|
|
|
 |
എന്താണ് ഫ്രീ സെക്‌സ് ? ഭാഗം അഞ്ച്
-ഓഷോയില്‍ നിന്ന്
|
നമ്മുടെ മിക്കവാറും സൗന്ദര്യസങ്കല്‍പങ്ങളും സദാചാരനിയമങ്ങളും അപ്രാകൃതികങ്ങളാണ്, തന്നിഷ്‌ടാനുസാരിയാണ്, അപ്രായോഗികങ്ങളാണ്. സദാചാരത്തിന്റെ പേരില്‍ തികഞ്ഞ അസാധ്യതകളെ നാം നമ്മില്‍ തന്നെ അടിച്ചേല്‍പിച്ചിരിക്കുന്നു. അവ ഹേതുവായി ദുരാചാരം അനിയന്ത്രിതമായിരിക്കുന്നു. നമ്മുടെ സദാചാര സങ്കല്‍പനം തന്നെ ദുരാചാരപരമാണെന്ന് പറയുന്നത് വിചിത്രമായി തോന്നാം - സദാചാരമാണ് ദുരാചാരത്തെ ജനിപ്പിക്കുന്നത് - എന്നാല്‍ അതൊരു വസ്‌തുതയാണ്. ഇന്ന് ഞാന്‍ ഒരാളെ സ്‌നേഹിക്കുകയാണെങ്കില്‍ നാളെ മറ്റാരെയും സ്‌നേഹിക്കുകയില്ലെന്ന് അവനോ അവള്‍ക്കോ വാഗ്‌ദാനം നല്‍കാന്‍ ആവുമോ? അക്കാര്യത്തില്‍ ഉറപ്പുനല്‍കുക അസാധ്യമാണ്. നാളെയെക്കുറിച്ച് എനിക്കെങ്ങിനെയാണ് സംസാരിക്കുവാന്‍ ആവുക? ഇനിയും വരേണ്ടതായിട്ടുള്ള നാളെകളെക്കുറിച്ച്. ഇനിയും അറിയാനിരിക്കുന്ന ഒരു വ്യക്തിയെക്കുറിച്ച് എനിക്കെങ്ങിനെയാണ് സംസാരിക്കാന്‍ ആവുക? ഞാന്‍ അത്തരമൊരു വാഗ്‌ദാനം നല്‍കുകയാണെങ്കില്‍ നാളെ ബുദ്ധിമുട്ടുകള്‍ ഉദയം ചെയ്യാതിരിക്കാന്‍ ഇടയില്ല. നാളെ, എന്റെ പ്രതിജ്ഞയെക്കുറിച്ച്, എന്റെ വാഗ്‌ദാനത്തേക്കുറിച്ച് ബോധവാനല്ലാത്ത ഒരു വ്യക്തി രംഗത്ത് പ്രത്യക്ഷപ്പെടാനിടയുണ്ട്. നാളെ എന്റെ ഹൃദയം - മനസ്സിന്റെ ആകപ്പാടെ വ്യത്യസ്‌തമായ ഒരവസ്ഥ ഉദയം ചെയ്യാന്‍ ഇടയുണ്ട്. ഇന്നു ഞാന്‍ നടത്തുന്ന വാഗ്‌ദാനത്തെക്കുറിച്ച് അവബോധമില്ലാത്ത ഒരവസ്ഥ. നാളെ മറ്റൊരു വ്യക്തിയുമായി ഞാന്‍ പ്രേമത്തില്‍ വീഴുകയാണെങ്കില്‍ ഈ വാഗ്‌ദാനം, ഈ പ്രതിജ്ഞ ആ പ്രേമത്തിന് തടസ്സമായിത്തീരുകയും ചെയ്യും.
നാളെ ഞാന്‍ മറ്റൊരു വ്യക്തിയുമായി പ്രേമത്തില്‍ വീഴുകയാണെങ്കില്‍ - അത് അസാധ്യമായ ഒരു കാര്യവുമല്ല - എനിക്ക് രണ്ട് ഗത്യന്തരങ്ങളെയാണ് അഭിമുഖീകരിക്കേണ്ടിവരിക. അപ്പോള്‍ ഒരു വശത്തെനിക്ക് ഒളിവിലുള്ള ഒരു പ്രേമബന്ധത്തില്‍ കടക്കേണ്ടി വരും. മറുവശത്ത് എന്നത്തേക്കും ഞാന്‍ പ്രേമിക്കുമെന്നു വാഗ്‌ദാനം ചെയ്‌തിട്ടുള്ള വ്യക്തിയെ പ്രേമിക്കുകയാണെന്ന് ഭാവിക്കുകയും വേണം. അതാണ് ചുറ്റും സംഭവിച്ചുകൊണ്ടിരിക്കുന്നത്. എന്നാല്‍ യഥാര്‍ത്ഥ സ്‌നേഹത്തെ ഭൂമിക്കടിയിലേക്ക് പോകാന്‍ നിര്‍ബന്ധിച്ചിട്ട് വ്യാജപ്രേമത്തിന്റെ തേര്‍വാഴ്‌ച നടത്തുന്ന ഈ സമൂഹം ദുരാചാരപരവും വൈരൂപ്യമാര്‍ന്നതും ആയ ഒന്നല്ലേ? അതുകൊണ്ട് വിവാഹത്തെ ഞാന്‍ ദുരാചാരമായി പരിഗണിക്കുന്നു. ദുരാചാരപരമായ ഒരു സമൂഹത്തിന്റെ കരകൗശവുമാണത്. വിവാഹമാണെങ്കില്‍ അതിന്റെ മുറയ്‌ക്ക് ആയിരത്തൊന്ന് ദുരാചാരങ്ങള്‍ക്ക് ജന്മം നല്‍കുകയും ചെയ്യും. വ്യഭിചാരവൃത്തി അവയിലൊന്നാണ്, അത് വിവാഹത്തിന്റെ ഒരു ഉല്‍പന്നമാണ്. വിവാഹവ്യവസ്ഥയെ ശക്തവും പൂജാര്‍ഹവുമായിത്തീര്‍ക്കാന്‍ ആളുകള്‍ ഉദ്ദ്യേശിക്കുന്നിടത്ത്, ഉടന്‍ വ്യഭിചാരവൃത്തി പ്രത്യക്ഷപ്പെടും.
ഇന്ത്യന്‍ പുരാണങ്ങളിലെ സാവിത്രിയെപ്പോലുള്ള ഭാര്യമാരുടെ ചാര്യത്ര്യത്തെ വ്യഭിചാരിണികളാണ് സംരക്ഷിച്ചുനിര്‍ത്തുന്നത്. ഭാര്യമാരുടെ ചാരിത്ര്യത്തെ നിങ്ങള്‍ക്ക് രക്ഷിച്ചു നിര്‍ത്തേണ്ടതുണ്ടെങ്കില്‍ വ്യഭിചാരിണിയാണ് അതിനുത്തരം. ഒരു ഭാര്യ, അവളുടെ ഭര്‍ത്താവ് ഒരു വേശ്യയെ സമീപിക്കുന്നതിന്, അയാള്‍ അയാളുടെ അയല്‍ക്കാരന്റെ ഭാര്യയുമായി സ്‌നേഹത്തില്‍ വീഴുന്നതിനേക്കാള്‍ മുന്‍ഗണന നല്‍കും. കാരണം സ്‌നേഹം നിമഗ്നാവലാണ്, അതുകൊണ്ട് ഭാര്യമാര്‍ വ്യഭിചാരവൃത്തിയെ സമ്മതിച്ചുകൊടുക്കുന്നു. എന്നാല്‍ അവര്‍ക്ക്, അവരുടെ ഭര്‍ത്താക്കന്മാര്‍ മറ്റു സ്‌ത്രീകളുമായി പ്രേമത്തില്‍ വീഴുന്നത് സമ്മതിച്ചുകൊടുക്കാന്‍ ആവുകയില്ല.
ലൈംഗികതയോ പ്രമേമോ പ്രകൃത്യാനുസാരമാണെന്നും അവയെ പ്രകൃത്യാനുസാരമായി സ്വീകരിക്കപ്പെടണമെന്നും ഞാന്‍ പറയുമ്പോള്‍, സദാചാരപരമായ പോറ്റിവളര്‍ത്തലാല്‍, വ്യവസ്ഥീകരിക്കപ്പെട്ടവനും വിലകളുടെ ഭാരം പേറുന്നവനും ആയ ഒരു വ്യക്തിയെ അത് ബുദ്ധിമുട്ടില്‍ ആക്കപ്പെടുമെന്ന വാദവുമായി നിങ്ങളതിനെ എതിര്‍ക്കുന്നു. ഞാന്‍ നിങ്ങളോട് പറയുന്നു, ആ വ്യക്തി ഇതിനകം തന്നെ ആഴത്തിലുള്ള ബുദ്ധിമുട്ടിലാണെന്നും ഞാനിവിടെ പറഞ്ഞുകൊണ്ടിരിക്കുന്നത് അയാളുടെ ബുദ്ധിമുട്ടില്‍ നിന്നും സ്വതന്ത്രനാവാന്‍ സഹായിക്കുമെന്നും. അയാള്‍ ഇതിനകം തന്നെ ധാരാളം പ്രയാസങ്ങളാലും പ്രശ്‌നങ്ങളാലും വലയം ചെയ്യപ്പെട്ടിരിക്കുന്നു. ആഴത്തിലുള്ള ജലത്തില്‍ മുങ്ങിത്താണുകൊണ്ടിരിക്കുകയല്ലാതെ പിന്നെയെവിടെയാണാ മനുഷ്യന്‍? അയാള്‍ വാസ്‌തവത്തില്‍ മുങ്ങിത്താണുകൊണ്ടിരിക്കുന്നു. എന്നാല്‍ നമ്മള്‍ ആ പ്രയാസങ്ങള്‍ ഒന്നും കാണുന്നില്ല. കാരണം അവ അത്രയ്‌ക്കു പഴക്കമുള്ളതാണ്. നമ്മളാണെങ്കില്‍ അവയുമായി അത്രയ്‌ക്കു പഴകിപ്പോയിരിക്കുന്നു. ഒരു രോഗം കാലപ്പഴക്കം വന്നതാണെങ്കില്‍ നമ്മളത് മറയ്‌ക്കാനുള്ള പ്രവണത കാണിക്കുന്നു. ഞാന്‍ പറയുന്നത് ഒരു പുതിയ ബുദ്ധിമുട്ടുളവാക്കും എന്നല്ല അതിനര്‍ത്ഥം. എന്നാല്‍ നിങ്ങളുടെ പഴയ ശീലങ്ങളെ, നിങ്ങളുടെ പഴയ വ്യവസ്ഥീകരണങ്ങളെ കൈവെടിയുവാന്‍ ഇത് നിങ്ങളോട് ആഹ്വാനം ചെയ്യും എന്നാണ് അതിനര്‍ത്ഥം. നിങ്ങളെ സംബന്ധിച്ചിടത്തോളം വാസ്‌തവത്തില്‍ കഠിനം തന്നെയാണത്.
എന്നാല്‍ ജീവിതത്തെ അതിന്റെ തനിമയാലും പ്രകൃത്യാനുസരവും സ്വയംവര്‍ത്തിതവും ആയും സ്വീകരിക്കുവാന്‍ മാനവരാശി ഒരുദിവസം സമ്മതിക്കുകയാണെങ്കില്‍, അപ്രാകൃതികങ്ങളും അസാധ്യങ്ങളുമായ സദാചാരങ്ങളെ, തങ്ങളില്‍ അടിച്ചേല്‍പിക്കുന്നത് ആളുകള്‍ അവസാനിപ്പിക്കുകയാണെങ്കില്‍, അപ്പോള്‍ ലക്ഷക്കണക്കിനു കൃഷ്‌ണന്മാര്‍ ഈ ഭൂമിയില്‍ ചുവടുവയ്‌ക്കും. അപ്പോള്‍ ഈ ഭൂമിയാകമാനം കൃഷ്‌ണന്മാരാല്‍ അഭിവ്യാപനം ചെയ്യും.
(തുടരും)
(കടപ്പാട് ഓഷോ കമ്മ്യൂണ്‍ ഇന്റര്‍നാഷ്‌ണല്‍ പൂന - 2004, ലൈംഗികതയുടെ അതിവര്‍ത്തനം എന്ന പുസ്‌തകത്തില്‍ നിന്ന്)
|
| << Back to List |
|
|
|
|