക്‌ രണ്ട്‌ ടിക്കറ്റ്‌ എടുത്തിട്ടുണ്ട്‌. മറ്റന്നാള്‍ അവിടെ എത്തും. മോനേ, അച്ഛന്റെ കുഴമ്പും എണ്ണയും അവിടെ കിട്ടില്ലേ? കുറച്ചുവാങ്ങാം, തീര്‍ന്നാല്‍ ഇങ്ങുവരാന്‍ പറ്റില്ലല്ലോ? ഒരു ദിവസം പോലും മുടക്കാന്‍ പറ്റില്ല''.
മനസ്സിനുള്ളില്‍ ആദ്യമായി അച്ഛനോടും അമ്മയോടും വെറുപ്പുതോന്നി.
അന്ന്‌ രാവിലെ കാറെടുത്തിറങ്ങുമ്പോള്‍ ഫൗസിയ പറഞ്ഞു.
``സുകൂ, ഞാനൊരു സ്വപ്‌നം കണ്ടു''
``എന്തു സ്വപ്‌നം?''
``വരണ്ട മണ്ണില്‍ ആമ്പല്‍ വിരിഞ്ഞിരിക്കുന്നു. മഴവെള്ളം വലിച്ചെടുത്ത്‌ അരയാലിന്റെ വേരുകളില്‍ നിന്ന്‌ ആദ്യതുള്ളി ഇറ്റുവീഴുമ്പോള്‍ ഇവിടെ എല്ലാ കിണറുകളിലും ഉറവപൊട്ടും. എന്നാണാവോ മഴപെയ്യുക?''
അവളവിടെ നക്ഷത്രങ്ങള്‍ എണ്ണുന്നുണ്ടാവും. സുകുമാരന്‍ ആകാശത്തേക്ക്‌ നോക്കി. ഒരുപാടു നക്ഷത്രങ്ങളില്‍ ഒന്നുമാത്രമേ മിന്നുന്നുണ്ടായിരുന്നുള്ളൂ. സുകുമാരന്‍ പിന്നെയും സൂക്ഷിച്ചു നോക്കി. ഇല്ല, ഒന്നുമാത്രമേ മിന്നുന്നുള്ളൂ.
``സുകൂ'' ആരോ വിളിക്കുന്നതുപോലെ തോന്നി
``നക്ഷത്രങ്ങള്‍ മിന്നുന്നത്‌ എന്തുകൊണ്ടാണ്‌''
``നക്ഷത്രങ്ങള്‍ അനാഥരുടെ ആത്മാക്കളല്ലേ''
സുകുമാരന്‍ ചുറ്റും നോക്കി.
അവളൊന്ന്‌ വിളിച്ചിരുന്നെങ്കില്‍...

<< Back to List

 

Advertise domain names




 

Home | About Us | Contact Us | Classifieds
User Agreement | Privacy Policy | Copyright Policy Copyright Keraleeyam 2008 All Rights Reserved.

Use of this site is subject to express terms of use, which prohibit commercial use of this site. By continuing past this page, you agree to abide by these terms.